ഗോത്രകർഷകയ്ക്ക് സസ്യജനിതക സംരക്ഷണത്തിന് ദേശീയ അവാർഡ്
ഇന്ത്യ ഗവൺമെന്റിന്റെ പ്രൊട്ടക്ഷൻ ഓഫ് പ്ലാന്റ് വറൈറ്റിസ് ആൻഡ് ഫാർമേഴ്സ് റൈറ്സ് അതോറിറ്റി ഏർപ്പെടുത്തിയ ദേശീയ അവാർഡായ 2020-21 ലെ പ്ലാന്റ് ജീനോമി സേവിയർ ഫാർമേഴ്സ് റെക്കഗ്നേഷൻ ലഭിച്ചിരിക്കുന്നത് വിതുര മണിതൂക്കി ഗോത്രവർഗ്ഗ കോളനിയിലെ പടിഞ്ഞാറ്റിൻകര കുന്നുംപുറത്ത് വീട്ടിൽ പരപ്പിയ്ക്കാണ്. മക്കൾ തൂക്കി എന്ന പ്രത്യേക ഇനം പൈനാപ്പിൾ സംരക്ഷിച്ചു വളർത്തിയതിനാണ് അവാർഡ്. 1.50 ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് അവാർഡ്. 2023 സെപ്റ്റംബർ 12-ന് ന്യൂഡൽഹിയിൽ വച്ച് അവാർഡ് സമ്മാനിക്കും.
പ്രത്യേക നിർദ്ദേശത്തെത്തുടർന്ന് ഫാം ഇൻഫർമേഷൻ ബ്യൂറോ, തിരുവനന്തപുരം പ്രിൻസിപ്പൽ കൃഷി ഓഫീസ് ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ എന്നിവരുടെ നേതൃത്വത്തിലാണ് അപേക്ഷ സമർപ്പിച്ചത്. ഔദ്യോഗിക വസതിയിലേക്ക് താമസം മാറുന്ന ദിവസം പരപ്പിയും കുടുംബവും സമ്മാനിച്ച പ്രത്യേക ഇനം പൈനാപ്പിൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ദേശീയ അവാർഡിന് അപേക്ഷിക്കുന്നതിനായി നടപടി സ്വീകരിക്കാൻ നിർദ്ദേശിച്ചത്. സാധാരണ പൈനാപ്പിളുകളിൽ നിന്നും വ്യത്യസ്തമായി മക്കൾ വളർത്തി എന്നറിയപ്പെടുന്ന ഈ പൈനാപ്പിൾ, ചുവടുഭാഗത്ത് വൃത്താകാരത്തിൽ അടുക്കിവച്ചിരിക്കുന്ന 4, 5 ചക്കകളുണ്ടാകും. അതിനു മുകളിലായി നീണ്ടുകൂർത്ത അഗ്രവുമായി അമ്മചക്കയുമുണ്ടാകും. തലയിൽ കൂമ്പിനുപകരം കുന്തം പോലെ തളളി നിൽക്കുന്ന അറ്റമുളളതുകൊണ്ടു കൂന്താണി എന്ന വിളിപ്പേരുമുണ്ട്.