രാമച്ച കൃഷിക്കാവശ്യമായ എല്ലാ സഹായവും നൽകും
സംസ്ഥാന കൃഷി വകുപ്പിന്റെ ഘടക പദ്ധതികളിലുൾപ്പെടുത്തി ചാവക്കാട് മേഖലയിലെ രാമച്ച കൃഷിക്കാവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ നൽകുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. പുന്നയൂർക്കുളത്തു രാമച്ച കൃഷി ആരംഭിച്ചു. രാമച്ചത്തിൽ നിന്ന് മൂല്യവർദ്ധിത ഉല്പന്നങ്ങൾ ഉണ്ടാക്കുന്നതിനാവശ്യമായ യന്ത്രങ്ങൾ വാങ്ങുന്നതിന് കർഷകർക്ക് ധനസഹായം നൽകും. പത്ത് ലക്ഷം രൂപ വരെയുള്ള യന്ത്രങ്ങൾ വാങ്ങുന്നതതിന് 80 ശതമാനം തുക സർക്കാർ നൽകും. കൃഷി ക്കൂട്ടങ്ങൾ രൂപീകരിച്ച് മൂല്യവർദ്ധിതം, വിപണനം എന്നിവയ്ക്ക് പ്രാധാന്യം നൽകണം.അഗ്രോ ബിസ്നസ് വഴി രാമച്ച മൂല്യവർദ്ധിത ഉല്പന്നങ്ങളുടെ വിപണനം കാര്യക്ഷമമാക്കും. നാട്ടിലും മറുനാട്ടിലും ഇതു വഴി രാമച്ച വിപണനം നടത്താനാകും.
ചാവക്കാട് രാമച്ചത്തിന് ഭൗമ സൂചിക പദവി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. ഈ മേഖലയിൽ കൃഷി ചെയ്യുന്ന കർഷകരുടെ രാമച്ച ഉല്പന്നങ്ങൾക്ക് കൃഷി ഓഫീസറുടെ സർട്ടിഫിക്കറ്റ് ലഭ്യമായാൽ സംസ്ഥാന സർക്കാരിന്റെ പൊതു ബ്രാന്റായ കേരള ഗ്രോയിൽ ഉൾപ്പെടുത്തും. രാമച്ച ഉല്പന്നങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുന്നതിന് ഉല്പന്നങ്ങൾ മനോഹരമായി പാക്കിങ്ങ് നടത്താനാവശ്യമായ പരിശീലനം നൽകും. ബോംബയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കിങ്ങ് സ്ഥാപനത്തിൽ സർക്കാർ സൗജന്യ പരിശീലനം നൽകും. പാക്കിങ്ങിൽ ക്യൂആർ കോഡ് ഏർപ്പെടുത്തി വിപണനം നടത്തും. ചാവക്കാട് രാമച്ചത്തിന്റെ സുഗന്ധം ലോകത്തിനു മുന്നിൽ എത്തിക്കാൻ ശ്രമിക്കും.