Athirapilli Tribal Valley Agriculture Project as a model for the country
രാജ്യത്തിന് മാതൃകയായി അതിരപ്പിള്ളി ട്രൈബൽ വാലി  കാർഷിക പദ്ധതി 
 
രാജ്യത്തിനാകെ മാതൃകയായി ജൈവകൃഷി സാക്ഷ്യപത്രം, റെയ്ൻ ഫോറസ്റ്റ് അലയൻസ് സാക്ഷ്യപത്രം എന്നിവ ലഭിച്ച അതിരപ്പിള്ളി ട്രൈബൽ വാലി  കാർഷിക പദ്ധതി. പദ്ധതിയുടെ ഭാഗമായി ആദിവാസി കർഷകർ ഉല്പാദിപ്പിക്കുന്ന കാർഷിക ഉത്പന്നങ്ങളും വനവിഭവങ്ങളും സംസ്കരിക്കുന്നതിനും മൂല്യവർദ്ധനവ് നടത്തുന്നതിനുമായുള്ള സെൻട്രൽ പ്രോസസിംഗ് യൂണിറ്റിന്റെ  പ്രവർത്തനം ആരംഭിച്ചു.
 
സർക്കാർ പൊതുമേഖലാ രംഗത്ത് ഇത്തരം സാക്ഷ്യപത്രം ലഭിക്കുന്ന തെക്കേ ഇന്ത്യയിലെ ആദ്യ പദ്ധതിയാണ് അതിരപ്പിള്ളി ടൈ്രബൽ വാലി കാർഷിക പദ്ധതി. പദ്ധതിയുടെ നിർവഹണം അടുത്ത 2 വർഷത്തേക്ക് നീട്ടുകയും 2 കോടി 64 ലക്ഷം രൂപ ഇതിനായി ചെലവഴിക്കാൻ കഴിയുകയും ചെയ്യും. കേരളാഗ്രോ എന്ന ബ്രാൻഡിൽ അതിരപ്പിള്ളി ഉൽപ്പന്നങ്ങളും  വിപണിയിലെത്തിക്കുകയും കാർഷിക ഉൽപന്നങ്ങളുടെ സംഭരണം വർദ്ധിപ്പിക്കുവാൻ ആവശ്യമായ ഇടപെടലുകൾ നടത്തുകയും ചെയ്യും. കേരള അഗ്രി ബിസിനസ്സ് കമ്പനി  (കാബ്കോ) യാഥാർഥ്യമാകുന്നതോടുകൂടി പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് നേരിടുന്ന സാമ്പത്തിക പ്രയാസങ്ങൾക്ക് പരിഹാരമാകും.  
അതിരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ ആദിവാസി വിഭാഗത്തിൽപ്പെടുന്ന ജനവിഭാഗത്തിന്റെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും സമഗ്ര വികസനം ലക്ഷ്യമാക്കിയും കൃഷിവകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് അതിരപ്പിള്ളി ടൈ്രബൽവാലി കാർഷിക പദ്ധതി. അവർ ഉത്പാദിപ്പിക്കുന്ന കാർഷിക ഉൽപ്പന്നങ്ങളും സംഭരിക്കുന്ന വനവിഭവങ്ങളും ശേഖരിച്ച് മൂല്യവർദ്ധനവ് നടത്തി അതിരപ്പിള്ളി എന്ന ബ്രാൻഡിൽ വിപണിയിലെത്തിക്കുന്നതിനായി നടപ്പിലാക്കിയ പദ്ധതിയാണിത്. റീബിൽഡ് കേരള ഇനിഷ്യേറ്റീവ്, പരമ്പരാഗത കൃഷി വികാസ് യോജന, യുഎൻഡിപി എന്നിവയുടെ സാമ്പത്തിക സഹായത്തോടെയാണ് ഇൗ പദ്ധതി നടപ്പിലാക്കുന്നത്. 7 കോടി 91 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്.