Cashew development agency with plans to promote cashew cultivation

കശുമാവ് കൃഷി പ്രോത്സാഹിപ്പിക്കാൻ പദ്ധതികളുമായി കശുമാവ് വികസന ഏജൻസി

കശുമാവ് കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ആഭ്യന്തര ഉത്പാദനം വർധിപ്പിക്കാനും ലക്ഷ്യമിട്ട് കശുമാവ് വികസന ഏജൻസി സംസ്ഥാനത്ത് വിവിധ പദ്ധതികൾ നടപ്പാക്കുന്നു.

മുറ്റത്തൊരു കശുമാവ്

കുടുംബശ്രീ, തൊഴിലുറപ്പ്, റസിഡൻസ് അസോസിയേഷൻ, കശുവണ്ടി തൊഴിലാളികൾ, സ്‌കൂൾ-കോളേജ് കുട്ടികൾ, അഗ്രികൾച്ചർ ക്ലബുകൾ എന്നിവർക്കായി കശുമാവ് കൃഷി പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണ് മുറ്റത്തൊരു കശുമാവ്. 3 വർഷം കൊണ്ട് ഉത്പാദനം ലഭിക്കുന്ന പൊക്കം കുറഞ്ഞതും അധികം പടർന്ന് പന്തലിക്കാത്തതും വീട്ടുമുറ്റത്ത് വളർത്താവുന്ന ഹൈബ്രിഡ് തൈകളാണ് വിതരണം ചെയുന്നത്.

അതിസാന്ദ്രത കൃഷി

സാധാരണ നടുന്ന അകലത്തിൽ നിന്ന് വിഭിന്നമായി നടീലകലം കുറച്ച് തൈകൾ കൂട്ടി തുടക്കത്തിലെ ആദായം ലഭ്യമാക്കാനുള്ള കൃഷി രീതിയാണ് അതിസാന്ദ്രത കൃഷി. പദ്ധതി പ്രകാരം 5 മീറ്റർ:5 മീറ്റർ അകലത്തിൽ ഒരു ഹെക്ടറിൽ 400 തൈകൾ നടുവാനുള്ള ഗ്രാഫ്റ്റുകൾ സൗജന്യമായി ലഭ്യമാക്കും. തൈവില ഉൾപ്പെടെ 60, 20, 20 എന്ന ക്രമത്തിൽ 3 വാർഷിക ഗഡുക്കളായി നൽകും.

പുതുകൃഷി

ഗ്രാഫ്റ്റ് ചെയ്ത കശുമാവ് തൈകൾ സൗജന്യമായി നൽകുന്ന പദ്ധതിയാണ് പുതുകൃഷി. തൈ വില ഉൾപ്പെടെ 60,20,20 എന്ന ക്രമത്തിൽ 3 വാർഷിക ഗഡുക്കളായി നൽകും. 200 തൈകൾ 7 മീറ്റർ: 7 മീറ്റർ അകലത്തിൽ ഒരു ഹെക്ടർ സ്ഥലത്ത് കൃഷി ചെയ്യാം.

അതീവ സാന്ദ്രത കൃഷി

മേൽത്തരം കശുമാവ് ഗ്രാഫ്റ്റ് തൈകൾ ഉപയോഗിച്ച് ഒരു ഹെക്ടർ സ്ഥലത്ത് നിന്ന് ഒരു മെട്രിക് കശുവണ്ടി സ്ഥിരമായി ഉത്പാദിപ്പിക്കാൻ സഹായകമാകുന്ന രീതിയിലുള്ള കാർഷിക പ്രോത്സാഹനമാണ് അതീവ സാന്ദ്രത കൃഷി പദ്ധതി. ഒരു ഹെക്ടറിന് 1100 തൈകൾ കർഷകർക്ക് നൽകി പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന കർഷകർ സ്വന്തം തുള്ളിനന ഫെർട്ടിഗേഷൻ സൗകര്യം ഒരുക്കണം. പദ്ധതി നടപ്പാക്കുന്നതിനായി ഒരു ഹെക്ടറിന് 66000 രൂപ തൈയുടെ വില ഉൾപ്പെടെ ഗുണഭോക്താക്കൾക്ക് ആനുകൂല്യമായി നൽകും.

വിവരങ്ങൾക്ക് 0474-2760456, 9496045000. kasumavukrishi.org