ഞങ്ങളും കൃഷിയിലേക്ക് എന്ന ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഒരു ലക്ഷം പോഷക തോട്ടങ്ങൾ സ്ഥാപിക്കും. കാർഷിക ഉത്പാദന വർദ്ധനവിന് പ്രാമുഖ്യം നൽകിക്കൊണ്ട് പഴം- പച്ചക്കറി- ഇല-കിഴങ്ങ് വർഗ്ഗങ്ങളിൽ സ്വയം പര്യാപ്തത കൈവരിക്കുകയാണ് ലക്ഷ്യം.
കേരളത്തിൽ നെല്ലിന്റെ ഉൽപാദനം വർദ്ധിച്ചിട്ടുണ്ട്. പച്ചക്കറി ഉൽപാദനം വർധിക്കുന്നതിനൊപ്പം സുരക്ഷിതവും ആയിരിക്കണം. അതിനുള്ള പരിശ്രമം ജനകീയ കൂട്ടായ്മകളിലൂടെ സാധ്യമാക്കണം. ആവശ്യമായ പച്ചക്കറികൾ സ്വയം കൃഷി ചെയ്ത് ഉണ്ടാക്കുന്നതിലൂടെ സുരക്ഷിതഭക്ഷണം എന്ന ആശയം പ്രായോഗികമാക്കാൻ കഴിയും.
പച്ചക്കറി ഉൽപാദനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ നിരവധിയായ വികസന പ്രവർത്തനങ്ങൾ പ്രാവർത്തികമാക്കേണ്ടതുണ്ട്. 5 ഇനം ഹൈബ്രിഡ് പച്ചക്കറികളുടെ വിത്തുകൾ കർഷകർക്ക് വിതരണം ചെയ്യും. ഹൈബ്രിഡ് വിത്തിനങ്ങൾക്കൊപ്പം നാടൻ ഇനങ്ങളെയും പ്രോത്സാഹിപ്പിക്കും. കൃഷിക്കൂട്ടങ്ങൾ, എ ഗ്രേഡ് ക്ലസ്റ്റർ എന്നിവ കേന്ദ്രീകരിച്ച് ഉൽപാദന വർദ്ധനവ് സാധ്യമാക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളെ പദ്ധതിയുമായി സഹകരിപ്പിക്കും. സംഭരണത്തിനും വിപണത്തിനുമായി കോൾഡ് സ്റ്റോറേജുകൾ കൃഷിവകുപ്പിന്റെ പദ്ധതികളുടെ ഭാഗമായി തയ്യാറാക്കും.