കേരളാഗ്രോ ബ്രാൻഡിന്റെ 191 മൂല്യവർധിത ഉത്പന്നങ്ങൾ ആമസോൺ, ഫ്ളിപ്പ്കാർട്ട് അടക്കമുള്ള ഓണലൈൻ വിപണികളിൽ വിൽപനക്കെത്തിച്ചു. കാർഷിക വികസന-കർഷക ക്ഷേമ വകുപ്പിന്റെ പന്തളം കരിമ്പ് വിത്തുത്പാദന കേന്ദ്രത്തിൽ ശർക്കര ഫില്ലിംഗ് മെഷീനിന്റെ പ്രവർത്തനം ആരംഭിച്ചു.
കർഷകർക്ക് കൂടുതൽ വരുമാനം നേടാനാവുന്ന ഒരു പ്രധാന മാർഗം കാർഷിക വിളകളിൽ നിന്നും മൂല്യവർധിത ഉത്പന്നങ്ങൾ തയ്യാറാക്കുക എന്നതാണ്. വിപണിയിലെത്തുന്ന വസ്തുക്കളുടെ ഗുണമേന്മയും ബ്രാൻഡിന്റെ പേരും പ്രധാന ഘടകങ്ങളാണെന്ന് തിരിച്ചറിഞ്ഞാണ് സർക്കാർ കേരളാഗ്രോ എന്ന ബ്രാൻഡ് രൂപീകരിച്ചത്. 2023 അവസാനത്തോടെ നൂറ് മൂല്യവർധിത ഉത്പന്നങ്ങൾ ഓൺലൈൻ വിപണിയിൽ എത്തിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ഈ വർഷം പകുതിയായപ്പോൾ തന്നെ 191 മൂല്യവർധിത ഉത്പന്നങ്ങൾ ഓൺലൈൻ പ്ലാറ്റുഫോമുകളിൽ വിൽപനക്കെത്തിക്കാൻ സാധിച്ചത് വലിയ നേട്ടമാണ്.
കീടനാശിനികളോ മറ്റു രാസവസ്തുക്കളോ തുടങ്ങിയ വസ്തുക്കൾ ഒന്നും ഉപയോഗിക്കാതെ നിർമിക്കുന്ന ശർക്കരക്ക് ഇന്ന് മാർക്കറ്റിൽ ആവശ്യക്കാർ ഏറെയാണ്. പന്തളത്ത് മാത്രമല്ല, സമീപപ്രദേശങ്ങളിലെ കരിമ്പ് കർഷകർക്കും ഏറെ പിന്തുണയും പിൻബലവുമാവുന്ന രീതിയിലാണ് വിത്തുല്പാദന കേന്ദ്രത്തിന്റെ പ്രവത്തനം. വിഷരഹിതമായ കരിമ്പ് കൃഷി ചെയ്ത് കർഷകർ എത്തിക്കുമ്പോൾ, കേന്ദ്രത്തിൽ അത് യഥാസമയം വില നൽകി സംഭരിച്ച്, സംസ്കരിച്ച് മികച്ച ഉത്പന്നമായി വിപണിയിലെത്തിക്കണം. ആകർഷകമായ പാക്കിംഗ് പോലെയുള്ള മാർക്കറ്റിംഗ് രീതികൾ ഉപയോഗിച്ച് വിപണിയിൽ ഇന്നുള്ള ഡിമാൻഡ് വർധിപ്പിക്കണം. അതിനായി ക്യു.ആർ കോഡ് അടക്കമുള്ള സാങ്കേതിക വിദ്യകൾ പാക്കിംഗ് കവറുകളിൽ ഉൾപെടുത്തണം.
നാടിന്റെ നെല്ലറയായ പന്തളത്ത് നിന്നും 2007 മുതൽ വിപണി കീഴടക്കി മുന്നോട്ട് പോകുന്ന, ഏറെ ആവശ്യക്കാരുള്ള ഒരു ഉത്പന്നമാണ് പന്തളം ശർക്കര. ശർക്കര ഫില്ലിംഗ് മെഷീനിന്റെ വരവോടെ കൂടുതൽ വേഗത്തിൽ, കൃത്യതയോടെ പാക്കിംഗ് നടക്കുന്ന സംവിധാനമാണ് ഇപ്പോൾ സ്ഥാപിച്ചിട്ടുള്ളത്.