കൃഷി ഉദ്യോഗസ്ഥർ കൃഷിയിടങ്ങളിലേക്ക് ഇറങ്ങി ചെല്ലുകയും കർഷകർക്ക് ആവശ്യമായ സേവനങ്ങൾ കൃഷിയിടങ്ങളിൽ വച്ച് തന്നെ ഓൺലൈൻ ആയി നൽകുകയും ചെയ്യുന്ന തരത്തിലേക്ക് കൃഷിഭവനുകളുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയാണ്. സേവനങ്ങൾ സ്മാർട്ട് ആക്കുന്നതിനാണ് പ്രഥമ പരിഗണന. കാർഷിക മേഖലയുടെ വളർച്ചയോടൊപ്പം കർഷകർക്ക് കൃഷി വകുപ്പ് നൽകിവരുന്ന സേവനങ്ങൾ വളരെ വേഗത്തിലും സുതാര്യമായും നൽകുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചു.
കേരളത്തിലെ കാർഷിക മേഖല വളർച്ചയുടെ പാതയിലാണ്. കൃഷിവകുപ്പ് നടപ്പിലാക്കിയ ഞങ്ങളും കൃഷിയിലേക്ക് ക്യാമ്പയിന്റെ വിജയത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക് വളരെ വലുതാണ്. ജീവിതശൈലി രോഗങ്ങൾ വർദ്ധിച്ചുവരുന്ന ഈ സാഹചര്യത്തിൽ ഓരോ വീടുകളിലും ആവശ്യമായ പച്ചക്കറികൾ സ്വയം ഉല്പാദിപ്പിക്കണം. വിദേശ ഇനങ്ങൾ ഉൾപ്പെടെ പഴങ്ങളും പച്ചക്കറികളും നമ്മുടെ മണ്ണിൽ സുലഭമായി ഉണ്ടാകുന്നു. ഇവയുടെ വിളbവിസ്തൃതി വർധിപ്പിച്ചും കൂടുതൽ ഉൽപാദനക്ഷമതയുള്ള ഇനങ്ങളെ തെരഞ്ഞെടുത്തു കൊണ്ടും കാർഷിക ഉത്പാദനം വർദ്ധിപ്പിക്കേണ്ടതായിട്ടുണ്ട്.
കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് മികച്ച വിപണി ലഭ്യമാകേണ്ടതുണ്ട്. അതിനായി കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ബിസിനസ് മീറ്റുകൾ ആരംഭിച്ചു. ഈ വർഷത്തിൽ 100 കോടി രൂപയുടെ വിപണി കണ്ടെത്തുകയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 2023 ഫെബ്രുവരിയിൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ആദ്യ ബി ടു ബി മീറ്റിൽ കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് 39.76 കോടി രൂപയുടെ വിപണി കണ്ടെത്തി. തുടർന്ന് ഹരിപ്പാടും ചേർത്തലയുമായി നടത്തിയ ബിസിനസ് മീറ്റുകളിൽ 3.26, 1.18 കോടി രൂപയുടെയും കാർഷിക ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്തി. അടുത്ത ബി2ബി മീറ്റ് കോന്നി കേന്ദ്രീകരിച്ച് നടത്തേണ്ടതുണ്ടെന്നും അതിലൂടെ കോലിഞ്ചി ഉൾപ്പെടെയുള്ള കാർഷിക ഉൽപ്പന്നങ്ങളുടെ വിപണി ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ കൃഷിയുമായി ബന്ധപ്പെട്ട് സംരംഭകരാകുവാൻ ആഗ്രഹിക്കുന്നവർക്ക് അതിനാവശ്യമായ സഹായങ്ങൾ കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന ഡി പി ആർ ക്ലിനിക്കുകളിലൂടെ സാധ്യമാക്കും.