കരുതലും കൈത്താങ്ങും അദാലത്ത്:
നീണ്ടപാറ പ്രദേശത്തെ കാട്ടാന ശല്യം; റാപ്പിഡ് റെസ്പോൺസ് ടീമിനെ നിയോഗിക്കും
കവളങ്ങാട് പഞ്ചായത്തിലെ നീണ്ടപാറ പ്രദേശത്ത് അടിയന്തരമായി വെള്ളിയാഴ്ച ലോക്കൽ റാപ്പിഡ് റെസ്പോൺസ് ടീമിനെ ( ആർ ആർ ടി ) നിയോഗിക്കണമെന്ന് നിർദ്ദേശം നൽകി. പ്രദേശത്തെ രൂക്ഷമായ കാട്ടാനശല്യത്തിനെതിരെ ഓലിക്കൽ വീട്ടിൽ ഒ.ആർ പീതാംബരൻ കരുതലും കൈത്താങ്ങും കോതമംഗലം അദാലത്തിൽ സമർപ്പിച്ച അപേക്ഷയെ തുടർന്നാണ് മൂന്നാർ ഡിവിഷൻ ജില്ലാ ഫോറസ്റ്റ് ഓഫീസർക്ക് നിർദേശം നൽകിയത്.
എല്ലാദിവസവും ആർ ആർ ടി വൈകിട്ട് ആറിനു ശേഷം പ്രദേശത്ത് സന്ദർശനം നടത്തണം. എസ് എഫ് ഒ യുടെ നേതൃത്വത്തിൽ ടീമിനെ നിശ്ചയിക്കണം. ടീമിൻ്റെ ഫോൺ നമ്പർ പ്രദേശവാസികൾക്ക് നൽകണം. ആർ ആർ ടി ക്ക് സഞ്ചരിക്കാൻ വാഹന സൗകര്യം ഏർപ്പാടാക്കുന്നതിന് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റിനും (എപിസിസിഎഫ്) അദാലത്തിൽ നിർദേശം നൽകി.
കാട്ടാനയുടെ ശല്യം മൂലം പ്രദേശത്തുകൂടെ സഞ്ചരിക്കുന്നത് ഭയത്തോടെയാണെന്നും കാർഷിക വിളകൾക്ക് നാശനഷ്ടം സംഭവിക്കുന്നുണ്ടെന്നും പീതാംബരൻ പരാതിയിൽ പറയുന്നു. കൃഷി നാശത്തിനുള്ള നഷ്ടപരിഹാരവും പ്രദേശത്ത് ഫെൻസിങ്ങ് സ്ഥാപിക്കുന്നത് വേഗത്തിലാക്കണമെന്നും പരാതിയിലുണ്ട്. എന്നാൽ കൃഷി നാശത്തിനുള്ള അപേക്ഷയിൽ കൃഷി കാട്ടാന നശിപ്പിച്ചതായി തെളിയിക്കുന്ന ഫോട്ടോകൾ ഇ-ഡിസ്ട്രിക്ട് പോർട്ടലിൽ സമർപ്പിച്ചിട്ടില്ല. ഇത് ലഭിക്കുന്നതിന് അനുസരിച്ച് തുക അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകി. പ്രദേശത്ത് ഫെൻസിങ്ങ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ ഫണ്ട് അനുമതി ലഭിക്കുന്ന അവസരത്തിൽ ആരംഭിക്കും.