കാർഷിക വിളകളുടെ വൈവിധ്യവും കർഷകരുടെ അവകാശങ്ങളും സംരക്ഷിക്കുന്നതിനായി കേന്ദ്ര കൃഷി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന പ്രൊട്ടക്ഷൻ ഓഫ് പ്ലാന്റ് വെൈററ്റീസ് ആൻഡ് ഫാർമേഴ്സ് റൈറ്റ്സ് അതോറിറ്റി, കേരളത്തിലെ കർഷക സമൂഹങ്ങളുടെ പരമ്പരാഗത വിളയിനങ്ങളിൻമേലുള്ള അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള കേന്ദ്രമായി കേരള കാർഷിക സർവകലാശാലയെ അംഗീകരിച്ചു. 2001 ലെ പി പി വി എഫ് ആർ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ട വിളയിനങ്ങളുടെ വികസനത്തിൽ ഗണ്യമായ സംഭാവന നൽകിയിട്ടുള്ള കേരളത്തിലെ കർഷക സമൂഹങ്ങൾക്ക് നഷ്ട പരിഹാരം ലഭിക്കുന്നതിനായുള്ള അവകാശം ഫയൽ ചെയ്യുന്നതിനായി വ്യക്തികൾക്കോ സംഘടനകൾക്കോ കേരള കാർഷിക സർവകലാശാലയെ സമീപിക്കാവുന്നതാണ്. ഇതിനായി കർഷകർ ഫീസ് ഒടുക്കേണ്ടതില്ല. വയൽവിളകൾ, പച്ചക്കറികൾ, ഫലവർഗവിളകൾ, വൃക്ഷങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, പുഷ്പവിളകൾ, തോട്ടവിളകൾ എന്നിവയെ സംബന്ധിച്ച അവകാശങ്ങൾ കേരള കാർഷിക സർവകലാശാല പരിഗണിക്കുകയും അതോറിറ്റിക്കു പരിശോധന റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്യും എന്ന് കേന്ദ്രസർക്കാർ ഗസറ്റ് നോട്ടിഫിക്കേഷൻ വ്യക്തമാക്കി. കേരളത്തത്തിന്റെ പരമ്പരാഗത ഇനങ്ങൾ സംരക്ഷിക്കുന്നതിന് കേരള കാർഷിക സർവകലാശാലയ്ക്കു ലഭിച്ച പ്രസ്തുത പദവി ഏറെ സഹായകമാകും.