കാർഷിക സംരംഭങ്ങൾക്ക് വേണ്ടിയും വ്യവസായ സംരംഭങ്ങൾക്ക് വേണ്ടിയും ആലപ്പുഴ ജില്ലയിൽ മുഖാമുഖം നടത്തിയ ആദ്യത്തെ ബിസിനസ് (ബി2ബി) മീറ്റ് കൃഷിദർശൻ വേദിയിൽ കൃഷിവകുപ്പ് സംഘടിപ്പിച്ചു. മീറ്റിൽ 31 ഇടപാടുകളിലായി ഹരിപ്പാടിന്റെ പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് 3.23 കോടി രൂപയുടെ ഇൻഡന്റുകളാണ് ഒപ്പു വച്ചത്. ഇതിൽ പച്ചക്കറികൾ 73.93 ലക്ഷം, വാഴപ്പഴം 58.65 ലക്ഷം, തേൻ ഉൽപ്പന്നങ്ങൾ 13.38 ലക്ഷം, നാളികേരം 69.84 ലക്ഷം, കിഴങ്ങുവർഗ്ഗങ്ങൾ 74.88 ലക്ഷം, മറ്റു കാർഷിക മൂല്യവർധിത ഉൽപ്പന്നങ്ങൾ 29.26 ലക്ഷം, മറ്റുള്ളവ 3 ലക്ഷം എന്നിവ ഉൾപ്പെടും.
കാർഷിക ഉത്പാദകർക്കും വ്യവസായ സംരംഭകർക്കും ഒത്തു ചേരാനും സംവദിക്കാനും കൃഷിദർശൻ ബി2ബി മീറ്റ് വേദിയിലൂടെ സാധ്യമായി. പരിപാടിയോടനുബന്ധിച്ച് ഉത്പാദകർ/ സംരംഭകർക്കും (സെല്ലേഴ്സ്), വ്യവസായ/സംഭരണ സംരംഭകർക്കും (ബയേഴ്സ്) രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യം ലഭ്യമാക്കിയിരുന്നു. പരിപാടിയിൽ പങ്കെടുക്കുന്നതിനായി 40 സെല്ലേഴ്സും, 20 ബയേഴ്സുമാണ് രജിസ്ട്രേഷൻ പൂർത്തീകരിച്ചത്.
കർഷകർ, കൃഷിക്കൂട്ടങ്ങൾ, കാർഷികോത്പാദക സംഘടനകൾ, സംരംഭകർ തുടങ്ങിയവർക്ക് തങ്ങളുടെ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും പരിചയപ്പെടുത്തുന്നതിനും അവസരം ഒരുക്കുന്നതോടൊപ്പം കർഷകരുടെ പരമാവധി ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതിനും, ബയേഴ്സുമായി ഉടമ്പടികളിൽ ഏർപ്പെടുന്നതിനും ബി2ബി വേദിയിലൂടെ അവസരം സൃഷ്ടിച്ചു. പ്രധാനമായും നാളികേരം, സുഗന്ധവ്യഞ്ജനങ്ങൾ, വാഴപ്പഴം, ധാന്യങ്ങൾ, ഭൗമ സൂചിക പദവി ലഭിച്ച കാർഷിക ഉത്പന്നങ്ങൾ, ഔഷധ സസ്യങ്ങൾ തുടങ്ങിയ ഉത്പന്നങ്ങളാണ് പ്രദർശിപ്പിച്ചത്. സംരംഭകരിൽ നിന്നും ഉത്പന്നങ്ങൾ വാങ്ങുന്നതിനായി മൊത്തക്കച്ചവടക്കാർ, എക്സ്പൊട്ടേഴ്സ് , കർഷക ഗ്രൂപ്പുകൾ, മൂല്യവർധിത സംരംഭകർ തുടങ്ങിയവർ ബയേഴ്സ് ആയി പങ്കെടുത്തു.