കർഷകരുടെ ഉത്പന്നങ്ങൾക്ക് വിപണി ലഭ്യമാക്കുന്നതിനുള്ള നടപടികൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും വൈഗ റിസോഴ്സസ് സെന്ററുകൾ സ്ഥാപിക്കും. കേരളത്തിലെ എല്ലാ പ്രദേശത്തുമുള്ള കർഷകർക്കു ഗുണപ്രദമാകുന്ന തരത്തിൽ ബിസിനസ് മീറ്റുകൾ സംഘടിപ്പിക്കുക, അവരുടെ ഉൽപ്പന്നങ്ങൾ സംസ്കരിച്ച് മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക, കർഷകരുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ധനസഹായം കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങളിൽ വേണ്ട സഹായങ്ങൾ ചെയ്യുക തുടങ്ങി കർഷകർക്ക് മൂല്യ വർദ്ധന മേഖലയിലേക്ക് കടന്നുവരുന്നതിനുള്ള എല്ലാ പ്രവർത്തനങ്ങളും റിസോഴ്സ് സെന്ററുകൾ വഴി ഏകോപിപ്പിക്കും.

കർഷകരുടെ ഉത്പന്നങ്ങൾ സംസ്കരിച്ചും വൈവിധ്യവത്കരിച്ചും വിപണിയിൽ ലഭ്യമാണ്. വിപണിയുടെ നേട്ടങ്ങൾ ഉൽപാദകരിലേക്ക് പൂർണ്ണമായും എത്തിക്കുവാൻ കർഷകരും കൃഷി കൂട്ടങ്ങളും ഉത്പാദനത്തോടൊപ്പം സംസ്കരണ- വിപണന പ്രവർത്തനങ്ങളിൽ കൂടി മുൻകൈയെടുക്കേണ്ടതുണ്ട്. കർഷകർക്ക് മികച്ച വരുമാനം ഉറപ്പുവരുത്തുന്നതിന് ഇത്തരം പ്രവർത്തനങ്ങളിലൂടെ സാധ്യമാകും.
കാലോചിതമായ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് കർഷകരുടെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങളിലും പദ്ധതികളിലും കൃഷിവകുപ്പ് മാറ്റങ്ങൾ കൊണ്ടുവരികയാണ്. വകുപ്പിന്റെ നേതൃത്വത്തിൽ മുഖാമുഖം നടന്ന ആദ്യ ബി 2 ബി മീറ്റ് തിരുവനന്തപുരത്ത് വൈഗ എക്സിബിഷനിൽ അവതരിപ്പിച്ചപ്പോൾ 39.76 കോടി രൂപയുടെ കാർഷിക ഉത്പന്നങ്ങൾക്കാണ് വിപണി ഉറപ്പാക്കുവാൻ കഴിഞ്ഞത്. ഇത്തരത്തിൽ കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ ബിസിനസ് മീറ്റുകൾ സംഘടിപ്പിക്കുകയും കർഷകരുടെയും കൃഷി കൂട്ടങ്ങളുടെയും 100 കോടി രൂപയുടെ ഉത്പന്നങ്ങൾക്ക് ഈ വർഷം വിപണി കണ്ടെത്തുകയും ചെയ്യും. നമ്മുടെ കർഷകരുടെ വിഷരഹിതമായ ഉത്പന്നങ്ങൾ സംഭരിക്കുവാൻ കേരളത്തിലെ ഏറ്റവും വിപുലമായ വിപണന സംവിധാനമുള്ള പ്രമുഖ ഗ്രൂപ്പുകൾ, സംഘടനകൾ തുടങ്ങിയവരുമായി ധാരണയായിട്ടുണ്ട്.

കൃഷിവകുപ്പിന്റെ 131 ഫാം ഉൽപ്പന്നങ്ങൾ മുൻനിര ഓൺലൈൻ വിപണന പ്ലാറ്റ്ഫോമുകളായ ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയവയിലൂടെ കേരളഗ്രോ ബ്രാൻഡിൽ എത്തിച്ചു. അടുത്തഘട്ടത്തിൽ കർഷകരുടെയും കൃഷി കൂട്ടങ്ങളുടെയും കാർഷികോൽപാദക സംഘടനകളുടെയും ഉൾപ്പെടെ 1000 ഉൽപ്പന്നങ്ങൾ ഓൺലൈനിലേക്ക് എത്തിക്കും. ഇത്തരം നിരവധിയായ കർഷക സൗഹൃദ പ്രവർത്തനങ്ങൾ വകുപ്പിന്റെ നേതൃത്വത്തിൽ നടന്നു വരികയാണ്.