131 farm products of the Department of Agriculture are in the online market from today

കൃഷി വകുപ്പിന്റെ 131 ഫാം ഉത്പന്നങ്ങൾ ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ പ്രമുഖ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ലഭ്യമാക്കി. കർഷകർക്ക് മൂല്യവർദ്ധനവിലൂടെ മികച്ച വരുമാനം ലഭ്യമാക്കുന്നതിന്റെ ആദ്യ പടിയായാണ് ഉത്പന്നങ്ങൾ ഓൺലൈനിൽ എത്തിച്ചത്.

ഇന്ത്യയിൽ എവിടെയുമുള്ള പൊതുജനങ്ങൾക്ക് ഇനിമുതൽ ആമസോൺ, ഫ്ലിപ്കാർട്ട് വഴി കേരളാഗ്രോ ബ്രാൻഡിലുള്ള ഉത്പന്നങ്ങൾ വാങ്ങാം. ആദ്യഘട്ടത്തിൽ 100 ഉത്പ്പന്നങ്ങളെ ഓൺലൈനിൽ ലഭ്യമാക്കുവാൻ ലക്ഷ്യമിട്ട സ്ഥാനത്ത് 131 ഉത്പന്നങ്ങളെ ഓൺലൈനിലേക്കെത്തിക്കുവാൻ സാധിച്ചു. ഇത്തരത്തിൽ കർഷകരുടേതുൾപ്പടെ കൂടുതൽ ഉത്പ്പന്നങ്ങൾ ഓൺലൈനിലേക്കെത്തിക്കും. കൂടാതെ കർഷകരുടെ ഉത്പന്നങ്ങൾക്ക് കൂടുതൽ വിപണി കണ്ടെത്തുന്നതിന്റെ ഭാഗമായി ബിസിനസ് മീറ്റുകൾ സംഘടിപ്പിക്കുമെന്നും അതിന്റെ ആദ്യഘട്ടമായി തിരുവനന്തപുരത്ത് വച്ച് നടത്തിയ വൈഗ എക്സിബിഷനിലെ ബി ടു ബി മീറ്റിൽ 39.76 കോടി രൂപയുടെ ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്തി.

കൃഷിവകുപ്പിന്റെ ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതി കേരളത്തിൽ വലിയൊരു മുന്നേറ്റമാണ് സൃഷ്ടിച്ചത്. 23,000ത്തോളം പ്രവർത്തന നിരതമായ കൃഷിക്കൂട്ടങ്ങൾ ഈ ക്യാമ്പയിന്റെ ഭാഗമായി തയ്യാറാക്കുവാൻ കഴിഞ്ഞു. ഇത്തരത്തിൽ കൂട്ടായ്മകളിലൂടെ കർഷകർ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങളെ മൂല്യവർദ്ധനവ് വരുത്തി കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് കൃഷിവകുപ്പ് നേതൃത്വം നൽകുന്നുണ്ട്. മൂല്യ വർദ്ധന പ്രവർത്തനങ്ങൾക്ക് ഉത്തേജനം നൽകുന്നതിന്റെ ഭാഗമായി മൂല്യ വർദ്ധിത കൃഷി മിഷൻ രൂപീകരിച്ചു.
ആകർഷകമായ പാക്കിങ്ങിനോടൊപ്പം അന്താരാഷ്ട്രനിലവാരം ഉറപ്പുവരുത്തുന്നതിനായി കർഷകർക്ക് പാക്കേജിങ് സാങ്കേതികവിദ്യകളിൽ പരിശീലനം നൽകുന്നതിനായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ്ങുമായി ധാരണപത്രം ഒപ്പുവയ്ക്കുകയും, ആദ്യഘട്ട പരിശീലന പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. വിവിധ കാർഷിക ഉത്പന്നങ്ങളുടെ വിപണി ഉറപ്പാക്കുന്നതിന്റെ ഭാഗമായി സിയാൽ മാതൃകയിൽ കർഷകരുടെ കൂടെ പങ്കാളിത്തമുള്ള കേരള അഗ്രി ബിസിനസ് കമ്പനി(KABCO) രണ്ടാഴ്ചകൾക്കുള്ളിൽ പ്രവർത്തനമാരംഭിക്കും.