കാർഷിക മേഖലയെ പ്രോത്സാഹിപ്പിക്കുക, കർഷകരുടെ വരുമാനം ഇരട്ടിയാക്കുക, പാരമ്പര്യ കൃഷിരീതി പിന്തുടർന്നും നവീന കൃഷിരീതി അനുവർത്തിച്ചും കേരളത്തിൽ ഭക്ഷ്യസ്വയം പര്യാപ്തത, ഭക്ഷ്യസുരക്ഷ എന്നിവ കൈവരിക്കുക എന്നീ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് കൃഷിക്കൂട്ടങ്ങൾ, സ്വയം സഹായ സംഘങ്ങൾ, ഫാർമർ ക്ലസ്റ്ററുകൾ, കാര്ഷികോത്പാദന സംഘടനകൾ (FPO കൾ) തുടങ്ങിയവായ്ക്ക് ആവശ്യമായ സഹായങ്ങൾ നൽകും. യുവതലമുറയേയും, പ്രവാസികളേയും, സ്ത്രീകളേയും കൃഷിയിലേക്ക് ആകർഷിക്കുവാനും ഇത്തരം കൂട്ടായ്മകൾ ആവശ്യമാണ്. കൂട്ടായ്മകളിൽക്കൂടി കൃഷി വിസ്തൃതി വർധിപ്പിക്കുവാനും ഗുണമേന്മയുള്ള ഉത്പന്നങ്ങൾ ഉല്പാദിപ്പിക്കുവാനും സാധ്യമാകുന്നതോടെ കാർഷിക ഉല്പന്നങ്ങൾക്ക് മൂല്യവർധിത ഉല്പന്നമേഖലയിലെ സാധ്യത വർധിപ്പിക്കുവാൻ സാധ്യമാകും എന്ന കാഴ്ചപ്പാടാണ് കൂടുതൽ FPO കൾ കാർഷിക മേഖലയിൽ ഉണ്ടാക്കി പ്രവർത്തനം ആരംഭിക്കണമെന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചത്. കാർഷിക കൂട്ടായ്മകൾ സൃഷ്ടിക്കുന്നതോടെയും മൂല്യവർധനവിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കർഷകരുടെ വരുമാനത്തിൽ വർധനവ് ഉണ്ടാക്കുവാൻ സാധിക്കും.
സംസ്ഥാന കൃഷി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ചെറുകിട കർഷക കാർഷിക വ്യാപാര കൺസോർഷ്യം (SFAC) എന്ന സ്ഥാപനമാണ് RKVY പദ്ധതി പ്രകാരം കർഷക ഉത്പാദക സംഘടനകളുടെ രൂപീകരണം നിർവ്വഹിക്കുന്നത്. പ്രസ്തുത പദ്ധതി പ്രകാരം പുതുതായി 50 കർഷക ഉത്പാദക സംഘടനകൾ രൂപീകരിക്കുവാനാണ് ലക്ഷ്യമിടുന്നത്.
കർഷകരെ സംഘടിപ്പിക്കുക, അവർക്കാവശ്യമുള്ള സാങ്കേതികവിദ്യ, ഉൽപ്പാദനോപാധികൾ, വായ്പ സംവിധാനം, ഇൻഷ്വറൻസ് പരിരക്ഷ, ഉൽപ്പാദന മേഖലയിൽ ധനം നിക്ഷേപിക്കുന്നതിനുള്ള ആർജ്ജവം അസംഘടിത മേഖലയിൽ വർത്തിക്കുന്ന കർഷകരിൽ വളർത്തിയെടുക്കുക, അവരുടെ ഉൽപ്പന്നങ്ങൾക്ക് കൂട്ടായ വിപണന മാർഗ്ഗങ്ങൾ അവലംബിക്കാൻ പ്രോത്സാഹനം നൽകുക, കാർഷിക ഉൽപ്പാദനം മെച്ചമാക്കുന്നതിന് പുതിയ ശാസ്ത്രീയ കൃഷി രീതികളിൽ പരിശീലനം നൽകുക, കാർഷിക ഉൽപ്പന്നങ്ങൾക്ക് ഗ്രേഡിംഗ്, സോർട്ടിംഗ്, പാക്കിംഗ് എന്നിവ നടത്തുന്നതിന് പാക്ക് ഹൗസുകൾ സ്ഥാപിക്കുക, ഉൽപ്പന്നങ്ങൾക്ക് സർക്കാർ നേതൃത്വംവഹിച്ചുകൊണ്ട് ബ്രാൻഡിംഗ് ഏർപ്പെടുത്തുക എന്നിങ്ങനെ നാനോന്മുഖമായ പ്രവർത്തനങ്ങളാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. കൂടാതെ കർഷകർക്ക് ന്യായമായ നിരക്കിൽ അവരുടെ ആവശ്യത്തിനുതകുന്ന യന്ത്ര സാമഗ്രികൾ ന്യായമായ നിരക്കിൽ വാടകയ്ക്ക് നൽകുന്നതിനുള്ള കസ്റ്റം ഹയറിംഗ് സെന്ററുകൾ, ഉല്പാദനോപാധികൾ ന്യായവിലയ്ക്ക് ലഭ്യമാക്കുന്നതിന് ഇൻപുട്ട് സെന്ററുകൾ, മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളാക്കി വിപണനം ചെയ്യുവാനുള്ള സംവിധാനങ്ങൾ എന്നിവ പദ്ധതിയിൻ കീഴിൽ ഒരുക്കുന്നു. AIF ഫണ്ട്, MSME പദ്ധതി, ട്രെയിനിംഗുകൾ തുടങ്ങിയ വിവിധ പദ്ധതിയാനുകൂല്യങ്ങൾ കർഷക ഉൽപ്പാദക സംഘടകളുടെ ശാക്തീകരണത്തിനായി സംയോജിപ്പിച്ചിട്ടുണ്ട്. പുതുതായി രൂപീകരിക്കുന്ന കർഷക ഉത്പാദക സംഘടന ഒന്നിന് 60 ലക്ഷം രൂപയാണ് മൂന്ന് വർഷത്തേക്ക് വകയിരുത്തിയിട്ടുള്ളത്.
സംസ്ഥാന സർക്കാരിന്റെ FPO പോളിസി പ്രകാരം 2013 കമ്പനീസ് ആക്റ്റ്, കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആക്റ്റ്, ചാരറ്റിബിൾ സൈസൈറ്റീസ് ആക്റ്റ് എന്നിവയിൽ ഏതെങ്കിലും ഒരെണ്ണം അനുസരിച്ച് FPO കൾ രജിസ്റ്റർ ചെയ്യാവുന്നതും തുടക്കത്തിൽ 100 പേരിൽ തുടങ്ങി 500-1000 വരെ അംഗങ്ങളെ മൂന്നു വർഷത്തിനുള്ളിൽ ചേർക്കുവാനും ലക്ഷ്യമിടുന്നു.
ഇക്വിറ്റി ഫണ്ട്, എഫ്.പി.ഒ., CEO യുടെ ശമ്പളം, രജിസ്ട്രേഷൻ തുക, വാടക, ഓഫീസ് സാമഗ്രികൾ, യാത്രാച്ചെലവ്, കളക്ഷൻ സെന്ററുകളുടെ നിർമാണം, പാക്ക് ഹൗസ് നിർമാണം ഉൾപ്പടെ മൂന്നു വർഷത്തേക്ക് 60 ലക്ഷം രൂപയാണ് ഒരു FPO ക്ക് വകയിരിത്തിയിട്ടുള്ളത്.
എസ്.എഫ്.എ.സി. ൽ മുഴുവൻ സമയ മാനേജിങ് ഡയറക്ടർ നിയമിതനായിട്ടുണ്ടെന്നും, കൃഷി വകുപ്പ് ഉദ്യോഗസ്ഥർക്ക് FPO പദ്ധതിയെക്കുറിച്ചും FPC കളുടെ ഘടന, ലക്ഷ്യം എന്നിവയെക്കുറിച്ചും ഇതിനോടകം 22 പരിശീലനങ്ങൾ നൽകി കഴിഞ്ഞിട്ടുണ്ടെന്നും, FPC കൾക്ക് revolving fund നൽകുന്ന കാര്യം പരിശോധിക്കുന്നതാനിന്നും മന്ത്രി പറഞ്ഞു. കൃഷി വകുപ്പിന്റെ ഉല്പന്നങ്ങൾ ‘കേരൾഅഗ്രോ’ ബ്രാൻഡിൽ വിപണനം നടത്തുന്ന പ്രവർത്തനം ഊർജസ്വലമായിരിക്കുകയാണ്. കേരള അഗ്രോ ബിസിനസ് കമ്പനി വിപണനത്തിന്റെ പൂർണ്ണമായ നേതൃത്വം ഏറ്റെടുക്കുന്നതോടെ FPO കൾ വഴി ഉല്പാദിപ്പിക്കുന്ന ഉല്പന്നങ്ങളുടെ വിപണന സാധ്യത ഉറപ്പാക്കുവാൻ സാധ്യമാകും. കൂടാതെ മൂല്യവർധിത കാർഷിക മിഷന്റേയും ലോകബാങ്കിന്റെ സഹായത്തോടെ നടത്തുവാൻ ഉദ്ദേശിക്കുന്ന ‘കേര’ (KERA) പ്രോജക്റ്റിന്റെ നടത്തിപ്പോടെയും FPO കളുടെ പ്രസക്തി വർധിപ്പിക്കുമെന്നതിനാൽ കൂടുതൽ FPO കൾ ഉല്പന്നങ്ങൾ കേന്ദ്രീകരിച്ച് സംസ്ഥാനത്ത് സൃഷ്ടിക്കുവാനുള്ള തീവ്രശ്രമത്തിലാണ്.