കരകുളം കൃഷിഭവൻ പരിധിയിലെ കർഷകർക്ക് ആശ്വാസമായി വട്ടപ്പാറ ജംഗ്ഷന് സമീപം കൃഷിഭവന്റെ സബ് സെന്റർ ആരംഭിച്ചു. കേരളത്തിൽ ആദ്യമായി കൃഷിഭവൻ നിലവിൽ വന്ന പഞ്ചായത്താണ് കരകുളം. കൃഷിദർശൻ പരിപാടിയിലൂടെ പുറത്തിറക്കിയ ഒരുത്തരവിന്റെ അനന്തര നടപടിയായാണ് വട്ടപ്പാറയിൽ കൃഷിഭവന്റെ സബ്സെന്റർ ആരംഭിച്ചത്.
വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൃഷി നശിക്കുന്ന കർഷകർക്ക് വേണ്ടി സോളാർ വേലിയുൾപ്പടെയുള്ള സംവിധാനങ്ങൾ നിർമ്മിക്കുന്നതിന് 2 കോടി രൂപ നീക്കിവെച്ചു. കൂടാതെ ആർ കെ വി വൈ പദ്ധതിയിലും കർഷകർക്ക് വേണ്ട ധനസഹായം കണ്ടെത്തും. ഹോർട്ടിക്കോർപ്പ് കേരളത്തിലെ മുഴുവൻ കർഷകരുടെയും കുടിശിക തുക കൊടുത്തു തീർത്ത ഉത്തരവും പുറത്തിറക്കിയത് നെടുമങ്ങാട് കൃഷിദർശൻ വേദിയിലാണ്.
2023 ജനുവരി 24 മുതൽ 28 വരെ നെടുമങ്ങാട് കാർഷിക ബ്ലോക്കിൽ സംഘടിപ്പിച്ച പ്രാദേശിക കാർഷിക വിലയിരുത്തൽ യജ്ഞമായ കൃഷിദർശനിലെ കൃഷിയിട സന്ദർശന വേളയിൽ കർഷകർ ആവശ്യം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് സബ് സെന്റർ വട്ടപ്പാറയിൽ ആരംഭിക്കുവാൻ ഉത്തരവായത്. കരകുളം കൃഷിഭവനിലെ ഉദ്യോഗസ്ഥരുടെ സേവനം ആവശ്യാനുസരണം ലഭ്യമായ ഉദ്യോഗസ്ഥരിൽ നിന്നും റൊട്ടേഷൻ അടിസ്ഥാനത്തിൽ പ്രസ്തുത സബ്സെന്ററിൽ ലഭ്യമാകും.