It is necessary to raise the support price of rubber

2020-21 വർഷത്തിൽ റബ്ബറിന്റെ ഉത്പാദനക്ഷമത ഹെക്ടറിന് 1534 കിലോഗ്രാമിൽ നിന്നും ഹെക്ടറിന് 1565 കിലോഗ്രാമായി വർധിച്ചു. കേരളത്തിലെ ആകെ റബ്ബർ ഉത്പാദനം 5.19 ലക്ഷം ടണ്ണിൽ നിന്നും 5.566 ലക്ഷം ടണ്ണായി. റബ്ബർ കർഷകരെ സഹായിക്കാൻ 2015-16 മുതൽ സംസ്ഥാന സർക്കാർ റബ്ബർ പ്രൊഡക്ഷൻ ഇൻസെന്റീവ് പദ്ധതി നടപ്പിലാക്കിവരുന്നു. കൃഷി വകുപ്പിന്റെ പദ്ധതിയേതര (Non Plan) വിഹിതത്തിൽ നിന്നും തുക കണ്ടെത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. 2022-23 വർഷം 500 കോടി രൂപ യാണ് റബ്ബർ പ്രൊഡക്ഷൻ ഇൻസെന്റീവ് നൽകുന്നതിനായി വകയിരുത്തിയിട്ടുള്ളത്. റബ്ബറിന്റെ താങ്ങുവില ഉയർത്തുന്നതിന് കേന്ദ്ര സഹായം ആവശ്യമാണ്. കേന്ദ്ര സർക്കാരിന് ലഭിക്കുന്ന ഇറക്കുമതി ചുങ്കത്തിൽ നിന്നും സംസ്ഥാനങ്ങളുടെ ഉൽപ്പാദനം കണക്കാക്കി ആനുപാതികമായ തുക വില സ്ഥിരത ഫണ്ടിലേക്ക് ലഭ്യമാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിലത്തകർച്ച മൂലം പ്രതിസന്ധിയിലായിരിക്കുന്ന റബ്ബർ കൃഷിക്കാരെ സഹായിക്കാൻ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള വിലസ്ഥിരതാ ഫണ്ട് സംബന്ധിച്ച് അഡ്വക്കേറ്റ് മോൻസ് ജോസഫ് എം.എൽ.എ.യുടെ ശ്രദ്ധ ക്ഷണിക്കൽ നോട്ടീസിനുള്ള മറുപടിയിലാണ് ബന്ധപ്പെട്ട വിവരങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ളത്.

തീരുവയില്ലാതെയുള്ള സ്വാഭാവിക റബ്ബർ ഇറക്കുമതി അവസാനിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും, എല്ലാ തരത്തിലുമുള്ള ഉണക്കരൂപത്തിലുള്ള റബ്ബറിന്റെ ഇറക്കുമതി തീരുവ 70 % ലേക്ക് ഉയർത്തണമെന്നും റബ്ബറിനെ “Make In India” പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും അഭ്യർത്ഥിച്ചു കൊണ്ട് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനോട് നിരവധി തവണ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല. ഇന്ത്യയിലേക്ക്‌ ചണ്ടി റബ്ബർ (Cup Lump Rubber) ഇറക്കുമതി ചെയ്യുന്നതിന് നിലവിലുള്ള നിരോധനം തുടരണമെന്ന് കേന്ദ്ര കോമേഴ്‌സ് & ഇൻഡസ്ട്രി മന്ത്രാലയത്തോട് നിരവധി തവണ അഭ്യർത്ഥിച്ചിട്ടുണ്ടെന്നും, ദേശീയ തലത്തിൽ റോഡ് റബ്ബറൈസ് ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും മറ്റു നിർമ്മാണ പ്രവൃത്തികളിൽ റബ്ബർ വൂഡിന്റെയും റബ്ബർ അനുബന്ധ ഉൽപ്പന്നങ്ങളുടെയും ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും നാഷണൽ റബ്ബർ പോളിസിയിലൂടെ സാധ്യമാകണമെന്നും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

2021 ഏപ്രിൽ 1 മുതൽ റബ്ബർ പ്രൊഡക്ഷൻ ഇൻസെന്റീവ് കിലോഗ്രാമിന് 150 രൂപ എന്നത് 170 രൂപയായി വർധിപ്പിച്ചിട്ടുണ്ട്. ഈയിനത്തിൽ 2021-22 വർഷത്തിൽ 50 കോടി രൂപ അനുവദിച്ചു. പ്രസ്തുത പദ്ധതിയുടെ 7 ഘട്ടങ്ങൾ ഇതുവരെ പൂർത്തിയാക്കിയിട്ടുണ്ട്. നിലവിൽ‍ സ്കീമിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത റബ്ബർ കർഷകർക്ക് 30.11.2022 വരെ പദ്ധതിയിൽ രജിസ്റ്റർ ചെയ്യാൻ അനുമതി നൽകിക്കൊണ്ട് സർക്കാർ 01. 07. 2022 മുതൽ 30.06.2023 വരെയുള്ള ഘട്ടം നടപ്പിലാക്കി വരുന്നു. 2022 -23 സാമ്പത്തിക വർഷം 16.02.2023 വരെ റബ്ബർ ബോർഡ് അംഗീകരിച്ച്‌ സർക്കാരിലേക്ക് സമർപ്പിച്ച മുഴുവൻ അപേക്ഷകളിന്മേൽ ആകെ 33.195 കോടി രൂപ അനുവദിച്ച് ഉത്തരവായിട്ടുണ്ട്. സ്വാഭാവികമായ റബ്ബറിന്റെ ഉപയോഗം വർദ്ധിപ്പിക്കുവാൻ റബ്ബർ അധിഷ്ഠിത വ്യവസായങ്ങൾക്ക് സർക്കാർ കൂടുതൽ ഊന്നൽ നൽകുന്നുണ്ട്. ഇക്കാര്യത്തിനായി വ്യവസായ വകുപ്പിനു കീഴിൽ റബ്ബർ മൂല്യ വർദ്ധിത ഉല്പന്നങ്ങൾ ഉല്പാദിപ്പിക്കുന്നതിനായി ‘CIAL Model’ൽ ഒരു റബ്ബർ കമ്പനി “കേരള റബ്ബർ ലിമിറ്റഡ്” എന്ന പേരിൽ സംസ്ഥാന സർക്കാർ രൂപം നൽകുകയും പ്രസ്തുത കമ്പനി 2021ൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കൂടാതെ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന കുറഞ്ഞ താങ്ങുവില പദ്ധതിയിൽ റബർ , ഏലം , കുരുമുളക് , കാപ്പി തുടങ്ങിയ വിളകളെ ക്കൂടി ഉൾപ്പെടുത്തുവാനും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തെ ഗുരുതര പ്രതിസന്ധിയിലാഴ്ത്തിയ മഹാപ്രളയം കാർഷിക മേഖലയിലുണ്ടാക്കിയ ആഘാതം വളരെ വലുതാണ്. ഇതിൽ നിന്നും കര കയറുന്നതിനായി ശ്രമിക്കുന്നതിനിടെ വന്ന കോവിഡ്-19 മഹാമാരി കാർഷിക ഉല്പാദന വിപണന മേഖലയിൽ കർഷകർക്ക് വളരെയേറെ തടസ്സങ്ങൾ സൃഷ്ടിച്ചു. ഇവമൂലമുണ്ടായ പ്രതിസന്ധികൾ കാര്യക്ഷമമായി തരണം ചെയ്തത് കൃഷി വകുപ്പ് സമയോചിതമായി ഇടപെട്ടതുകൊണ്ടും വളരെ ഉചിതമായ പദ്ധതികൾ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കിയതുകൊണ്ടുമാണ്. സാമ്പത്തിക അവലോകന റിപ്പോർട്ട് 2022 പ്രകാരം കേരളത്തിന്റെ കാർഷിക മേഖലയുടെ വളർച്ച 2020-21 ൽ 0.24 ആയിരുന്നത് 2021-22 ൽ 4.69 ശതമാനമായി വർദ്ധിച്ചിട്ടുണ്ട്. ഇതേ കാലഘട്ടത്തിൽ അഖിലേന്ത്യ തലത്തിലെ വളർച്ച 3.3 ശതമാനത്തിൽ നിന്നും 3 ശതമാനമായി കുറയുകയാണ് ഉണ്ടായത്.

പ്രളയം ദുരിതത്തിലാഴ്ത്തിയ കാർഷിക മേഖലയുടെ പുനരുദ്ധാരണത്തിനായി സർക്കാർ നടപ്പിലാക്കിയ പദ്ധതികളാണ് ‘പുനർജനിയും’ റീബിൽഡ് കേരള ഇനിഷ്യേറ്റീവും’. പുനർജ്ജനി പദ്ധതിക്കായി സർക്കാർ 2018-19 വർഷത്തിൽ 65.81 കോടി രൂപ ചെലവഴിക്കുകയുണ്ടായി. പുനർജ്ജനി പദ്ധതിയുടെ തുടർച്ചയായി 2020-21, 2021-22 വാർഷിക പദ്ധതികളെ ഉൾപ്പെടുത്തി ‘പുനർജ്ജനി-പ്രളയാനന്തര കാർഷിക മേഖലയുടെ പുനഃസ്ഥാപനം’ എന്ന പദ്ധതിയ്ക്ക് അംഗീകാരം ലഭിച്ചു നടപ്പിലാക്കി. 2022-23 സാമ്പത്തിക വർഷത്തിലും അംഗീകാരം ലഭിച്ച പ്രസ്തുത പദ്ധതി തുടർന്നുവരുന്നു. റീബിൽഡ് കേരള ഇനിഷ്യേറ്റീവ് എന്ന പദ്ധതിയിൽ കാർഷിക മേഖലയിലെ 18 പ്രോജക്ടുകളെ ഉൾപ്പെടുത്തുകയും 2019-20 കാലഘട്ടത്തിൽ 522.0086 കോടി രൂപ വകയിരുത്തുകയും ചെയ്തു.

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി തരണം ചെയ്യുന്നതിനായി ബഹുജന പങ്കാളിത്തത്തോടെയും വിവിധ വകുപ്പുകളുടെ സഹകരണത്തോടെയും വളരെ വിജയകരമായി നടപ്പിലാക്കിയ പദ്ധതിയാണ് ‘സുഭിക്ഷകേരളം’. ഈ പദ്ധതിയുടെ ഭാഗമായി 2,158 മഴ മറകൾ സ്ഥാപിക്കുകയും, 250 തുള്ളിനന യൂണിറ്റുകൾ സ്ഥാപിക്കുകയും , 24990 ഹെക്ടർ തരിശുഭൂമിയിൽ കൃഷി നടപ്പിലാക്കുകയും, 60,921 ഹെക്ടർ സ്ഥലത്തു തെങ്ങു കൃഷിക്കുള്ള പദ്ധതിയായ കേരഗ്രാമം പദ്ധതി നടപ്പിലാക്കുകയും ചെയ്തു. കൂടാതെ, 2,144.55 ലക്ഷം രൂപ (07.01.2023 വരെ) വിള ഇൻഷൂറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തി കർഷകർക്ക് ഇൻഷൂറൻസ് തുകയായി നൽകിയിട്ടുമുണ്ട്. നെൽകൃഷിക്ക് പരിധിയില്ലാതെയും മറ്റ് വിളകൾക്ക് രണ്ട് ഹെക്ടർ വരെയും ജലസേചനത്തിന് വൈദ്യുതി സൗജന്യമായി അനുവദിച്ചു വരുന്നുണ്ട് .

തെങ്ങിന്റെ വിസ്തൃതിയും ഉല്പാദനവും കുറയുന്നത് കണക്കിലെടുത്ത് 2014 -15 മുതൽ കേരഗ്രാമം പദ്ധതി നടപ്പിലാക്കി വരുന്നു. 2022 – 23 വർഷത്തിൽ 100 ഹെ വിസ്തൃതിയുള്ള 100 കേരഗ്രാമങ്ങൾ നടപ്പിലാക്കുന്നു. ഒരു കേരഗ്രാമത്തിനു 25 .67 ലക്ഷം രൂപ എന്ന കണക്കിൽ അനുവദിച്ചിട്ടുണ്ട്. നാളികേര കൃഷിയുടെ ഉല്പാദന വർദ്ധനവിന് നാളികേര വികസന പദ്ധതിയിൽ 7390 ലക്ഷം രൂപ ബഡ്ജറ്റിൽ ഈ വർഷം വകയിരുത്തിയിട്ടുണ്ട് . നാളികേര കർഷകർ നേരിടുന്ന വിലയിടിവ് പരിഹരിക്കുവാനും സംസ്ഥാനത്തെ നാളികേര ഉല്പാദനം പ്രോത്സാഹിപ്പിക്കുവാനുമായാണ് സംസ്ഥാന സർക്കാർ പച്ചത്തേങ്ങ സംഭരണം പുനരാരംഭിച്ചത്. കേരഫെഡ്, VFPCK, കേരള സംസ്ഥാന നാളികേര വികസന കോർപ്പറേഷൻ (KSCDC), തുടങ്ങിയവ മുഖേന പച്ചത്തേങ്ങ കിലോയ്ക്ക് 32/- രൂപ സംഭരണ വില നൽകിയാണ് സംഭരിച്ചു വരുന്നത്. വിവിധ സംഭരണ കേന്ദ്രങ്ങളിലൂടെ 16.03.2023 വരെ 10843.40509 ടൺ പച്ചത്തേങ്ങ സംഭരിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് സുസ്ഥിരമായ നെൽകൃഷി ഉറപ്പ് വരുത്തുന്നതിനും നെൽകൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമായി സിവിൽ സപ്പ്ലൈസ് കോർപ്പറേഷൻ കർഷകരിൽ നിന്നും നെല്ല് സംഭരിച്ചു വരുന്നു. 2022-23 വർഷത്തിൽ നെല്ലിന്റെ താങ്ങുവില കിലോഗ്രാമിന് 20 രൂപ 40 പൈസയായാണ് കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ളത്. കേന്ദ്ര സർക്കാരിന്റെ താങ്ങുവിലയോടൊപ്പം സംസ്ഥാന സർക്കാരിന്റെ പ്രോത്സാഹന ബോണസും കൂടി ചേർത്ത് കിലോഗ്രാമിന് 28 രൂപ 20 പൈസ സംഭരണ വിലയായി നിശ്ചയിച്ചാണ് സർക്കാർ സപ്പ്ലൈകോ മുഖേന നെല്ല് സംഭരിച്ചു വരുന്നത്.

സംസ്ഥാനത്തെ കർഷകർ ഉത്പാദിപ്പിക്കുന്ന പഴം, പച്ചക്കറികൾക്ക് വിളവെടുപ്പ് സമയത്തുണ്ടാകുന്ന വിലയിടിവ് വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷി വ്യാപനത്തിന് തടസ്സമാകുന്നത് പരിഹരിക്കുന്നതിനും സംസ്ഥാനത്ത് കർഷകർ ഉല്പാദിപ്പിക്കുന്ന കാർഷിക ഉത്പന്നങ്ങൾ ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി ന്യായവില ലഭ്യമാക്കുന്നതിനുമായി കേരള ഫാം ഫ്രഷ് പഴം, പച്ചക്കറി അടിസ്ഥാന വില പദ്ധതി 2020 നവംബർ ഒന്ന് മുതൽ നടപ്പിലാക്കി വരുന്നു. ഇന്ത്യയിൽ ആദ്യമായി പഴം പച്ചക്കറികൾക്ക് അടിസ്ഥാന വില പ്രഖ്യാപിച്ച് നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളം. ഇതിന്റെ മാതൃക പഠിക്കുന്നതിന് തമിഴ് നാട് , മഹാരാഷ്ട്ര , തെലുങ്കാന എന്നീ സംസ്ഥാനങ്ങൾ പദ്ധതിയുടെ വിശദാംശങ്ങൾ ശേഖരിച്ചിട്ടുണ്ട്

കുരുമുളക്,ഇഞ്ചി,മഞ്ഞൾ ജാതി,ഗ്രാമ്പൂ എന്നീ സുഗന്ധ വ്യഞ്ജന വിളകളുടെ വികസനത്തിനും ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും ആയാണ് 2022 -23 സാമ്പത്തിക വർഷം സുഗന്ധ വ്യഞ്ജന വിള വികസന പദ്ധതി നടപ്പിലാക്കി വരുന്നത്. പ്രസ്തുത പദ്ധതിക്ക് 36000 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത് .
.
കൃഷിക്കാവശ്യമായ രാസവസ്തുക്കളായ കീടനാശിനികളുടെ വില വർദ്ധനവ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നാൽപ്പതിലേറെ വർഷങ്ങളായി കർഷകർ ഉപയോഗിച്ചിരുന്ന ചുവപ്പ് (extremely toxic), മഞ്ഞ (highly toxic), നീല (moderately toxic) ലേബലിലുള്ള വിഷാംശം കൂടിയ കീടനാശിനികൾ പലതും പിൽക്കാലത്ത് കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിരോധിക്കുകയുണ്ടായി. പഴയ തലമുറയിൽപ്പെട്ട വിഷം കൂടിയ കീടനാശിനികളിൽ ചിലത് നിരോധിക്കപ്പെട്ടപ്പോൾ ബദലായി ഉപയോഗിക്കാവുന്നവയുടെ വിലയിൽ കമ്പനികൾ വർദ്ധനവ് വരുത്തിയിട്ടുണ്ട്. കൂടാതെ , പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധനവ്‌ അനുസരിച്ച് കീടനാശിനികളുടെ വിലയിൽ വർദ്ധനവ്‌ കണ്ടു വരുന്നു.

കേന്ദ്രസർക്കാരിന്റെ കർഷക വിരുദ്ധ നയത്തിന്റെ ഭാഗമായി കാർഷിക മേഖലയിലെ ബഡജറ്റ് വിഹിതത്തിൽ ഗണ്യമായ കുറവ് വരുത്തിയിട്ടുണ്ട്. 2022-23-ൽ സാമ്പത്തിക വർഷത്തിൽ RKVY യുടെ പദ്ധതി വിഹിതം ദേശിയ തലത്തിൽ 10437 കോടിരൂപ ആയിരുന്നത് 2023-24-ൽ 7150.35 കോടി ആയി കുറവു വരുത്തി . കൂടാതെ നിലവിൽ ഉണ്ടായിരുന്ന 10 കേന്ദ്രാവിഷ്കൃത പദ്ധതികൾക്ക് പ്രത്യേകം തുകകൾ വകയിരുത്താതെ കൃഷി ഉന്നതിയോജന എന്ന ശീർഷകത്തിൽ 7066.47കോടി രൂപ മാത്രമായി വകയിരുത്തിയത് നിലവിലുള്ള പദ്ധതികളുടെ നടത്തിപ്പിനെ കാര്യമായി ബാധിക്കും.

രാസവളങ്ങൾക്ക് അവയിൽ അടങ്ങിയിരിക്കുന്ന NPK മൂലകങ്ങളുടെ തോതനുസരിച്ചാണ് കേന്ദ്ര സർക്കാർ വളം കമ്പനികൾക്ക് സബ്‌സിഡി നൽകുന്നത്. രാസവളങ്ങളുടെ വില നിയന്ത്രിക്കുന്നത് കേന്ദ്ര കൃഷി മന്ത്രാലയമാണ്. 2021-22 സാമ്പത്തിക വർഷത്തേക്കാൾ 50121 കോടി രൂപ കുറച്ചാണ് 2022-23 ൽ രാസവള സബ്സീഡിക്കായി കേന്ദ്ര സർക്കാർ വകകൊള്ളിച്ചിരിക്കുന്നത്. എന്നാൽ കർഷകരെ സഹായിക്കുന്നതിനായി സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികളിലും ജനകീയാസൂത്രണ പദ്ധതികളിലും ഉൽപ്പാദന ഉപാധിയായ വളത്തിന് 50% വരെ സബ്സിഡി നൽകുന്നുണ്ട്

സംസ്ഥാനത്ത് കൃഷി വകുപ്പിന് കീഴിൽ 14 ജില്ലാ മണ്ണ് പരിശോധനാ ശാലകളും തിരുവനന്തപുരത്തെ കേന്ദ്ര മണ്ണ് പരിശോധന ശാലയും പ്രവർത്തിക്കുന്നു. കൂടാതെ നിലവിൽ 11 സഞ്ചരിക്കുന്ന മണ്ണ് പരിശോധന ശാലകളും പ്രവർത്തിക്കുന്നുണ്ട്. അതാത്‌ ജില്ലകളിലെ മൊബൈൽ ലബോറട്ടറികൾ ജില്ലയിലെ എല്ലാ ഭാഗത്തും സന്ദർശിച്ച്‌ കൃഷിയിടങ്ങളിൽ മണ്ണ് പരിശോധന നടത്തുന്നു. കർഷകർ കൃഷി ഭവൻ മുഖേനയോ നേരിട്ടോ മണ്ണ് സാമ്പിളുകൾ പരിശോധനാ ലാബുകളിൽ എത്തിച്ചാൽ സമയബന്ധിതമായി പരിശോധിച്ച് തക്കതായ വളപ്രയോഗ നിർദ്ദേശങ്ങൾ നൽകുവാനുള്ള സംവിധാനം സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ലഭ്യമാണ്. ഈ പരിശോധനാ ഫലത്തിന്റെയും നിർദ്ദേശത്തിന്റെയും അടിസ്ഥാനത്തിൽ കർഷകർ വളപ്രയോഗം ചെയ്യുന്നത്. കൃത്യമായി മണ്ണിന്റെ ഫലഭൂയിഷ്ഠത നിലനിർത്തി കൃഷി മുന്നോട്ട് കൊണ്ടുപോകാനായി സാധിക്കും. 2022-23 വർഷത്തിൽ നാളിതുവരെ 1,33,564 മണ്ണ് സാമ്പിളുകൾ പരിശോധിക്കുകയും കർഷകർക്ക് നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. നടപ്പ് വർഷത്തിൽ നാളിതുവരെ 62,700 സാമ്പിളുകൾ പരിശോധിച്ച് കർഷകർക്ക് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് റബ്ബർ കർഷകർ ഉൾപ്പെടെയുള്ളവർക്ക് കൃഷി വകുപ്പിന്റെ മണ്ണ് പരിശോധനാ ശാലകളുടെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. സംസ്ഥാനത്ത് റബ്ബർ കൃഷിയുടെ മേൽനോട്ടം വഹിക്കുന്ന റബ്ബർ ബോർഡിന്റെ കീഴിലും മണ്ണ് പരിശോധനാ ശാലകൾ പ്രവർത്തിക്കുന്നു.

കൃഷി വകുപ്പ്, വിവിധ പദ്ധതി പ്രകാരം സ്ഥാപിച്ചിട്ടുള്ള എക്കോഷോപ്പുകൾ, എ ഗ്രേഡ് ക്ലസ്റ്ററുകൾ, ബ്ലോക്ക് ലെവൽ ഫെഡറേറ്റഡ് ക്ലസ്റ്ററുകൾ, ആഴ്ച ചന്തകൾ, നഗര വഴിയോര ആഴ്ച ചന്തകൾ തുടങ്ങിയവ മുഖേന അതാതു ഗ്രാമപഞ്ചായത്തു/ ബ്ലോക്കു പ്രദേശങ്ങളിൽ കർഷകർ ഉത്പാദിപ്പിക്കുന്ന പഴം, പച്ചക്കറികൾ കർഷകർക്ക് നേരിട്ട് ഗുണഭോക്താക്കൾക്ക് വിപണനം നടത്തുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. കൂടാതെ സംസ്ഥാനത്തു പ്രവർത്തിക്കുന്ന 6 മൊത്തവ്യാപാര വിപണികളിൽ കർഷകർക്ക് നേരിട്ട് തങ്ങളുടെ ഉൽപ്പന്നങ്ങൾ എത്തിച്ചു വിൽപ്പന നടത്തുവാൻ സാധിക്കും. ഇത്തരം നടപടികളിലൂടെ കേരളത്തിലെ കാർഷിക മേഖലയുടെ ഉന്നമനത്തിനായി നിലവിലെ സർക്കാർ പ്രയത്നിച്ചു കൊണ്ടിരിക്കുന്നു.