The problems in the agricultural sector will be solved through modern technology

കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന വൈഗ 2023നോട് അനുബന്ധിച്ച് വെള്ളായണി കാർഷിക കോളേജിൽ അഗ്രി-ഹാക്ക് 2023 ആരംഭിച്ചു.
കാർഷിക ഉത്പന്നങ്ങളുടെ സംസ്കരണം മൂല്യവർദ്ധനവ്, വിപണനം എന്നീ മേഖലകളിലെ നവീന ആശയങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് കർഷകർക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും, പൊതു സംരംഭകരെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുന്നതിനുമായി വൈഗ 2023 ഫെബ്രുവരി 25 മുതൽ മാർച്ച് 2 വരെ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ വച്ച് സംഘടിപ്പിക്കുകയാണ്. വൈഗയുടെ ആറാമത് പതിപ്പ് കാർഷിക മേഖലയിലെ സംരംഭകത്വപ്രോത്സാഹനത്തിനായി ഡി .പി.ആർ ക്ലിനിക് പ്രത്യേകമായി വിഭാവനം ചെയ്തു വൈഗയോടൊപ്പം നടപ്പാക്കുകയാണ്, പദ്ധതിയുടെ ആവശ്യകത മനസ്സിലാക്കി തുടർന്നും രണ്ട് മാസത്തിലൊരിക്കൽ ഡി പി ആർ ക്ലിനിക്കുകൾ സംഘടിപ്പിക്കും. ബിസിനസ്സ് മീറ്റ് (ബി ടു ബി), കാർഷിക സെമിനാറുകൾ, കാർഷിക മേഖലയിലെ മൂല്യവർദ്ധിത ഉല്പന്നങ്ങൾ എന്ന ആശയത്തിലുള്ള കാർഷിക പ്രദർശനങ്ങൾ തുടങ്ങിയവ വൈഗയുടെ ഭാഗമായി ഒരുക്കുന്നു, കൃഷി വകുപ്പിന്റെ ഉല്പന്നങ്ങൾ ഓൺലൈനിലെത്തിക്കുന്നതുൾപ്പടെ കാർഷിക മേഖലക്ക് ഗുണകരമായ നിരവധി ആശയങ്ങൾ പൊതു സമൂഹത്തിനു മുന്നിൽ വൈഗ 2023ലൂടെ അവതരിപ്പിക്കും.
കാർഷികമേഖലയിലെ ഏറ്റവും വലിയ അഗ്രിഹാക്കത്തോൺ ആയ വൈഗ അഗ്രിഹാക്ക് 2023 ഫെബ്രുവരി 25, 26, 27 തീയതികളിലായി ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാർത്ഥികൾ, സ്റ്റാർട്ടപ്പുകൾ, പ്രൊഫഷണലുകൾ, കർഷകർ തുടങ്ങിയവരെ പങ്കെടുപ്പിച്ചുകൊണ്ടാണ് നടത്തുന്നത്. ഒരു മത്സരം എന്നതിലുപരിയായി വിദ്യാർത്ഥികളുടെയും, പ്രൊഫഷണലുകളുടെയും സാമൂഹ്യ പ്രതിബദ്ധതക്ക് ഉദാത്തമാതൃകയാകുവാനും ഹാക്കത്തോൺ വഴിയൊരുക്കും. കാർഷിക മേഖലയിലെ 15 പ്രശ്നനങ്ങളെ തെരഞ്ഞെടുത്തു മത്സരാർത്ഥികൾക്ക് തെരഞ്ഞെടുത്ത പ്രശ്നത്തിന് സാങ്കേതിക വിദ്യയിലധിഷ്ഠിതമായ പരിഹാരമാർഗങ്ങൾ വികസിപ്പിക്കുവാനും ഹാക്കത്തോൺ ലക്ഷ്യമിടുന്നു. 36 മണിക്കൂർ നീണ്ട പ്രശ്ന പരിഹാര മത്സരത്തിനോടൊപ്പം, മത്സരാർത്ഥികൾക്ക് അവരുടെ ആശയങ്ങളെ പരിപോഷിപ്പിക്കുന്നതിന് സാങ്കേതിക വിദഗ്ധരുടെ പിന്തുണയുമുണ്ടാകും. വ്യത്യസ്ഥ ഘട്ടങ്ങളായി നടക്കുന്ന വിലയിരുത്തലിൽ വിജയികളാകുന്ന ടീമുകൾക്ക് ക്യാഷ് അവാർഡുകളോടൊപ്പം അവരുടെ ആശയങ്ങളെ കാർഷിക മേഖലയുടെ പുരോഗതിക്കായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്യും.

പരമ്പരാഗതമായി കാർഷിക ഉത്പാദനം മെച്ചപ്പെടുത്തൽ, കർഷകക്ഷേമം എന്നിവയിലൂടെയാണ് കർഷകരുടെ വരുമാനം വർദ്ധിപ്പിച്ചിരുന്നത്. എന്നാൽ, മൂല്യവർദ്ധനവിന്റെയും വിപണന വിദ്യകളുടെയും പുതിയ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി കർഷകരുടെ വരുമാന വർദ്ധനവ് സാധ്യമാക്കുവാനാണ് കൃഷിവകുപ്പ് ലക്ഷ്യമിടുന്നത്.