Expert committee to solve technical problems facing banana cultivation in Matikai area

കാസർകോട് ജില്ലയിലെ മടിക്കൈ പഞ്ചായത്തിലെ ചില ഭാഗങ്ങളിൽ കർഷകർക്ക് വാഴ കൃഷിക്ക് സാങ്കേതിക കാരണങ്ങളാൽ ഇൻഷ്വർ ചെയ്യാൻ കഴിയാതെ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ടി വിഷയത്തിന് പരിഹാരം കണ്ടെത്താൻ വിദഗ്ദ സമിതിയെ നിയോഗിച്ചു. കേരള കാർഷിക സർവകലാശാലയുടെ ഫ്ലഡ് മാപ്പ് പ്രകാരം ഈ പ്രദേശങ്ങൾ സ്ഥിരമായി വെള്ളക്കെട്ട് ഉള്ളതും വെള്ളപ്പൊക്ക സാധ്യതയുള്ളതുമായതിനാലാണ് കർഷകർക്ക് ഇൻഷുറൻസ് ചെയ്യാൻ കഴിയാത്തത്. ഈ വിഷയത്തിൽ കർഷകർക്കിടയിൽ കടുത്ത ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് കൃഷി ഡയറക്ടറുടെ നേതൃത്വത്തിലുള്ള ഒരു വിദഗ്ധസമിതിയെ ചുമതലപ്പെടുത്തിയത്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, കേരള സ്റ്റേറ്റ് റിമോട്ട് സെൻസിംഗ് ആൻഡ് എൻവിയോൺമെന്റ് സെന്റർ, ലാൻഡ് യൂസ് ബോർഡ്, കേരള കാർഷിക സർവകലാശാല പ്രതിനിധികൾ, കൃഷി അഡിഷണൽ ഡയറക്ടർ (ക്രോപ് പ്രൊഡക്ഷൻ), സംസ്ഥാന കാർഷിക വിലനിർണയ ബോർഡ് ചെയർമാൻ എന്നിവരടങ്ങുന്നതാണ് വിദഗ്ധ സമിതി. മടിക്കൈയിലെ വാഴ തോട്ടങ്ങൾ നേരിട്ടു സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും, കർഷകരുടെ സാങ്കേതിക പ്രശ്നങ്ങൾക്ക് പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്നതിനുമാണ് സമിതിയെ ചുമലപ്പെടുത്തിയിരിക്കുന്നത്.