Registration for Vaiga 2023 DPR Workshop has started

കേരളസർക്കാർ കൃഷി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2023ന്റെ ഭാഗമായ DPR ശില്പശാലയുടെ രജിസ്ട്രേഷൻ ആരംഭിച്ചു. സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്ക് ഭാവി കാർഷിക സംരംഭത്തിനായി കാഴ്ചപ്പാട് വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വൈഗ 2023 ന്റെ ഭാഗമായി DPR ശിൽപശാല നടത്തുന്നത്. 2023 ഫെബ്രുവരി 15ന് തിരുവനന്തപുരം ആനയറയിലുള്ള സമേതിയിലാണ് ശില്പശാല സംഘടിപ്പിച്ചിട്ടുള്ളത്.

SFAC കേരള നേതൃത്വം നയിക്കുന്ന ശില്പശാലയിൽ ഒരു നിക്ഷേപകന്/സംരംഭകന് ബിസിനസ്സ് ആരംഭിക്കുന്നതിന് മുമ്പ് വിശകലനം ചെയ്യേണ്ട ബിസിനസ്സിന്റെ പ്രധാന മേഖലകൾ മനസ്സിലാക്കാൻ സാധിക്കും. സംരംഭകരുടെ പ്രോജക്ടിന്റെ ആശയം യാഥാർത്ഥ്യമാക്കുന്നതിന് വിശദമായ പ്രോജക്ട് റിപ്പോർട്ട് ആവശ്യമാണ്. അനുഭവ പരിചയവും പ്രൊഫഷണൽ യോഗ്യതയുമുള്ള ഏജൻസികൾ തയ്യാറാക്കിയതും, ധനകാര്യ സ്ഥാപനങ്ങൾ ആവശ്യപ്പെടുന്ന മാനദണ്ഡങ്ങൾക്കനുസൃതമായി ഒരു വിശദമായ പ്രൊജക്റ്റ് റിപ്പോർട്ട് ഈ ശില്പശാലയിലൂടെ സംരംഭകന് ലഭിക്കും. ഡിപിആർ തയ്യാറാക്കലുമായി ബന്ധപ്പെട്ട വിവിധ വശങ്ങൾ സംരംഭകരിലേക്കെത്തിക്കാനും, തയ്യാറാക്കിയ പ്രൊജക്റ്റ് പ്രായോഗികമാക്കുന്നതിനും, ഗ്രാന്റ്/സബ്സിഡി സപ്പോർട്ടുകൾക്കായുള്ള സ്കീമുകളുമായി സംയോജിപ്പിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകാനും ശില്പശാല ലക്ഷ്യമിടുന്നു.

ശില്പശാലയിൽ രജിസ്ട്രേഷൻ സൗജന്യമാണ്. താല്പര്യമുള്ളവർ www.vaigakerala.com എന്ന വെബ്സൈറ്റിൽ ഫെബ്രുവരി 10 ന് മുൻപായി രജിസ്റ്റർ ചെയ്യേണ്ടതാണ്.