കാർഷിക മേഖലയ്ക്ക് കേരളത്തിന്റെ വികസന മാതൃക
ഈ വർഷത്തെ സാമ്പത്തിക അവലോകന റിപ്പോർട്ട് പ്രകാരം സംസ്ഥാനത്തിന്റെ കാർഷികമേഖലയിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനവും പ്രകൃതിക്ഷോഭങ്ങളും ഉണ്ടാക്കിയ തിരിച്ചടികളിൽ നിന്നും ഉയർത്തെഴുന്നേറ്റ കാർഷിക മേഖലയിൽ കഴിഞ്ഞ രണ്ടു വർഷക്കാലം നേട്ടങ്ങളുടെ കാലയളവായിരുന്നു. 2020 -21 ൽ 0.24% ആയിരുന്ന കാർഷിക വളർച്ച 2021 -22 ൽ 4.64 ശതമാനത്തിലേക്കെത്തിയത് ക്രിയാത്മകമായ ഇടപെടലുകളുടെ ഭാഗമായി മാത്രമാണ്.
നാളികേരത്തിന്റെ വിലയിടിവ് പരിഹരിക്കുന്നതിനായിട്ട് സംസ്ഥാന സർക്കാർ പച്ചത്തേങ്ങ സംഭരണം വ്യാപകമാക്കി. പച്ചത്തേങ്ങയുടെ സംഭരണ വില ഒരു കിലോക്ക് 27 രൂപയായിരുന്നത് 32 രൂപയായും ഈ ബഡ്ജറ്റിൽ അത് 34 രൂപയാക്കിയും ഉയർത്തുകയുണ്ടായി . കേന്ദ്രസർക്കാർ നിശ്ചയിച്ചിട്ടുള്ള താങ്ങു വിലയെക്കാൾ 3.40 രൂപ അധികം നൽകിയാണ് സംസ്ഥാന സർക്കാർ കർഷകരിൽ നിന്നും നിലവിൽ പച്ചത്തേങ്ങ സംഭരിച്ചു വന്നത്. അതിപ്പോൾ 34 രൂപയാക്കി എന്നത് കേരളത്തിലെ നാളികേര കർഷകർക്ക് ആത്മവിശ്വസം വർദ്ധിപ്പിക്കുമെന്നുറപ്പാണ്.
കാർഷികവിളകൾക്ക് താങ്ങുവിലയുടെ കാര്യത്തിൽ കർഷകർക്ക് അനുകൂലമായ നിലപാടുകളാണ് ഇക്കാലയളവിൽ സംസ്ഥാനം സ്വീകരിച്ചിട്ടുള്ളത്. 2015- 16 മുതൽ സംസ്ഥാന സർക്കാർ റബ്ബർ പ്രൊഡക്ഷൻ ഇൻസെന്റീവ് പദ്ധതി നടപ്പിലാക്കി വരികയാണ്. 2021 മുതൽ പ്രൊഡക്ഷൻ ഇൻസെന്റീവ് 150 രൂപ എന്നത് 170 രൂപയായി വർദ്ധിപ്പിച്ചിട്ടുണ്ട്. 5 ഹെക്ടറിന് താഴെ കൃഷി ഭൂമിയുള്ള കർഷകർക്ക് പരമാവധി രണ്ട് ഹെക്ടറിനാണ് (ഒരു ഹെക്ടറിന് പ്രതിവർഷം പരമാവധി 1800 കിലോഗ്രാം റബ്ബറിന് ആനുകൂല്യം) സബ്സിഡി നൽകുന്നത്. 2022- 23ൽ 500 കോടി രൂപ ഈയിനത്തിൽ വകയിരുത്തിയിരുന്നെങ്കിൽ പുതിയ ബഡ്ജറ്റിൽ അത് 600 കോടിയാക്കി ഉയർത്തിയിട്ടുണ്ട്. റബ്ബർ വില ഉയരാത്തതും ഇറക്കുമതി വർധിപ്പിച്ചതും റബ്ബർ കർഷകർക്ക് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന വേളയിലാണ് സംസ്ഥാന സർക്കാരിന്റെ ഈ കർഷകപക്ഷ നിലപാട്.
2022 -23 ൽ കാർഷിക മേഖലക്കായി സംസ്ഥാനം നീക്കി വച്ചത് 881.96 കോടി രൂപയാണെങ്കിൽ ആയത് 10.20% വർദ്ധിപ്പിച്ച് 2023 -24 ൽ 971.71 കോടി രൂപ ആക്കിയിരിക്കുകയാണ്.
കാർഷിക മേഖലയുടെ സമഗ്രമായ വികസനത്തിനാണ് പദ്ധതിയിട്ടിട്ടുള്ളത്. കഴിഞ്ഞ വർഷം നെൽകൃഷി വികസനത്തിന് 76 കോടിയുണ്ടായിരുന്നത് ഇപ്പോൾ 95.1 കോടിയായി ഉയർത്തി. VFPCK മുഖേനയുള്ള വാണിജ്യ പച്ചക്കറി കൃഷിക്കും, നാളികേര വികസനത്തിനും യഥാക്രമം 25 കോടിയിൽ നിന്ന് 30 കോടിയായും 73.90 കോടിയിൽ നിന്ന് 93.95 കോടിയായും ബഡ്ജറ്റ് വിഹിതത്തിൽ വർദ്ധനവ് വരുത്തിയിട്ടുണ്ട്.
കാർഷിക മേഖലയിലെ ജനകീയ പദ്ധതികളായ ഞങ്ങളും കൃഷിയിലേക്ക്, കൃഷിദർശൻ എന്നിവക്ക് യഥാക്രമം 6 കോടി രൂപയും 2.12 കോടി രൂപയും, മണ്ണ് സംരക്ഷണ-പര്യവേക്ഷണ പദ്ധതികൾക്ക് 89.75 കോടി രൂപയും, ജൈവ കൃഷി വികസനത്തിന് 6 കോടി രൂപയും, പച്ചക്കറി കൃഷി വികസനത്തിന് 93.45 കോടി രൂപയും സുഗന്ധവിളകളുടെ വികസനത്തിന് 4.6 കോടി രൂപയും ഫല വർഗ്ഗ വിളകളുടെ വികസനത്തിന് 18.92 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. വന്യജീവികളുടെ അക്രമണത്തിൽ നിന്ന് വിളകളെ സംരക്ഷിക്കുന്നതിനുള്ള നൂതന മാർഗ്ഗങ്ങൾക്ക് 2 കോടി രൂപയും, വിള ഇൻഷുറൻസ് പദ്ധതിക്ക് 30 കോടി രൂപയും സ്മാർട്ട് കൃഷിഭവൻ യാഥാർഥ്യമാക്കാൻ 10 കോടി രൂപയും കർമ്മസേനകളെ വിപുലീകരിക്കാൻ 8 കോടി രൂപയും, ചെറുകിട -ഇടത്തരം സംരംഭങ്ങൾക്കുളള യന്ത്രോപകരണങ്ങൾ എഫ്.പി.ഒ വഴി വാങ്ങുവാൻ 3.75 കോടി രൂപയും, കാർഷിക ഉല്പന്നങ്ങളുടെ വിപണനം സംഭരണം വെയർഹൗസിങ് എന്നിവക്ക് 74.5 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
ഇത്തരത്തിൽ ഓരോ വർഷവും വിവിധ പദ്ധതികൾക്കും വിളകൾക്കുമുള്ള വിഹിതം വർദ്ധിപ്പിച്ചു കൊണ്ടും കർഷക സൗഹൃദമായ നിലപാടുകൾ സ്വീകരിച്ചും താങ്ങുവില, സംഭരണം, മൂല്യ വർദ്ധനവ് ഉൾപ്പെടെയുള്ള മേഖലകളിൽ ഇച്ഛാശക്തിയോടെ ഇടപെട്ടുകൊണ്ടുമാണ് കാർഷിക മേഖലയിൽ അനിതരസാധാരണമായ വളർച്ച കൈവരിക്കുവാനായത്. ഈ സാമ്പത്തിക വർഷം ഉൽപാദനം മുതൽ വിപണനം വരെയുള്ള സമസ്ത മേഖലകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഞങ്ങളും കൃഷിയിലേക്ക്, കൃഷിദർശൻ, മൂല്യവർദ്ധിത കൃഷി മിഷൻ, KABCO എന്നീ പദ്ധതികളുമായി സംസ്ഥാനം മുന്നോട്ട് പോവുകയാണ്. വരും വർഷങ്ങളിൽ കൂടുതൽ സാമ്പത്തിക വളർച്ച കാർഷിക മേഖലയിൽ കൈവരിക്കാനാകും.