CABCO and WAM are the most promising projects for the agriculture sector

കാർഷിക മേഖലയുടെ സമഗ്ര വികസനവും കർഷക വരുമാന വർദ്ധനവും മുന്നിൽ കണ്ടുകൊണ്ട് സർക്കാർ വിഭാവനം ചെയ്തിട്ടുള്ള പദ്ധതികളായ കാബ്കോ ( KABCO), വാം (VAAM ) എന്നിവ സംസ്ഥാനത്തിന്റെ കാർഷിക പുനരുജ്ജീവനത്തിന് ഏറെ പ്രതീക്ഷ നൽകുന്ന പദ്ധതികളാണ്. കാബ്കോ സംരംഭം കാർഷിക ബിസിനസ് പദ്ധതികൾക്ക് മുൻതൂക്കം നൽകുന്നു എന്നതുകൊണ്ട് തന്നെ യുവ സംരംഭകർക്ക് ഇത് പ്രതീക്ഷ നൽകുന്നതാണ്.

സംഭരണം, സംസ്കരണം, മൂല്യ വർദ്ധനവ്, സ്റ്റോറേജ്, വിപണനം, അന്താരാഷ്ട്ര വ്യാപാരം തുടങ്ങി മൂല്യ വർദ്ധന ശൃംഖലയിലെ എല്ലാ കാർഷിക പ്രവർത്തനങ്ങളും കാബ്കോയുടെ പരിധിയിൽ വരും. കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ ആയി പ്രവർത്തിക്കുന്ന കാബ്കോയിൽ സർക്കാരിനൊപ്പം കർഷകർ, കർഷക ഗ്രൂപ്പുകൾ, പൊതുജനങ്ങൾ, പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ തുടങ്ങിയവരുടെ കൂടി പങ്കാളിത്തം ഉണ്ടായിരിക്കും. പ്രാദേശിക കാർഷിക ഉത്പന്നങ്ങൾ അന്താരാഷ്ട്ര വിപണിയിൽ എത്തിക്കുന്നതിന് കർഷകർക്ക് വേണ്ട സഹായങ്ങൾ നൽകുക എന്നതും കാബ്കോയുടെ ചുമതലയിൽ ഉൾപ്പെടും. കർഷക വരുമാന വർദ്ധനവ് പ്രധാന ലക്ഷ്യമാക്കിക്കൊണ്ടായിരിക്കും കമ്പനി പ്രവർത്തിക്കുക. ഉത്പാദന വർദ്ധനവിലൂടെയും മൂല്യ വർദ്ധനവിലൂടെയും കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും കേരളത്തിന്റെ കാർഷിക പരിസ്ഥിതിക്ക് അനുയോജ്യമായ കാലാവസ്ഥ അനുരൂപ കാർഷിക മാതൃകകൾ അവലംബിക്കുന്നതിനുമായി മൂല്യവർദ്ധിത കൃഷി മിഷൻ (VAAM ) ഇതിനകം തന്നെ രൂപീകരിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളുടെ സംയോജിതമായ ഇടപെടലുകൾ മിഷന്റെ പ്രവർത്തനത്തിൽ ഉണ്ടാകും. സർക്കാരിന്റെ നയ പ്രഖ്യാപനത്തിൽ രണ്ടു പദ്ധതികൾക്കും നൽകിയിട്ടുള്ള പ്രാധാന്യം കാർഷിക മേഖലയുടെ വളർച്ചയ്ക്കു കൂടുതൽ കരുത്തു പകരും.