ഹോർട്ടികൾച്ചർ മിഷൻ MIDH പദ്ധതി- സംയോജിത വിളവെടുപ്പാനന്തര പരിപാലനം
സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ കേരള മുഖാന്തിരം സംസ്ഥാനത്ത് നടപ്പിലാക്കുന്ന മിഷൻ ഫോർ ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് ഓഫ് ഹോർട്ടിക്കൾച്ചർ എന്ന കേന്ദ്രാവിഷ്കൃത പദ്ധതിയിലൂടെ സംയോജിത വിളവെടുപ്പാനന്തര പരിപാലനം എന്ന ഘടകത്തിന് ധനസഹായം നൽകി വരുന്നു.
സംരംഭക പ്രേരിതമായ ഈ പ്രോജക്ടുകൾ വായ്പാബന്ധിതമായാണ് നടപ്പിലാക്കുന്നത്. പദ്ധതി പൂർത്തീകരണത്തിന് ശേഷം മൂല്യ നിർണ്ണയത്തിന് ആനുപാതികമായി സഹായധനം അനുവദിക്കുന്നതാണ്. വ്യക്തികൾ, കർഷക കൂട്ടായ്മകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, രജിസ്റ്റേർഡ് സൊസൈറ്റികൾ, സഹകരണ സംഘങ്ങൾ, പഞ്ചായത്തുകൾ, ട്രസ്റ്റുകൾ, വനിതാ കർഷക സംഘങ്ങൾ, സ്വയം സഹായ സംഘങ്ങൾ (25 അംഗങ്ങളുള്ള) തുടങ്ങിയവർക്ക് സഹായത്തിന് അർഹതയുള്ളതായിരിക്കും. സമതല പ്രദേശങ്ങളിലെ ധന സഹായത്തിന് പുറമേ വയനാട്, ഇടുക്കി എന്നീ മലയോര പ്രദേശങ്ങൾക്ക് 15% അധിക ധന സഹായവും അനുവദിക്കുന്നതാണ്.
പായ്ക്ക്ഹൗസുകൾ സ്ഥാപിക്കുന്നതിന് (9 മീറ്റർ * 6 മീറ്റർ) 2 ലക്ഷം രൂപയും, കൺവെയർ ബെൽറ്റ്, തരംതിരിക്കൽ, ഗ്രേഡിംഗ്, കഴുകൽ, ഉണക്കൽ എന്നീ സംവിധാനങ്ങളോടുകൂടിയ സംയോജിത പായ്ക്ക് ഹൗസ് യൂണിറ്റുകൾക്ക് (9 മീറ്റർ * 18 മീറ്റർ) സമതല പ്രദേശങ്ങളിൽ 17.5 ലക്ഷം രൂപയും, മലയോര പ്രദേശങ്ങളിൽ 25 ലക്ഷം രൂപയും, പ്രീ-കൂളിംഗ് യൂണിറ്റുകൾക്ക് (6 മെട്രിക് ടൺ) സമതല പ്രദേശങ്ങളിൽ 8.75 ലക്ഷം രൂപയും, മലയോര പ്രദേശങ്ങളിൽ 12.5 ലക്ഷം രൂപയും, ശീതീകരണ മുറികൾക്ക് (30 മെട്രിക് ടൺ) യൂണിറ്റൊന്നിന് സമതല പ്രദേശങ്ങളിൽ 5:25 ലക്ഷം രൂപയും, പരമാവധി 5000 മെട്രിക് എന്ന പരിധിയ്ക്ക് വിധേയമായി കോൾഡ് സ്റ്റോറേജുകൾ (ടൈപ്പ് 1) സമതല പ്രദേശങ്ങളിൽ 2800 രൂപ/മെട്രിക് ടണും, മലയോര പ്രദേശങ്ങളിൽ 4000 രൂപ/മെട്രിക് ടണും, കോൾഡ് സ്റ്റോറേജുകൾ (ടൈപ്പ് 2) സമതല പ്രദേശങ്ങളിൽ 3500 രൂപ/മെട്രിക്
ടണും, മലയോര പ്രദേശങ്ങളിൽ 5000 രൂപ/മെട്രിക് ടണും ധനസഹായം നൽകുന്നു. റീഫർ വാനുകൾക്കായ് (26 മെ.ടൺ) സമതല പ്രദേശങ്ങളിൽ യൂണിറ്റൊന്നിന് 9.1 ലക്ഷം രൂപയും മലയോര പ്രദേശങ്ങളിൽ 13 ലക്ഷം രൂപയും, റൈപ്പനിംഗ് ചേമ്പറിന് സമതല പ്രദേശങ്ങളിൽ 35,000 രൂപ/മെ.ടൺ. മലയോരപ്രദേശങ്ങളിൽ 50,000 രൂപ/മെ.ടൺ, പൈ്രമറി/മൊബൈൽ/മിനിമൽ പ്രോസസ്സിംഗ് യൂണിറ്റുകൾക്ക് സമതല പ്രദേശങ്ങളിൽ യൂണിറ്റൊന്നിന് 10 ലക്ഷം രൂപയും മലയോരപ്രദേശങ്ങളിൽ 13.75 ലക്ഷം രൂപയും പുതിയ പ്രിസർവേഷൻ യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് യൂണിറ്റൊന്നിന് 1 ലക്ഷം രൂപയും നിലവിലുള്ള പ്രിസർവേഷൻ യൂണിറ്റുകൾക്ക് യൂണിറ്റൊന്നിന് 50,000/- രൂപയും ധനസഹായം നൽകിവരുന്നു.
വിപണികളുടെ അടിസ്ഥാന സൗകര്യ വികസനം
ഹോർട്ടികൾച്ചർ മേഖലയിലെ വിപണികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി ചില്ലറ വിപണികൾ സ്ഥാപിക്കുന്നതിന് സമതല പ്രദേശങ്ങളിൽ 5.25 ലക്ഷം രൂപയും (35%) മലയോര പ്രദേശങ്ങളിൽ 7.5 ലക്ഷം രൂപയും (50%), പഴം/പച്ചക്കറി ഉന്ത് വണ്ടികൾക്ക് 15000/- രൂപയും (50%), ശേഖരണം, തരംതിരിക്കൽ, ഗ്രേഡിംഗ്, പായ്ക്കിംഗ് എന്നിവയ്ക്കുള്ള അടിസ്ഥാന സൗകര്യ വികസനം ഒരുക്കുന്നതിനുള്ള യൂണിറ്റുകൾക്ക് സമതല പ്രദേശങ്ങളിൽ 6 ലക്ഷം രൂപയും (40%) മലയോര പ്രദേശങ്ങളിൽ (50%) 8.25 ലക്ഷം രൂപയും ധനസഹായം നൽകുന്നു.
കൂടാതെ, കുറഞ്ഞത് ഒരു ഹെക്ടർ വരെ വിസ്തൃതിയുള്ള നഴ്സറികൾ സ്ഥാപിക്കുന്നതിന് 7.5 ലക്ഷം രൂപയും (50%) കൂൺ കൃഷിയ്ക്ക് 8 ലക്ഷം രൂപയും (40%) കൂൺ വിത്തുത്പാദനത്തിന് 6 ലക്ഷം രൂപയും (40%) ധനസഹായം നൽകി വരുന്നു. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ കൃഷി ഓഫീസുമായോ കൃഷിഭവനുമായോ ബന്ധപ്പെടാവുന്നതാണ്. വെബ്സൈറ്റ് www.shm.kerala.gov.in