കാസർകോട് ജില്ലയിൽ കവുങ്ങു കൃഷിക്ക് ഉണ്ടായിട്ടുള്ള രോഗത്തെക്കുറിച്ച് പഠിക്കുന്നതിനും പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കുന്നതിനും പ്രത്യേക സംഘത്തെ നിയോഗിച്ചു. സംസ്ഥാനത്ത് തന്നെ ഏറ്റവും മികച്ച ഗുണനിലവാരമുള്ള അടയ്ക്ക ഉല്പാദിപ്പിക്കുന്ന പ്രദേശമാണ് കാസർകോട് ജില്ലയുടെ വടക്കൻ മേഖല. ബദിയടുക്ക, പെർള ഭാഗങ്ങളിൽ ഈയിടെയായി മഹാളി, ഇലപ്പുള്ളി രോഗങ്ങൾ കവുങ്ങുകൾക്ക് പടർന്നു പിടിക്കുന്നതിനെകുറിച്ചും പ്രകൃതി സൗഹൃദമായ പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്നതിനെ സംബന്ധിച്ചും കാസർഗോഡ് എം.എൽ.എ എൻ.എ നെല്ലിക്കുന്ന് നിയമസഭയിൽ ചോദ്യം ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിദഗ്ധ സംഘത്തെ ജില്ലയിൽ പഠനം നടത്തുന്നതിനായി നിയോഗിച്ചത്. കർഷകർ പലയിനങ്ങളിൽ പെട്ട ന്യൂജനറേഷൻ കെമിക്കലുകൾ രോഗത്തിനെതിരെ ഉപയോഗിക്കുന്നുണ്ടെങ്കിലും ശാസ്ത്രീയ വശം പരിശോധിച്ചു പ്രദേശത്തിന് ദോഷകരമല്ലാത്ത നിയന്ത്രണ മാർഗങ്ങൾ നിർദ്ദേശിക്കുന്നതിന് കൂടിയാണ് വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുള്ളത്.
കാലാവസ്ഥ വ്യതിയാനം അനുസരിച്ച് സംസ്ഥാനത്ത് കാലാവസ്ഥ അനുരൂപ കാർഷിക മാതൃകകൾ സ്വീകരിച്ചു വരുന്നുണ്ട്. കാർഷിക യന്ത്രവൽക്കരണം, പെട്ടെന്ന് വിളവ് ലഭിക്കുന്ന വിത്തിനങ്ങളുടെ ഉത്പാദനം എന്നിങ്ങനെ പലതരം കാർഷിക മാതൃകകൾ കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്നതിന് നടപ്പിലാക്കുവാൻ പദ്ധതി ഇട്ടിട്ടുണ്ട്.