സംസ്ഥാന കടാശ്വാസ കമ്മീഷൻ വഴി കടാശ്വാസത്തിനായി കർഷകർക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള വായ്പാ തീയതി വയനാട്, ഇടുക്കി ജില്ലയിലെ കർഷകർക്ക് 31.08. 2018 എന്നത് 31. 08. 2020 വരെയും മറ്റ് 12 ജില്ലകളിലെ കർഷകർക്ക് 31.03.2014 എന്നത് 31.03.2016 വരെയും ദീർഘിപ്പിച്ചു.
കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് നിരന്തരം പ്രകൃതി ക്ഷോഭങ്ങൾ ഉണ്ടാകുകയും കൃഷിനാശം സംഭവിക്കുകയും ചെയ്ത സാഹചര്യത്തിൽ കർഷകർ കടക്കെണിയിൽ അകപ്പെടാതിരിക്കുന്നതിനും, സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നായി കർഷകരിൽ നിന്നും ലഭിച്ച അപേക്ഷകൾ പരിഗണിച്ചുമാണ് തീരുമാനം.
കർഷകർ സഹകരണ ബാങ്കുകളിൽ / സംഘങ്ങളിൽ നിന്നും എടുത്ത വായ്പകൾക്ക് കേരള സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ മുഖേന നിലവിൽ പരമാവധി രണ്ട് ലക്ഷം രൂപ വരെയാണ് കടാശ്വാസം അനുവദിച്ചു വരുന്നത്.
കമ്മീഷനിൽ അവസാനമായി അപേക്ഷ സ്വീകരിച്ച 31.03. 2020 വരെ 5,50,507 അപേക്ഷകളാണ് രജിസ്റ്റർ ചെയ്തിരുന്നത്.കൂടാതെ 31.03.2020 വരെ ലഭിച്ച അപേക്ഷകളിൽ മാറ്റിവയ്ക്കപ്പെട്ടിരുന്ന കുറവുകളുള്ള 77, 423 അപേക്ഷകൾ കൂടി സർക്കാർ ഉത്തരവ് പ്രകാരം പരിഗണിച്ചു വരുന്നു. ഇപ്രകാരം ആകെ 6,27,930 അപേക്ഷകളാണ് പരിഗണിച്ച് വരുന്നത് ഇതിൽ 31.10.20 22 വരെ 5, 30, 348 അപേക്ഷകൾ തീർപ്പാക്കിയിട്ടുണ്ട്.. 2022 ഒക്ടോബർ 31 തീയതിയിൽ തീർക്കുവാനായി അവശേഷിക്കുന്നത് 97, 582 അപേക്ഷകളാണ്. കൊല്ലം,പത്തനംതിട്ട, ആലപ്പുഴ,എറണാകുളം, തൃശൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളുടെ കേസുകൾ മുഴുവനായും തീർപ്പാക്കിയിട്ടുണ്ട്.
കുടിശ്ശികയുള്ള അപേക്ഷകൾ തീർപ്പാക്കുന്നതിന് കമ്മീഷൻ സിറ്റിംഗുകളുടെ എണ്ണം കൂട്ടിയും (ഓൺലൈൻ സീറ്റിംഗുകൾ ഉൾപ്പെടെ) തീവ്ര യത്നംനടത്തി വരികയാണ്.സിറ്റിംഗ് നടത്തുന്ന ദിവസങ്ങളിൽ പരമാവധി ബഞ്ചുകളിൽ പരമാവധി അപേക്ഷകൾ തീർപ്പാക്കുന്നതിനും ശ്രമിച്ചുവരുന്നു. പ്രവർത്തനമാരംഭിച്ച 2007-08 കാലയളവ് മുതൽ 31.10. 2022 വരെ 565,20,04,551 രൂപയുടെ കടാശ്വാസ ശിപാർശ ഉത്തരവ് കമ്മീഷൻ പാസാക്കിയിട്ടുണ്ട്.