Oil Palm India handed over the dividend to the state government

ഓയിൽ പാം ഇന്ത്യ സംസ്ഥാന സർക്കാരിന് ലാഭവിഹിതം കൈമാറി

കൃഷിവകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഓയിൽപാം ഇന്ത്യ ലിമിറ്റഡ് 2021 -22 വർഷത്തെ ലാഭവിഹിതമായി 33,97,350/- രൂപ സംസ്ഥാന സർക്കാരിന് കൈമാറി. കൃഷിവകുപ്പിന്റെ കീഴിൽ കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് ഓയിൽ പാം ഇന്ത്യ ലിമിറ്റഡ്.

കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ ഓയിൽ പാം ഇന്ത്യാ ലിമിറ്റഡിന്റെ അംഗീകൃത മൂലധനം 12 കോടി രൂപയാണ്. ഇതിൽ നാളിതുവരെ ഇഷ്യൂ ചെയ്ത ഓഹരി മൂലധനം 11.79 കോടി രൂപയാണ്. ആകെ ഇഷ്യൂ ചെയ്ത 1,17,876 ഓഹരികളിൽ 67,947 ഓഹരി സംസ്ഥാന സർക്കാരിനും 49,929 ഓഹരി കേന്ദ്ര സർക്കാരിനും നൽകിയിട്ടുണ്ട്.

2015 -16 സാമ്പത്തിക വർഷം മുതൽ ചില പ്രതിസന്ധികൾ നേരിട്ടെങ്കിലും കമ്പനി 2021-22 സാമ്പത്തിക വർഷത്തിൽ എണ്ണക്കുരു ഉൽപ്പാദനത്തിൽ ഉണ്ടായ വർദ്ധനവ് മൂലവും തൊഴിലാളികളുടെ കാര്യക്ഷമത വർദ്ധിച്ചത് മൂലവും കമ്പനിക്ക് മെച്ചപ്പെട്ട പ്രവർത്തനം കാഴ്ച്ച വയ്ക്കാൻ സാധിച്ചിട്ടുണ്ട്. 2021-22 വർഷത്തിലെ കമ്പനിയുടെ ആകെ വരുമാനം 64 കോടി രൂപയാണ്. ഇത് മുൻ വർഷത്തേക്കാൾ ഏകദേശം 68% കൂടുതൽ ആണ്. 2021-22 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ ലാഭം 5.85 കോടി രൂപയാണ്. ഈ ലാഭത്തിൽ നിന്ന് ഓഹരി ഉടമകൾക്കുള്ള വിഹിതമായി 1000/- രൂപയുടെ ഓഹരി ഒന്നിന് 50/- രൂപ വച്ച് നൽകുവാൻ 28.09.2022 -ൽ കൂടിയ കമ്പനിയുടെ വാർഷിക പൊതുയോഗം തീരുമാനിച്ചു. അതനുസരിച്ചാണ് സംസ്ഥാന സർക്കാരിന് ലാഭ വിഹിതമായി 33,97,350/-രൂപയും കേന്ദ്ര സർക്കാരിന്റെ വിഹിതമായി 24,96,450/- രൂപ കമ്പനി നൽകേണ്ടതുണ്ട്.