കാർഷിക മേഖലയെ പുനരുദ്ധരിക്കാനുള്ള വിപുലമായ പാക്കേജാണ് ‘കൃഷിദർശൻ’. ഒല്ലൂക്കര ബ്ലോക്കിൽ കൃഷിദർശൻ പരിപാടിക്ക് തുടക്കം കുറിച്ചു. വകുപ്പിലെ ഉദ്യോഗസ്ഥർ കാർഷിക ബ്ലോക്കുകൾ കേന്ദ്രീകരിച്ച് കർഷകരോട് സംവദിച്ച്അവരുടെ പ്രശ്‌നങ്ങൾ നേരിട്ട് കേൾക്കുകയും പരിഹരിക്കുകയുമാണ് ലക്‌ഷ്യം. കേരളത്തിന്റെ കാർഷിക മേഖലയിൽ ശ്രദ്ധേയമായ ഇടപെടലാകും കൃഷിദർശൻ പരിപാടി.
പുതിയ കാലത്തേയ്ക്കുള്ള സമീപനം എങ്ങനെയായിരിക്കണം എന്നത് സംബന്ധിച്ച് കർഷകരെ ബോധ്യപ്പെടുത്തുകയും കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ മൂല്യ വർദ്ധിത ഉത്പന്നങ്ങളായി മാറ്റാൻ വീടുകളിൽ തന്നെ സൗകര്യം ഒരുക്കൽ തുടങ്ങി എങ്ങനെ നമ്മുടെ കൃഷി രീതികളെ മാറ്റാം എന്നത് സംബന്ധിച്ചുള്ള അടിസ്ഥാന പാഠങ്ങൾ കൂടി കൃഷിദർശൻ നൽകും.
മാറി വരുന്ന കേരളത്തിന്റെ കാലാവസ്ഥയിലും കർഷകന് സുസ്ഥിരമായൊരു ജീവിതം ഉറപ്പുവരുത്താനുള്ള ശ്രമങ്ങളാണ് കൃഷിദർശൻ വഴി നടത്തുന്നത്. കാലാവസ്ഥ വ്യതിയാനം തിരിച്ചറിഞ്ഞുള്ള കാർഷിക പ്ലാനുകളാണ് ഈ കാലത്ത് അനിവാര്യം. വിള അധിഷ്ഠിത കൃഷിയിൽ നിന്ന് വ്യത്യസ്തമായി വിളയിടം അധിഷ്ഠിതമായ കാർഷിക പ്ലാനാണ് തയ്യാറാക്കുന്നത്. ഒരു വിളയ്ക്ക് പകരം വൈവിധ്യങ്ങളായിട്ടുള്ള വിളകൾ കൊണ്ട് കൃഷിയിടങ്ങളെ സമ്പന്നമാക്കാനുള്ള പ്രവർത്തനങ്ങളാണ് വേണ്ടത്.
കാലാവസ്ഥ മാറ്റവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രതിഭാസങ്ങൾ കൃഷി ഉൾപ്പെടെയുള്ള മേഖലകളെ സാരമായി ബാധിച്ചിട്ടുണ്ട്. ഈ പ്രതിസന്ധി കൂടി മറികടക്കാനുള്ള കാർഷിക പ്ലാനാണ് കൃഷിദർശൻ.
കാർഷിക മേഖലയിൽ സ്വയം പര്യാപ്തമാകുന്നതിന് ഒപ്പം തന്നെ ഭക്ഷ്യയോഗ്യമായത് കഴിക്കാനായി സാധ്യമാകുന്നിടത്തെല്ലാം കൃഷി ആരംഭിച്ച് എല്ലാവരും കൃഷിയിടങ്ങളിലേയ്ക്ക് പോവുക എന്ന മുദ്രാവാക്യമാണ് അവതരിപ്പിച്ചത്. ഇതിന്റെ തുടർച്ചയായിട്ടാണ് സംസ്ഥാനത്ത് കൃഷിക്കൂട്ടങ്ങൾ ആരംഭിച്ചത്. അയൽക്കൂട്ടങ്ങളെ പോലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ സംസ്ഥാനത്ത് ഇതുവരെ രൂപീകരിച്ച കൃഷിക്കൂട്ടങ്ങളിലൂടെ കൃഷിയിൽ സ്വയം പര്യാപ്തത കൈവരിക്കാനുള്ള ഇടപെടലുകളാണ് നടക്കുന്നത്.