കേരഗ്രാമം പദ്ധതിയിൽ കാണക്കാരി പഞ്ചായത്തും
സംസ്ഥാന കൃഷിവകുപ്പ് നടപ്പാക്കുന്ന കേരഗ്രാമം പദ്ധതി കാണക്കാരി പഞ്ചായത്തിൽ അനുവദിച്ചു. നാളികേര ഉത്പാദനം ശാസ്ത്രീയമായി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൃഷി വകുപ്പ് പദ്ധതി നടപ്പിലാക്കുന്നത്. 25 ലക്ഷം രൂപയാണ് ആദ്യഘട്ടത്തിൽ അനുവദിച്ചത്. 17500 തെങ്ങുകളാണ് കേരഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തേണ്ടത്.
പഞ്ചായത്തുതലത്തിൽ വാർഡുതല കമ്മറ്റികൾ രൂപീകരിച്ച് സർവേ നടത്തിയ ശേഷമാണ് പദ്ധതി നടപ്പിലാക്കുന്നത്. രോഗം ബാധിച്ചതും കായ്ഫലം കുറഞ്ഞതും കാലപ്പഴക്കം ചെന്നതുമായ തെങ്ങുകൾ മുറിച്ചു മാറ്റി പകരം ഗുണമേന്മയുള്ള തെങ്ങിൻ തൈകൾ വച്ചുപിടിപ്പിക്കുക, സബ്സിഡി നിരക്കിൽ കുമ്മായം, ജൈവവളം, രാസവളം, കീടനാശിനി എന്നിവ കർഷകർക്ക് ലഭ്യമാക്കുക, ജലസേചന സൗകര്യം മെച്ചപ്പെടുത്തുന്നതിന് തെങ്ങിൻതോപ്പുകളിൽ കിണർ, പമ്പ് സെറ്റ് , സൂഷ്മ ജലസേചനം, മഴവെള്ള സംഭരണി, ജൈവ വളനിർമ്മാണത്തിന് കമ്പോസ്റ്റ് യൂണിറ്റുകൾ, തെങ്ങുകയറ്റ യന്ത്രങ്ങൾ എന്നിവ സബ്സിഡി നിരക്കിൽ ലഭ്യമാക്കുക, ഇടവിള കൃഷി പ്രോത്സാഹിപ്പിച്ച് കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുക എന്നിവയാണ് കേരഗ്രാമം പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്.