നമ്മുടെ സംസ്ഥാനത്ത് കാര്‍ഷിക -കാര്‍ഷിക അനുബന്ധ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഉപജീവനം നടത്തുന്ന എല്ലാ കര്‍ഷകരുടെയും ക്ഷേമവും ഉന്നമനവും ലക്ഷ്യമിട്ട് പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ക്ഷേമ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനും യുവതലമുറയെ കാര്‍ഷികവൃത്തിയിലേക്ക് ആകര്‍ഷിക്കുന്നതിനും വേണ്ടിയാണ് കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ് രൂപീകരിച്ചിട്ടുള്ളത്.
കര്‍ഷകര്‍ക്ക് വളരെ ഉപകാരപ്രദമായിട്ടുള്ള പദ്ധതിയാണിത്. പെന്‍ഷന്‍ ആനുകൂല്യങ്ങള്‍, കുടുംബപെന്‍ഷന്‍, ആരോഗ്യ ആനുകൂല്യം, അവശത ആനുകൂല്യങ്ങള്‍, കര്‍ഷകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ, ചികിത്സാസഹായം, വിവാഹ ധനസഹായം, പ്രസവാനുകൂല്യം, ഒറ്റത്തവണ ആനുകൂല്യം, വിദ്യാഭ്യാസ ധനസഹായം, മരണാനന്തര ആനുകൂല്യം തുടങ്ങി പതിനൊന്നോളം ആനുകൂല്യങ്ങള്‍ ഈ പദ്ധതിയില്‍ ചേരുന്നത് വഴി കര്‍ഷകര്‍ക്ക് ലഭിക്കും.
5 സെന്‍റില്‍ കുറയാതെയും 15 ഏക്കറില്‍ കവിയാതെയും വിസ്തീര്‍ണമുള്ള ഭൂമി കൈവശം വെച്ചിരിക്കുകയും മൂന്ന് വര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ കൃഷി- കൃഷി അനുബന്ധ പ്രവര്‍ത്തനങ്ങള്‍ പ്രധാന ഉപജീവനമാര്‍ഗ്ഗമായിരിക്കുകയും വാര്‍ഷിക വരുമാനം 5 ലക്ഷത്തില്‍ കവിയാത്തതുമായുള്ള 18 നും 65 നും ഇടയില്‍ പ്രായമുള്ള ഏതൊരാള്‍ക്കും അപേക്ഷിക്കാം. ഈ പദ്ധതിയുടെ പ്രതിമാസ അംശദായം കുറഞ്ഞത് 100 രൂപയാണ്.
അംഗങ്ങള്‍ നിധിയിലേക്ക് അംശാദായമായി നല്‍കുന്ന തുകയുടെ തുല്യമായ തുക പരമാവധി പ്രതിമാസം 250 രൂപ എന്ന നിരക്കില്‍ സര്‍ക്കാര്‍ അംശാദായമായി നല്‍കുന്നതാണ്.
കര്‍ഷകര്‍ക്ക് ലളിതമായും സുഗമമായും സുതാര്യതയോടെ പദ്ധതിയില്‍ അംഗമാകുന്നതിന് അവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം വരാതെ തന്നെ ആഴ്ചയില്‍ 7*24 മണിക്കൂറും ബോര്‍ഡ് അംഗത്വ രജിസ്ട്രേഷന്‍ സാധ്യമാക്കുന്നതിന് ലക്ഷ്യമിട്ടാണ് ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയിട്ടുള്ളത്.
കൂടാതെ, രജിസ്ട്രേഷന്‍ ഫീസ്, അംശാദായം തുടങ്ങിയ ആവശ്യത്തിലേക്ക് തുക അടയ്ക്കുന്നതിന് നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാര്‍ഡ്/ ക്രെഡിറ്റ് കാര്‍ഡ്, gpay, പേ റ്റി എം തുടങ്ങി വിവിധങ്ങളായ യു പി ഐ സംവിധാനങ്ങള്‍ രജിസ്ട്രേഷന്‍ പോര്‍ട്ടലില്‍ ഒരുക്കിയിട്ടുണ്ട്. അംഗമായി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അപേക്ഷകള്‍ കര്‍ഷകര്‍ ക്ഷേമനിധി ബോര്‍ഡിന്‍റെ https//kfwfb.kerala.gov.in/ എന്ന പോര്‍ട്ടല്‍ വഴിയാണ് നല്‍കേണ്ടത്. പദ്ധതിയുടെ ഗുണഭോക്താവ് ആകുന്നതിന് പദ്ധതിയില്‍ നിര്‍ദ്ദേശിക്കുന്ന പ്രകാരമുള്ള രേഖകളും (കര്‍ഷകന്‍റെ സത്യപ്രസ്താവന ഫോട്ടോ കാര്‍ഷിക അനുബന്ധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍റെ സാക്ഷ്യപത്രം (കൃഷി ഓഫീസര്‍ ഒഴികെ), വില്ലേജ് ഓഫീസറില്‍ നിന്നും ലഭിക്കുന്ന അപേക്ഷകന്‍റെ വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്ക്, ആധാര്‍ കാര്‍ഡ്, വയസ്സ് തെളിയിക്കുന്ന രേഖ, ഭൂമിയുടെ കരം അടച്ച രസീതോ /ഭൂമി സംബന്ധിച്ച രേഖകളോ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ) അപ്ലോഡ് ചെയ്യേണ്ടതാണ്. രജിസ്ട്രേഷന്‍ ഫീസ് 100 രൂപ ഓണ്‍ലൈനായി അടയ്ക്കേണ്ടതാണ്.