2022 സീസണിലെ കൊപ്ര സംഭരണത്തിനായി ആഗസ്റ്റ് 1 വരെ അനുവദിച്ചിരുന്ന കാലാവധി നവംബർ 6 വരെ നീട്ടി.
കൊപ്രാ സംഭരണത്തിന്റെ സമയപരിധി നീട്ടണമെന്നാവശ്യപ്പെട്ട് കൃഷിമന്ത്രി നേരത്തെ തന്നെ കേന്ദ്രത്തിന് കത്തയച്ചിരുന്നു. കൊപ്രസംഭരണ പദ്ധതി പ്രകാരം കേരഫെഡിനെയും മാർക്കറ്റ്ഫെഡിനെയുമാണ് സംസ്ഥാനത്ത് സംഭരണ ഏജൻസികളായി കേന്ദ്രം തെരഞ്ഞെടുത്തിരുന്നത്. എന്നാൽ കേരഫെഡിന് എണ്ണ ഉൽപാദനം ഉള്ളതുകൊണ്ട് തന്നെ സംഭരണത്തിൽ ഏർപ്പെടുവാൻ കഴിയില്ല എന്ന ന്യായമാണ് ഫെഡ് അറിയിക്കുകയുണ്ടായത്. ഇത് നാളികേര കർഷകരെയാകെ പ്രതിസന്ധിയിലാക്കിയിരുന്നു.

കഴിഞ്ഞ ആറുമാസമായി പല സ്ഥലങ്ങളിലും കൊപ്രയുടെ മാർക്കറ്റ് വില താങ്ങു വിലയെക്കാൾ കുറവായിരുന്നതിനാൽ നല്ലൊരു അളവിൽ സംഭരണം നടത്തുവാൻ സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്. കൊപ്രസംഭരണം പ്രതിസന്ധിയിലായ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ പച്ചതേങ്ങ സംഭരണം കാര്യക്ഷമമാക്കിയത് കർഷകർക്ക് ഏറെ സഹായകമായി.

സംസ്ഥാനത്തെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്തു സംഭരണ കാലാവധി നീട്ടണമെന്ന സർക്കാരിന്റെ ആവശ്യപ്രകാരമാണ് കേന്ദ്രം ഇപ്പോൾ നവംബർ 6 വരെ കാലാവധി നീട്ടിയിരിക്കുന്നത്.