ഓണ വിഭവങ്ങളുമായി വീട്ടുമുറ്റത്തേക്ക് സഞ്ചരിക്കുന്ന ഹോർട്ടിസ്റ്റോറുകൾ
കൃഷിവകുപ്പിന്റെ വിപണി ഇടപെടൽ പദ്ധതിയുടെ ഭാഗമായി ഓണവിപണിയോടനുബന്ധിച്ച് സെപ്റ്റംബർ 1 മുതൽ 7 വരെ സംസ്ഥാനത്തൊട്ടാകെ 2010 നാടൻ കർഷകചന്തകൾ നടപ്പിലാക്കുന്നു. ഇതിനോടനുബന്ധിച്ചു എല്ലാജില്ലകളിലും ഹോർട്ടികോർപ്പിന്റെ മൊബൈൽ ഹോർട്ടിസ്റ്റോറുകൾ വഴി വിവിധ ഉത്പന്നങ്ങൾ വിതരണം നടത്തുന്ന പദ്ധതിക്കുകൂടി തുടക്കമായി. ഏകീകൃത മാതൃകയിലുള്ള സഞ്ചരിക്കുന്ന യൂണിറ്റുകൾ ജില്ലകളിലെ എല്ലാനിയോജകമണ്ഡലങ്ങളിലും എത്തുന്നതരത്തിൽ ഒരാഴ്ചപ്രവർത്തിക്കും. സഞ്ചരിക്കുന്ന ഹോർട്ടിസ്റ്റോറുകൾ വഴി പഴം പച്ചക്കറികൾ, കർഷകർ ഉല്പാദിപ്പിക്കുന്ന നാടൻ വിഭവങ്ങൾ, കർഷകകൂട്ടായ്മകൾ ഉൽപ്പാദിപ്പിക്കുന്ന മൂല്യവർധിത ഉൽപ്പന്നങ്ങൾ, ഹോർട്ടികോർപ്പിന്റെ തേൻ, തേൻ ഉൽപ്പന്നങ്ങൾ, മറ്റുപൊതുമേഖലാസ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങളായ കേരജം വെളിച്ചെണ്ണ, മറയൂർശർക്കര, കേര ഉൽപ്പന്നങ്ങൾ, കുട്ടനാടൻ അരി, കൊടുമൺ ഇമി എന്നിങ്ങനെ ഓണക്കാലത്ത് ആവശ്യമായ എല്ലാഉൽപ്പന്നങ്ങളും ലഭ്യമാകും.