ഓണത്തിന് കൃഷി വകുപ്പിന്‍റെ 2010 നാടന്‍ കര്‍ഷക ചന്തകള്‍
കൃഷിവകുപ്പിന്‍റെ വിപണി ഇടപെടല്‍ നടപടികളുടെ ഭാഗമായി ഓണം സീസണില്‍ 2010 നാടന്‍ കര്‍ഷക ചന്തകള്‍ സജ്ജീകരിക്കും. കൃഷിവകുപ്പിനൊപ്പം ഹോര്‍ട്ടികോര്‍പ്പും വി.എഫ്.പി.സി.കെയും സംയുക്തമായാണ് വിപണികള്‍ സംഘടിപ്പിക്കുന്നത്. കൃഷി വകുപ്പിന്‍റെ 1350 കര്‍ഷക ചന്തകളും ഹോര്‍ട്ടികോര്‍പ്പിന്‍റെ 500 ചന്തകളും വി.എഫ്.പി.സി.കെയുടെ 160 ചന്തകളുമാണ് സംസ്ഥാനമൊട്ടാകെ സെപ്റ്റംബര്‍ 4 മുതല്‍ 7 വരെയുള്ള നാല് ദിവസങ്ങളിലായി പ്രവര്‍ത്തിക്കുക. കൃഷിവകുപ്പിന്‍റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരം രൂപീകൃതമായ കൃഷിക്കൂട്ടങ്ങള്‍, എ. ഗ്രേഡ് ക്ലസ്റ്ററുകള്‍, എക്കോ ഷോപ്പുകള്‍, ബ്ലോക്ക് ലെവല്‍ ഫെഡറേറ്റഡ് ഓര്‍ഗനൈസേഷനുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് കൃഷിഭവന്‍ തലത്തില്‍ വിപണികള്‍ സംഘടിപ്പിക്കുക.
ഓരോ ജില്ലയിലും സംഘടിപ്പിക്കുന്ന ഓണ വിപണികളിലേക്ക് ആവശ്യമായ പഴം- പച്ചക്കറികള്‍ പരമാവധി അതാത് ജില്ലകളിലെ കര്‍ഷകരില്‍നിന്നുമായിരിക്കും സംഭരിക്കുക. കര്‍ഷകരില്‍ നിന്നും ലഭിക്കാത്ത പച്ചക്കറികള്‍ മാത്രം ഹോര്‍ട്ടികോര്‍പ്പ് അയല്‍സംസ്ഥാനങ്ങളിലെ കര്‍ഷക ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട് എത്തിക്കുന്നതായിരിക്കും.
ഓണവിപണികള്‍ക്കായി കര്‍ഷകരില്‍ നിന്നും നേരിട്ട് സംഭരിക്കുന്ന പച്ചക്കറികള്‍ പൊതു വിപണിയിലെ വിലയേക്കാള്‍ 10% അധികം വില നല്‍കി സംഭരിക്കുന്നതും ഓണവിപണി കളിലൂടെ വില്പന നടത്തുമ്പോള്‍ പൊതുവിപണിയിലെ വില്പന വിലയേക്കാള്‍ 30% കുറഞ്ഞവിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതുമാണ്.
നല്ല കൃഷി മുറ സമ്പ്രദായത്തിലൂടെ ഉത്പാദിപ്പിക്കപ്പെട്ട ഏഅജ സര്‍ട്ടിഫൈഡ് പച്ചക്കറി ഉല്‍പ്പന്നങ്ങള്‍ സംഭരിക്കുമ്പോള്‍ പൊതുവിപണിയില്‍ നിന്നും കര്‍ഷകര്‍ക്ക് ലഭ്യമാകുന്ന സംഭരണ വിലയേക്കാള്‍ 20 ശതമാനം അധിക വില നല്‍കി സംഭരിക്കുകയും പൊതു വിപണി വിലയില്‍ നിന്നും 10% കുറഞ്ഞവിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് വില്‍പ്പന നടത്തുന്നതുമാണ്. കൃഷിവകുപ്പ്, ഹോര്‍ട്ടികോര്‍പ്പ്, വിഎഫ്പിസികെ എന്നിവര്‍ നടത്തുന്ന സ്റ്റാളുകളില്‍ നാടന്‍ പച്ചക്കറികള്‍, പച്ചക്കറി ഉത്പന്നങ്ങള്‍, വട്ടവട കാന്തല്ലൂര്‍ പച്ചക്കറികള്‍, എന്നിവയ്ക്ക് പ്രത്യേകം ബോര്‍ഡുകള്‍ ഉണ്ടായിരിക്കും