വയനാട്ടിലെ കൃഷി നാശം – സ്ഥിതി വിലയിരുത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചു 

കഴിഞ്ഞ രണ്ട് ആഴ്ചയായി അനുഭവപ്പെടുന്ന കനത്ത മഴയെ തുടർന്നുണ്ടായ പ്രകൃതി ക്ഷോഭത്തിൽ വയനാട് ജില്ലയിൽ വ്യാപകമായുണ്ടായ കൃഷി നാശനഷ്ടം വിലയിരുത്തുന്നതിനും തൽസ്ഥിതി റിപ്പോർട്ട് ചെയ്യുന്നതിനും മറ്റു നടപടികൾ ത്വരിതപ്പെടുത്താനുമായി പ്രത്യേക സംഘത്തെ നിയോഗിച്ചതായി കൃഷിമന്ത്രി പി.പ്രസാദ് അറിയിച്ചു. കർഷകർക്ക് അടിയന്തിര ഘട്ടങ്ങളിൽ ആവശ്യമായ നിർദ്ദേശം നൽകുന്നതിന് കൃഷി ഉദ്യോഗസ്ഥർ ഏത് സമയത്തും ജാഗരൂകരായിരിക്കണമെന്ന് മന്ത്രി പറഞ്ഞു. പ്രത്യേക സംഘത്തിന് ആവശ്യമായ നിർദ്ദേശം നല്കാൻ കൃഷി ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. കാസർഗോഡ് ജില്ലയിൽ ഇതിനകം തന്നെ ഒരു പ്രത്യേക സംഘത്തെ കൃഷി നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനായി നിയോഗിച്ചിരുന്നു.

വയനാട് ജില്ലയിൽ ധാരാളം വാഴ കർഷകർക്ക് കനത്ത നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക റിപ്പോർട്ട്. കൃഷിയിടങ്ങളിൽ വെള്ളക്കെട്ടും മണ്ണിടിച്ചിലും ഇപ്പോഴും തുടരുന്ന സാഹചര്യമാണുള്ളത്. ജൂലൈ ഒന്നു മുതൽ ഇതുവരെ വയനാട് ജില്ലയിൽ 3733 കർഷകർക്കായി 56.5 കോടിയുടെ കൃഷിനാശമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തലിൽ കണക്കാക്കപ്പെട്ടിട്ടുള്ളത്.