ഭക്ഷ്യ സ്വയംപര്യാപ്തതക്കായി ഞങ്ങളും കൃഷിയിലേക്ക്
സർക്കാരിന്റെ രണ്ടാം 100 ദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി ഭക്ഷ്യ സ്വയംപര്യാപ്തതയും സുരക്ഷിത ഭക്ഷ്യ ഉല്പാദനത്തിനുമായി കുടുംബങ്ങളെ സജ്ജമാക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന കൃഷിവകുപ്പ് ആരംഭിക്കുന്ന ജനകീയ പദ്ധതിയാണ് ‘ഞങ്ങളും കൃഷിയിലേക്ക്’. ഓരോ വ്യക്തികളെയും അതിലൂടെ കുടുംബത്തെയും തുടർന്ന് സമൂഹത്തെയും കൃഷിയിലേക്ക് ഇറക്കുന്നതാണ് പദ്ധതി. ഒരു സെന്റ് മുതൽ ഒരു ഹെക്ടർ വരെയുള്ള സ്ഥലത്ത് കൃഷിയിറക്കാം. കൃഷിവകുപ്പിനൊപ്പം തദ്ദേശസ്വയംഭരണം, ജലസേചനം, സഹകരണം, വ്യവസായം, മൃഗ സംരക്ഷണം തുടങ്ങി വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
പുതുതായി ഒരു ലക്ഷം തൊഴിലവസരങ്ങൾ കാർഷികമേഖലയിൽ സൃഷ്ടിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കുന്നതിനുള്ള കാർഷിക മുറകളും പരിമിതമായ ഇടങ്ങളിൽ പോലും കൃഷിചെയ്യാനുമുള്ള സാങ്കേതിക പരിശീലനങ്ങൾ സംഘടിപ്പിക്കും. ആവശ്യമായ വിത്തുകളും തൈകളും ജൈവ കീടനാശിനികളും നൽകും. കൃഷിയിലേക്കുള്ള താല്പര്യം ജനിപ്പിക്കാനും കാർഷിക സംസ്കാരം വീണ്ടെടുക്കാനുമുള്ള വിവിധ പ്രചാരണ പരിപാടികൾ കൂടി ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുക
യുവാക്കൾ, സ്ത്രീകൾ, പ്രവാസികൾ, രാഷ്ട്രീയ-സന്നദ്ധ സംഘടനകൾ, മതസംഘടനകൾ, സ്കൂളുകൾ, കോളേജുകൾ തുടങ്ങി സമൂഹത്തിലെ മുഴുവൻ വിഭാഗങ്ങളെയും പദ്ധതിയിൽ പങ്കാളികളാക്കും. തരിശുഭൂമികൾ പരമാവധി കൃഷിയോഗ്യമാക്കും. പദ്ധതിയിൽ ഉൾപ്പെടുന്ന കർഷകർക്കെല്ലാം കിസാൻ ക്രഡിറ്റ് കാർഡ് ലഭ്യമാക്കും. മൂല്യവർദ്ധിത സംരംഭങ്ങൾക്ക് പ്രത്യേക പ്രോത്സാഹനം ലഭിക്കും. എല്ലാവിധ സാങ്കേതിക സഹായവും ലഭ്യമാക്കാൻ കൃഷിഭവനുകൾ കേന്ദ്രീകരിച്ച് പ്രത്യേക സംവിധാനങ്ങൾ ഉണ്ടാവും.
10,000 കൃഷിക്കൂട്ടങ്ങൾ പുതുതായി രൂപീകരിക്കുന്നതിൽ 80 ശതമാനം ഉൽപ്പാദന മേഖല കേന്ദ്രീകരിച്ചും 20 ശതമാനം വിപണന, മൂല്യവർദ്ധിത മേഖല കേന്ദ്രീകരിച്ചുമായിരിക്കും. ഒരോ കൂട്ടത്തിലും പത്ത് അംഗങ്ങൾ ഉണ്ടായിരിക്കും. ഒരു പഞ്ചായത്തിൽ കുറഞ്ഞത് 10 കൂട്ടങ്ങളെങ്കിലും ഉണ്ടാവും. നെല്ല്, പച്ചക്കറി, കിഴങ്ങുവർഗ്ഗങ്ങൾ തുടങ്ങിയ ഭക്ഷ്യ വിളകൾ അടിസ്ഥാനമാക്കിയാവും ഗ്രൂപ്പുകൾ രൂപീകരിക്കുന്നത്. സമ്മിശ്ര ഗ്രൂപ്പുകളും ആകാം. കർഷകർ, കർഷക തൊഴിലാളികള്‍, സ്ത്രീകള്‍, യുവാക്കള്‍, പ്രവാസികള്‍, റസിഡൻഷ്യൽ അസോസിയേഷനുകൾ, കുട്ടികള്‍ എന്നിവരുടെ ഗ്രൂപ്പുകൾ ഉണ്ടാക്കി അവരെ കൃഷിയിലേക്ക് സജ്ജരാക്കും 10 സെന്റു മുതല്‍ 2.5 ഏക്കർ വരെ കൃഷി ഓരോ ഗ്രൂപ്പിനും ഉണ്ടാവും ഒറ്റക്കൊറ്റക്കും ഗ്രൂപ്പായും കൃഷി ചെയ്യാം. ഉത്പാദനം, സേവനം, സംഭരണം, സംസ്കരണം, വിപണനം എന്നിവയ്ക്കായി പ്രത്യേക ഗ്രൂപ്പുകൾ ഉണ്ടായിരിക്കും.
അതാത് സ്ഥലത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻതല സമിതികൾ രൂപീകരിച്ചായിരിക്കും പ്രവർത്തനം. തദ്ദേശ സ്ഥാപന തലവൻ ആയിരിക്കും സമിതി ചെയർമാൻ. ക്യാമ്പയിന്റെ പ്രചാരണം, ഏകോപനം വിലയിരുത്തൽ എന്നിവയ്ക്കും വിള നിർണ്ണയവും ഉത്പാദനവും വാർഡ്തലത്തിൽ ക്രോഡീകരിച്ച് തദ്ദേശ തലത്തിൽ തയാറാക്കാനും സമിതി മേൽനോട്ടം വഹിക്കും.
ഓരോ പഞ്ചായത്തിലും നഗരസഭയിലും ആവശ്യത്തിന് വിപണന കേന്ദ്രങ്ങൾ സ്ഥാപിക്കണം. പദ്ധതിക്കായി പ്രവർത്തനകലണ്ടറും തയാറാക്കാം.
കാർഷിക മേഖലയിലെ മൂല്യ വർധനവ് പ്രയോജനപ്പെടുത്തി കർഷകവരുമാനം വർദ്ധിപ്പിക്കുക, മണ്ണ് സമ്പുഷ്ടമാക്കുക, പരിസ്ഥിതി സംരക്ഷിക്കുക, കാർഷികമേഖലയെ ഇതര ഭക്ഷ്യമേഖലകളുമായി കോർത്തിണക്കുക എന്നിവയും പദ്ധതിയുടെ ലക്ഷ്യമാണ്. കാർഷിക കൂട്ടായ്മയിലൂടെ ഒരുലക്ഷം തൊഴിലവസരങ്ങൾ കാർഷികമേഖലയിൽ സൃഷ്ടിക്കുക എന്നതും മുഖ്യആകർഷണമാണ്. തനതായ കാർഷിക വിഭവങ്ങളെ സംരക്ഷിക്കാനും പദ്ധതി വഴി സാധിക്കും. പാരിസ്ഥിക മേഖല ആധാരമാക്കിയുള്ള കൃഷിരീതിയും അതനുസരിച്ചുള്ള ബജറ്റിംഗുമാണ് നടപ്പാക്കുന്നത്. സമ്മിശ്രകൃഷിയും നവീന കൃഷിരീതികളും പദ്ധതിയിൽ നടപ്പാക്കും. കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കുന്ന കാർഷിക വിളകൾക്ക് പ്രാമുഖ്യം നൽകും. വിള ഇൻഷുറൻസ് ആനുകൂല്യം മാനദണ്ഡം പാലിക്കുന്ന എല്ലാ കർഷകർക്കും ലഭിക്കും.
പദ്ധതി നടപ്പായാൽ പ്രാദേശിക വിപണി ഉണർന്ന് പ്രവർത്തിക്കും. യന്ത്രവത്ക്കരണം ശക്തിപ്പെടുത്തുന്നതോടൊപ്പം അതിന്റെ പ്രയോജനം കർഷകർക്ക് ലഭിക്കുന്നു. വീട്ടുവളപ്പിലെ കൃഷിയും പുരയിട കൃഷിയും പരമാവധി പ്രോത്സാഹിപ്പിക്കും. മട്ടുപ്പാവ് കൃഷി, ഹൈടെക്ക് കൃഷി എന്നിവയും ഇതിൽ ഉൾപ്പെടും. പ്രചാരണ ക്യാമ്പയിനുകൾ, കൃഷി വണ്ടി, കാരണവർ കൂട്ടായ്മകൾ, കർഷക കോർണറുകൾ, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ എന്നിവ പദ്ധതിക്കായി ഏകോപിപ്പിക്കും. അങ്കൻ വാടികളും വിദ്യാലങ്ങളും കേന്ദ്രീകരിച്ച് വിദ്യാർത്ഥികളിൽ കാർഷിക അറിവുകൾ പകരാൻ പ്രത്യേക കൃഷിപാഠങ്ങൾ ഉണ്ടാകും.
എല്ലാ വ്യക്തികളിലും കാർഷിക സംസ്കാരം ഉണർത്തുക അതുവഴി സ്ഥായിയായി നിലനിൽക്കുന്ന ഒരു കാർഷിക മേഖല കേരളത്തിൽ സൃഷ്ടിച്ചെടുക്കുക എന്ന സന്ദേശമാണ് ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന ബൃഹത്ത് പദ്ധതി വിഭാവനം ചെയ്യുന്നത്.