തെങ്ങ് കൃഷിയുടെ സമഗ്രപരിചരണത്തിനായി കേരഗ്രാമം പദ്ധതി
—
സംസ്ഥാനത്തെ തെങ്ങുകൃഷിയിൽ ശാസ്ത്രീയമായ പരിചരണമുറകൾ അവലംബിച്ചു നാളികേരത്തിന്റെ ഉൽപാദനവും ഉൽപ്പാദന ക്ഷമതയും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്ന ബൃഹദ് പദ്ധതിയാണ് കേരഗ്രാമം. പദ്ധതിയുടെ ഭാഗമായി തെങ്ങ് കൃഷിയുടെ സമഗ്രപരിചരണത്തിനായി സംയോജിത പരിചരണമുറകൾ, ജലസേചന സൗകര്യം മെച്ചപ്പെടുത്തൽ, ജൈവവള ഉത്പാദനം, തെങ്ങ് കയറ്റയന്ത്രങ്ങളുടെ വിതരണം എന്നീ സഹായങ്ങൾ നടപ്പാക്കുന്നു. 250 ഹെക്ടർ വിസ്തൃതിയിൽ തെങ്ങ് കൃഷിയുള്ള തുടർച്ചയായ ഭൂപ്രദേശമാണ് ഒരു കേരഗ്രാമമായി കണക്കാക്കുന്നത്. 2021 വരെ സംസ്ഥാനത്ത് 251 കേരഗ്രാമങ്ങളാണുണ്ടായിരുന്നത്. ഈ സാമ്പത്തികവർഷം 84 കേരഗ്രാമങ്ങൾ കൂടി കണ്ടെത്തി സമഗ്രപരിചരണം നടത്തിവരികയാണ്.
സംയോജിത പരിചരണ മുറകൾ സ്വീകരിക്കുന്നതിന് ഹെക്ടറിന് 25,000 രൂപ, സൂക്ഷ്മ ജലസേചന സൗകര്യമുൾപ്പെടെയുളള ജലസേചന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിന് ഹെക്ടറിന് 25,000 രൂപ ക്രമത്തിൽ പരമാവധി 5 ലക്ഷം രൂപ, ഒരു തെങ്ങുകയറ്റ യന്ത്രത്തിന് 2000 രൂപ നിരക്കിൽ വിതരണം, 8 ജൈവ വള ഉൽപ്പാദന യൂണിറ്റുകൾ, ഒരു യൂണിറ്റിന് 10,000 രൂപ നിരക്കിൽ ആനുകൂല്യം, പഞ്ചായത്തുതല കേര സമിതികൾക്കുളള പ്രവർത്തനചെലവായി 1 ലക്ഷം രൂപ, മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ, മിനി കയർനിർമ്മാണ/ സംസ്‌കരണ യൂണിറ്റിന് 2 ലക്ഷം രൂപ, കേര ഗ്രാമവുമായി ബന്ധപ്പെട്ടുള്ള കൃഷി ഭവനുകളുടെ പ്രവർത്തന ചെലവായി 15,000 രൂപ, താൽപര്യമുള്ള കേരഗ്രാമങ്ങൾക്ക് കേരാധിഷ്ഠിത മൂല്യവർദ്ധന യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് ചെറുകിട കർഷക കാർഷിക കൺസോർഷ്യം മുഖേന പരമാവധി 25 ലക്ഷം രൂപയുടെ പ്രോജക്ട് അധിഷ്ഠിതധനസഹായം എന്നിവ കേരഗ്രാമം പദ്ധതിയിലൂടെ കർഷകർക്ക് നൽകി വരുന്നു.
50.17 ലക്ഷം രൂപയാണ് ഒരു കേരഗ്രാമത്തിന് മേൽപ്പറഞ്ഞ ഘടകങ്ങൾക്കായി ഒന്നാം വർഷ അനുകൂല്യമായി കൃഷിവകുപ്പ് അനുവദിക്കുന്നത്. ബാക്കി തുക തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതമാണ്. സംയോജിത പരിപാലന മുറകൾ കേരഗ്രാമങ്ങളിൽ രണ്ടാം വർഷം തുടരുന്നതിന് 20.0085 ലക്ഷം രൂപ ഒരു കേരഗ്രാമത്തിന് എന്ന തോതിൽ പദ്ധതി സഹായം ലഭ്യമാണ്. തെങ്ങുകൾക്കു വളപ്രയോഗം മൂന്നാം വർഷവും തുടരുന്നതിന് 6.25 ലക്ഷം രൂപയാണ് ലഭിക്കുക.
ഈവർഷം 84 ഒന്നാം വർഷ കേരഗ്രാമങ്ങളിലെ 21,000 ഹെക്ടറിൽ സംയോജിത പരിപാലന മുറകൾ നടത്തുന്നുണ്ട്. ഇതുവരെ 15,563 ഹെക്ടർ ഭൗതിക ലക്ഷ്യം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. 1,92,808 കർഷകർക്ക് പദ്ധതി ആനുകൂല്യം ലഭ്യമാക്കി. കേരഗ്രാമങ്ങളുടെ രണ്ടാം വർഷ സംയോജിത പരിപാലന മുറകൾ 15 കേരഗ്രാമം പഞ്ചായത്തുകളിലെ 3750 ഹെക്ടറിലാണ് നടന്നുവരുന്നത്. 3650 ഹെക്ടർ ഭൗതിക ലക്ഷ്യം കൈവരിക്കാനായിട്ടുണ്ട്. 36,546 കർഷകർക്ക് പദ്ധതി ആനുകൂല്യം ലഭ്യമാക്കി. കേരഗ്രാമങ്ങളുടെ മൂന്നാം വർഷ വളപ്രയോഗം 55 കേരഗ്രാമങ്ങളിലെ 13,750 ഹെക്ടറിലാണ് നടക്കുന്നത്. ഇതുവരെ 12,800 ഹെക്ടർ ഭൗതികലക്ഷ്യം കൈവരിക്കാനായി. 59,829 കർഷകർക്കാണ് പദ്ധതി ആനുകൂല്യം ലഭിച്ചത്.
1213 തെങ്ങുകയറ്റ യന്ത്രങ്ങൾ, 14 ജൈവള നിർമ്മാണ യൂണിറ്റുകൾ, 771 ഹെക്ടറിൽ ജലസേചന സൗകര്യം എന്നിവ പദ്ധതിയിലൂടെ നടപ്പാക്കിയിട്ടുണ്ട്. കോക്കനട്ട് കൗൺസിൽ പദ്ധതി പ്രകാരം 10,60,102 എണ്ണം അത്യുൽപ്പാദന ശേഷിയുള്ള ഗുണമേന്മയേറിയ തെങ്ങിൻ തൈകൾ കർഷകർക്ക് 50 ശതമാനം സബ്സിഡി നിരക്കിൽ വിതരണം ചെയ്തു. കേര കർഷകരെ സഹായിക്കാൻ വലിയ രീതിയിലുള്ള സഹായവും പ്രോത്സാഹനവും കൃഷി വകുപ്പ് നൽകുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് കേരഗ്രാമം പദ്ധതി.