Agriculture should give a dignified life to the farmer: P Prasad

കർഷകന് അന്തസ്സാർന്ന ജീവിതം നൽകുന്നതാകണം കൃഷി: പി പ്രസാദ്

 

കർഷകന് സമൂഹത്തിൽ അന്തസ്സാർന്ന ജീവിതം നയിക്കുവാൻ ഉതകുന്ന വൃത്തി ആകണം കൃഷി. മറ്റേതൊരു വിഭാഗത്തെ പോലെയും കർഷകന്റെയും ജീവിതനിലവാരവും സ്ഥിര വരുമാനവും ഉറപ്പാക്കുവാനും കാർഷികവൃത്തിയിലൂടെ കഴിയണമെന്നും കൃഷിമന്ത്രി പി പ്രസാദ് അഭിപ്രായപ്പെട്ടു. പതിനാലാം പഞ്ചവത്സര പദ്ധതി ആസൂത്രണ ത്തിന്റെ ഭാഗമായി കാർഷിക മേഖലയിലെ പദ്ധതി നിർദ്ദേശങ്ങൾക്കായി സംസ്ഥാനത്തെ തെരഞ്ഞെടുത്ത കർഷകരെയും ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി തിരുവനന്തപുരം ആനയറ സമേതിയിൽ സംഘടിപ്പിച്ച ‘കൃഷിഗീത’ ശിൽപശാലയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർപേഴ്സൺ ഡോ. വി കെ രാമചന്ദ്രന്റെ അധ്യക്ഷതയിലായിരുന്നു സമാപന സമ്മേളനം. 11 മുതൽ 13 വരെ മൂന്ന് ദിനങ്ങളിലായാണ് ശിൽപശാല സംഘടിപ്പിച്ചത്.

പരമ്പരാഗത കൃഷി കലണ്ടറും കാലാവസ്ഥ കലണ്ടറും മാറിയിരിക്കുകയാണെന്നും കാലാവസ്ഥാ വ്യതിയാനത്തിന് അനുസരിച്ച് പുത്തൻ കാർഷിക മുറകളും കാലാവസ്ഥ അനുരൂപ മാതൃകകളും നടപ്പിലാക്കുവാൻ കർഷകർ തയ്യാറാകണമെന്നും മന്ത്രി സൂചിപ്പിച്ചു. സംസ്ഥാനത്തെ അഗ്രോ ഇക്കോളജിക്കൽ യൂണിറ്റുകളായി തിരിച്ചു കൊണ്ടുള്ള പദ്ധതി ആസൂത്രണം ഇത്തരത്തിൽ കാലാവസ്ഥ അനു രൂപമാതൃകകൾ നടപ്പിലാക്കുവാൻ സഹായിക്കും. പതിനാലാം പഞ്ചവത്സരപദ്ധതിയിൽ ജൈവകൃഷിയ്ക്കും മുൻ തൂക്കമുണ്ടാകും. കേരളത്തിൽ 1957 ൽ ശീമക്കൊന്ന വാരാചരണ ത്തിലൂടെയാണ് ജൈവ വിപ്ലവത്തിന് തുടക്കം കുറിച്ചത്.ജൈവ കൃഷിയുടെ പ്രസക്തി ഇന്ന് വർദ്ധിച്ചിട്ടുണ്ട്. മനുഷ്യന്റെ ആരോഗ്യം മുന്നിൽ കണ്ടുകൊണ്ടുള്ള കൃഷിരീതികൾ പരമാവധി പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി അറിയിച്ചു.

കോവിഡാനന്തര സമൂഹത്തിൽ ഏറ്റവും പ്രധാനം കൃഷിക്കായിരിക്കുമെന്ന് ചടങ്ങിന് അധ്യക്ഷം വഹിച്ച ആസൂത്രണ ബോർഡ് വൈസ് ചെയർപേഴ്സൺ ഡോക്ടർ വി കെ രാമചന്ദ്രൻ സൂചിപ്പിച്ചു. ഉത്പാദനക്ഷമത, ലാഭം, സുസ്ഥിരത എന്നീ ആശയങ്ങൾ മുന്നിൽ കണ്ടുകൊണ്ടുള്ളതായിരിക്കണം പതിനാലം പഞ്ചവത്സര പദ്ധതിയിലെ കാർഷികപദ്ധതികൾ.

ശിൽപ്പശാലയുടെ അവസാന രണ്ട് ദിവസം 13 വിഷയങ്ങളെ ആസ്പദമാക്കി ഗ്രൂപ്പടിസ്ഥാനത്തിലുള്ള ചർച്ചയും വിഷയാവതരണവുമാണ് നടന്നത്. കർഷകർ , വിവിധ തലത്തിലെ ഉദ്യോഗസ്ഥർ എന്നിവർ അടങ്ങുന്നതായിരുന്നു ഓരോ ഗ്രൂപ്പും. വിവര സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ കാർഷികരംഗം, കാർഷികോൽപാദന സുനിശ്ചിതത്വ കർമ്മപരിപാടി, പച്ചക്കറി ഉത്പാദനം അഞ്ചുവർഷത്തിൽ ഇരട്ടിയാക്കൽ, കാർഷിക മേഖലയും നവീന കൃഷിരീതികളും, കാർഷിക മേഖലയിൽ സാമ്പത്തിക ധനകാര്യ സ്ഥാപനങ്ങളുടെ ഇടപെടൽ, നീർത്തടാധിഷ്ഠിത പദ്ധതി രൂപീകരണം, കാർഷികമേഖലയും യുവജന പങ്കാളിത്തവും, പദ്ധതി രൂപീകരണത്തിനും നടത്തിപ്പിലും അടിസ്ഥാനവിവരങ്ങൾ ശക്തിപ്പെടുത്തൽ, മാർക്കറ്റിംഗ് ആൻഡ് വാല്യൂ അഡിഷൻ, സംയോജിത കൃഷി രീതികൾ, ജൈവകൃഷി – സമകാലീന പ്രസക്തി, ഫാം ടൂറിസം,കാലാവസ്ഥ വ്യതിയാനം എന്നീ 13 വിഷയങ്ങളിൽ ആയിരുന്നു രണ്ടു ദിവസം ചർച്ച വന്നത്. ഗ്രൂപ്പ് അടിസ്ഥാന ചർച്ചയ്ക്കുശേഷം നിർദ്ദേശങ്ങൾ ഓരോ ഗ്രൂപ്പും കൃഷി മന്ത്രിക്കും വിദഗ്ദ്ധ പാനലിനും മുമ്പാകെ അവതരിപ്പിക്കുകയുണ്ടായി.

സമാപന സമ്മേളനത്തിൽ ആസൂത്രണ ബോർഡ് അംഗങ്ങളായ ഡോക്ടർ രാമ കുമാർ, ഡോക്ടർ കെ രവി രാമൻ, ഡോക്ടർ ജിജു പി അലക്സ്, നാഗേഷ് എസ് എസ്, കാർഷികോൽപാദന കമ്മീഷണർ ഇഷിത റോയ് ഐ എഎസ് , കൃഷി ഡയറക്ടർ സുഭാഷ് ടി വി ഐഎഎസ്, . ഡബ്ല്യു.ടി.ഒ സെൽ സ്പെഷ്യൽ ഓഫീസർ ആരതി ഐ ഇ എസ് എന്നിവർ സംസാരിച്ചു.