പച്ചത്തേങ്ങ സംഭരണത്തോടൊപ്പം കൊപ്രാ സംഭരണവും വിപുലീകരിക്കും
നാളികേരത്തിന്റെ വില തകർച്ചയെ തുടർന്ന് വിവിധ സർക്കാർ ഏജൻസികൾ വഴി കൃഷി വകുപ്പ് നടത്തി വരുന്ന പച്ചത്തേങ്ങ സംഭരണം തുടരുന്നതോടൊപ്പം കൊപ്രാ സംഭരണവും വിപുലീകരിക്കും. ഈ വർഷം 34/- രൂപക്കാണ് പച്ചത്തേങ്ങ സംഭരിക്കുന്നത്. കേരഫെഡ് നേരിട്ടും വിവിധ സഹകരണ സംഘങ്ങൾ, FPOകൾ, കേരള നാളികേര വികസന കോർപ്പറേഷന്റെ കേന്ദ്രങ്ങൾ എന്നിവ മുഖേനയാണ് പച്ചത്തേങ്ങയുടെ സംഭരണം നടത്തി വരുന്നത്.
കേന്ദ്ര സർക്കാർ അംഗീകരിച്ച ഉത്പാദന ചെലവിനെ അടിസ്ഥാനമാക്കി 2022-23 വർഷം കേരളത്തിൽ ഒരു നാളികേരത്തിന്റെ ഉത്പാദന ചെലവ് 9.91/-രൂപയും അഖിലേന്ത്യ അടിസ്ഥാനത്തിൽ 7.92 രൂപയുമാണ്. ഇപ്രകാരം അഖിലേന്ത്യ അടിസ്ഥാനത്തിൽ കണക്കാക്കിയ ഉത്പാദന ചെലവിനെ അധിഷ്ഠിതമാക്കി കുറഞ്ഞ താങ്ങുവില പ്രഖ്യാപിക്കുമ്പോൾ കേരളത്തെ സംബന്ധിച്ച് ഈ നിരക്ക് കുറവാണ്. കേരളത്തിന്റെ വർദ്ധിച്ച ഉത്പാദന ചെലവ് പരിഗണിച്ച് സംസ്ഥാന അടിസ്ഥാനത്തിൽ താങ്ങുവില പ്രഖ്യാപിക്കണമെന്നും നിലവിലെ നിരക്ക് ഉയർത്തണമെന്നും കേന്ദ്ര സർക്കാരിനോട് കേരളം നിരവധി തവണ ആവശ്യപ്പെട്ടിട്ടുള്ളതാണ്.
കർഷകരുടെ ആവശ്യങ്ങളെയും തുടർന്ന് നടത്തിയ പഠനത്തിന്റെയും അടിസ്ഥാനത്തിൽ ഒരു വർഷത്തിൽ തെങ്ങ് ഒന്നിന് പരമാവധി 70 നാളികേരം എന്ന കണക്കിൽ പച്ചത്തേങ്ങ സംഭരിക്കുവാൻ നിലവിൽ അനുവാദം നല്കിയിട്ടുണ്ട്. മുൻപ് ഇത് 50 ആയിരുന്നു. വർഷത്തിൽ ആറു തവണയായി നടത്തിയിരുന്ന പച്ചത്തേങ്ങ സംഭരണം കർഷകർ രേഖാമൂലം ആവശ്യപ്പെടുന്ന പക്ഷം അഞ്ച് തവണയായും സംഭരിക്കുന്നതിന് സർക്കാർ ഉത്തരവിലൂടെ അനുവാദം നൽകിയിട്ടുണ്ട്. കർഷകരുടെ ആവശ്യാനുസരണം പുതിയ സംഭരണ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് അംഗീകാരം നല്കുവാൻ കൃഷി ഡയറക്ടർക്ക് അനുവാദം നല്കിയിട്ടുണ്ട്.
നാളികേരത്തിന്റെ വാർഷിക ഉല്പാദനക്ഷമത എഴുപത് എണ്ണത്തിൽ കൂടുതലുണ്ടെന്ന വിഷയം പരിശോധിക്കാൻ കാർഷിക വിദഗ്ദ്ധരുടെ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നാളികേര കൃഷി കൂടുതലായുള്ള മേഖലയിൽ നിയമസഭാ സാമാജികരുമായി കൂടിയാലോചിച്ച് അവരുടെ സഹകരണത്തോടെ പ്രാദേശിക സൗകര്യങ്ങൾ ഉറപ്പ് വരുത്തി കൂടുതൽ സംഭരണ കേന്ദ്രങ്ങൾ അനുവദിക്കും. ആസിയാൻ കരാർ പോലുള്ള രാജ്യത്തിൻറെ അന്താരാഷ്ട്ര ഇടപെടലുകൾ മൂലം കേര കർഷകരിലുണ്ടാക്കിയ ആഘാതങ്ങൾക്ക് അറുതി വരുത്താൻ കേര ഗ്രാമങ്ങൾ പോലുള്ള പദ്ധതികൾക്ക് ഒരു പരിധി വരെ കഴിഞ്ഞിട്ടുണ്ട്. തുടർന്നും പുതിയ കേര ഗ്രാമങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ചു വരുന്നു.
നാഫെഡ് കൊപ്ര സംഭരിക്കുന്നതിന്റെ ഭാഗമായി മാർക്കറ്റ്ഫെഡ് മുഖേനയും കേരള വെജിറ്റബിൾ & ഫ്രൂട്ട് പ്രൊമോഷൻ കൗൺസിലിന്റെ (VFPCK) സ്വാശ്രയ കർഷക വിപണികൾ മുഖേനയും കേരളം കൊപ്ര സംഭരിക്കുന്നുണ്ട്. സെൻട്രൽ വെയർഹൌസിംഗ് കോർപ്പറേഷനെയും കൊപ്രാസംഭരണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രം നൽകുന്ന താങ്ങുവിലയ്ക്ക് പുറമേ സംസ്ഥാനം കി.ഗ്രാമിന് 4.70/-രൂപ അധികം നല്കി കൊപ്ര സംഭരണത്തിലും അടിസ്ഥാന വില 34/- രൂപ സർക്കാർ കർഷകർക്ക് ഉറപ്പാക്കുന്നുണ്ട്. പ്രൈസ് സപ്പോർട്ട് സ്കീം 2023 പ്രകാരം നാഫെഡ് മുഖേനയുള്ള കൊപ്ര സംഭരണം കൂടുതൽ ഫലപ്രദമായി നടപ്പാക്കുന്നതിന് വി എഫ് പി സി കെ മുഖേന പച്ച തേങ്ങ കർഷകരിൽ നിന്നും ശേഖരിച്ച് കൊപ്രയാക്കി നാഫെഡിന് കൈമാറുന്നതിന് കൈകാര്യചെലവായി നാഫെഡ് കൊപ്ര സംഭരണത്തിന് നൽകുന്ന കൈകാര്യചെലവിന് പുറമേ ഒരു കിലോ പച്ച തേങ്ങയ്ക്ക് ഒരു രൂപ എഴുപതു പൈസ ക്രമത്തിൽ വി എഫ് പി സി കെ ക്ക് നിജപ്പെടുത്തി നൽകിയിട്ടുണ്ട്. കൂടാതെ പച്ചത്തേങ്ങയുടെ ഗുണനിലവാരം പരിശോധിക്കുന്നതിനും, സംഭരണം കൂടുതൽ കാര്യക്ഷമമാക്കുവാനും കൃഷിഭവൻ തലത്തിലുള്ള ഉദ്യോഗസ്ഥരുടെ സഹകരണവും ഉറപ്പാക്കുന്നുണ്ട്. വിപണി ഇടപെടലിനായി മാറ്റിവെച്ചിട്ടുള്ള തുകയിൽ നിന്നും സംഭരണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി 50 ലക്ഷം രൂപയും അനുവദിച്ചു.
കേന്ദ്ര സർക്കാരിന്റെ പ്രൈസ് സപ്പോർട്ട് സ്കീം പ്രകാരം കേരഫെഡിനെ കൊപ്രാ സംഭരണത്തിൽ നിന്നും നാഫെഡ് ഒഴിവാക്കിയതിനാൽ കേരഫെഡിന് കൊപ്രാ സംഭരണം നടത്തുവാൻ സാധിച്ചിട്ടില്ല. പ്രസ്തുത വ്യവസ്ഥ മാറ്റി നല്കണമെന്ന് കേന്ദ്ര സർക്കാരിനോട് രേഖാമൂലവും നേരിട്ടും കത്തിലൂടെയും ആവശ്യപ്പെട്ടിട്ടുള്ളതാണ്. കേന്ദ്ര സർക്കാരിന്റെ പദ്ധതി പൂർണ്ണമായും കൊപ്രാ സംഭരണം മാത്രമായിരിക്കുകയും ഉയർന്ന കൂലി ചെലവ് മൂലം പച്ചത്തേങ്ങ കൊപ്രയാക്കാൻ കർഷകർ വിമുഖത കാണിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തെ കേര കർഷകരുടെ താത്പര്യ സംരക്ഷണത്തിനായി സംസ്ഥാന സർക്കാർ ഇടപെട്ട് കൊപ്രാ സംഭരണ പദ്ധതിയിൽ പച്ചത്തേങ്ങാ കൂടി സംഭരിച്ച് അംഗീകൃത ഏജന്സികൾ മുഖേന അത് കൊപ്രയാക്കി നാഫെഡിന് കൈമാറുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുള്ളത്. ഇത് കൂടാതെ കൊപ്ര സംഭരണത്തിൽ ഉണ്ട കൊപ്ര കൂടി ഉൾപ്പെടുത്തണമെന്നും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പച്ചത്തേങ്ങയും, വിത്ത് തേങ്ങയും സംഭരിച്ചത് പ്രകാരം കർഷകർക്ക് ലഭിക്കാനുള്ള സംഭരണ വില കൊടുത്തുതീർക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്.