Farmers were trained in packaging technology
 കർഷകർക്ക്  പാക്കേജിങ് സാങ്കേതികവിദ്യയിൽ പരിശീലനം നടത്തി
 
  മൂല്യവർദ്ധനവിലൂടെ കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് മികച്ച വില ലഭിക്കുക, അതിലൂടെ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ സംസ്ഥാന കൃഷി വകുപ്പ് കർഷകർക്കായി  പാക്കേജിങ് സാങ്കേതികവിദ്യയിൽ  ദ്വിദിന പരിശീലനം നടത്തി. കർഷകർക്കും കാർഷിക ഉത്പാദന സംഘടനകൾക്കും കൃഷിക്കൂട്ടങ്ങൾക്കുമായി ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ്  പാക്കേജിങ്ങും സമേതിയും സംയുക്തമായി തിരുവനന്തപുരത്താണ് പരിശീലനം സംഘടിപ്പിച്ചത്.
മൂല്യവർധന – വിപണന മേഖലകളിൽ പ്രവർത്തിക്കുന്ന കാർഷിക ഉത്പാദന സംഘടനകൾക്കും കൃഷിക്കൂട്ടങ്ങൾക്കും കർഷകർക്കും പാക്കേജിംഗ് സാങ്കേതികവിദ്യയിൽ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി 10 പരിശീലനങ്ങളാണ് കൃഷി വകുപ്പ് സംഘടിപ്പിക്കുന്നത്. 
  കർഷകർ നിലവിൽ അനുവർത്തിച്ചു പോരുന്ന പാക്കേജിങ് രീതികൾ വിശകലനം ചെയ്ത് ആവശ്യമായ മാറ്റങ്ങൾ ഉൾകൊള്ളിക്കുവാനും, ആഗോള തലത്തിൽ പുതുതായി ഉപയോഗപെടുത്തുന്ന സാങ്കേതികവിദ്യകൾ കേരളത്തിലെ കർഷകർക്ക് പ്രയോജനപ്രദമാക്കുവാനും ഈ  പരിശീലന പരിപാടിയിലൂടെ ലക്ഷ്യമിടുന്നു.
 
 
തിരുവനന്തപുരത്ത് നടന്ന വൈഗ 2023ൽ ഫെബ്രുവരി  27നാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  പാക്കേജിങ്ങുമായി ധാരണപത്രം ഒപ്പുവച്ചത്. മാർച്ച് മാസത്തിൽ തന്നെ ആദ്യ പരിശീലന പരിപാടി സംഘടിപ്പിച്ചു.
ജൂലൈ 11,12 തീയതികളിൽ നടന്ന പരിശീലനത്തിൽ തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 70 കർഷകർ, സർക്കാർ – അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ,  തുടങ്ങിയവർ  പങ്കെടുത്തു.