A muram vegetable project for Onam

ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി 

സംസ്ഥാനത്ത് എല്ലാ കുടുംബങ്ങളിലും കാർഷിക സംസ്കാരം ഉണർത്തുക, കേരളത്തെ ഭക്ഷ്യ സ്വയം പര്യാപ്തതയിൽ എത്തിക്കുക, കൂടാതെ വിഷരഹിത പച്ചക്കറി ഉല്പാദനം കാര്യക്ഷമമായി നടപ്പിൽ വരുത്തുക തുടങ്ങിയ ലക്ഷ്യത്തോടെ കൃഷിവകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ‘ഞങ്ങളും കൃഷിയിലേക്ക്’. മലയാളികളുടെ ദേശീയ ഉൽസവമായ ഓണത്തോടനുബന്ധിച്ച് ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ഓണനാളുകളിൽ വിഷരഹിതമായ പച്ചക്കറികൾ നമ്മുടെ വീട്ടുവളപ്പുകളിൽ നിന്ന് തന്നെ ലഭ്യമാക്കാൻ ഉദ്ദേശിച്ച് നടപ്പിലാക്കി വരുന്ന ബൃഹത് പദ്ധതിയാണ് ‘ഓണത്തിന് ഒരു മുറം പച്ചക്കറി’.

പച്ചക്കറി ഉല്പാദനത്തിൽ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും പങ്കാളികളാക്കുക എന്ന ഉദ്ദേശ്യത്തോടെ സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ടാണ് ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി 2023-24 സാമ്പത്തിക വർഷം നടപ്പിലാക്കുവാൻ വിഭാവനം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി പച്ചക്കറി വിത്ത് പാക്കറ്റുകൾ, തൈകൾ, ദീർഘകാല പച്ചക്കറി തൈകൾ എന്നിവ സംസ്ഥാനത്തെ 1076 കൃഷിഭവനുകൾ വഴി സൗജന്യമായി നൽകുന്നു. കർഷകർ, കൃഷിക്കൂട്ടങ്ങൾ, വിദ്യാർത്ഥികൾ, സഹകരണ സ്ഥാപനങ്ങൾ, കുടുംബശ്രീകൾ, ഉദ്യോഗസ്ഥർ, സന്നദ്ധ സംഘടനകൾ, ജനപ്രതിനിധികൾ, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ തുടങ്ങി പൊതു സമൂഹത്തിലെ എല്ലാ വിഭാഗത്തെയും പങ്കെടുപ്പിച്ചുകൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.

പദ്ധതിയുടെ വിശദാംശങ്ങൾ

‘ഓണത്തിന് ഒരു മുറം പച്ചക്കറി’ പദ്ധതിയുടെ ഭാഗമായി വിത്തിനങ്ങൾ അടങ്ങിയ 25 ലക്ഷം പച്ചക്കറി വിത്ത് പായ്ക്കറ്റുകൾ വിതരണം ചെയ്യുന്നു. കൂടാതെ പച്ചക്കറി ഇനങ്ങളുടെ 100 ലക്ഷം തൈകൾ ഈ പദ്ധതിയിലൂടെ കൃഷിക്കാർക്ക് വിതരണം ചെയ്യുന്നു. ദീർഘകാല പച്ചക്കറി വിളകളുടെ (മുരിങ്ങ, കറിവേപ്പ്, അഗത്തി ചീര) 2 ലക്ഷം തൈകളും ‘ഓണത്തിന് ഒരു മുറം പച്ചക്കറി’ പദ്ധതിയുടെ ഭാഗമായി വിതരണം നടത്തുന്നു. വിവിധ ഇനങ്ങളടങ്ങിയ അത്യുല്പാദന ശേഷിയുള്ള സങ്കരയിനം വിത്തുകളുടെ 20 ലക്ഷം പായ്ക്കറ്റുകളും, അത്യുല്പാദന ശേഷിയുള്ള പച്ചക്കറി ഇനങ്ങളുടെ 116.66 ലക്ഷം തൈകളും വിതരണത്തിന് തയ്യാറാക്കി കഴിഞ്ഞു. പദ്ധതി നടത്തിപ്പിനായുള്ള പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടന്നു വരികയാണ്. പ്രമുഖ മാധ്യമങ്ങളുടെ കാർഷിക – കാർഷികേതര മാസികകളിലൂടെയും 4 ലക്ഷം പച്ചക്കറി വിത്ത് പായ്ക്കറ്റുകൾ ഓണം ലക്ഷ്യമിട്ടുകൊണ്ട് വിതരണത്തിന് തയ്യാറാക്കിയിട്ടുണ്ട്.

പദ്ധതി നടപ്പിലാക്കുന്നതിലേയ്ക്കായി ബംഗലുരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചർ റിസർച്ച് (IIHR), തമിഴ്നാട് കാർഷിക സർവ്വകാലശാല, വാരണാസിയിലെ ഭാരതീയ പച്ചക്കറി ഗവേഷണ സ്ഥാപനം (IVRI), വെജിറ്റബിൾ ആന്റ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ കേരളം (വി.എഫ്.പി.സി.കെ.), കേരള കാർഷിക സർവ്വകലാശാല (KAU), കൃഷി വകുപ്പിന്റെ കീഴിലുള്ള ഫാമുകൾ, കാർഷിക കർമ്മസേന, അഗ്രോ സർവ്വീസ് സെന്റർ, കൃഷിക്കൂട്ടം, ബ്ലോക്ക് ലവൽ ഫെഡറേറ്റഡ് ഓർഗനൈസേഷനുകൾ, കുടുംബശ്രീ, കൃഷിവകുപ്പ് അംഗീകരിച്ച ബ്ലോക്ക് പഞ്ചായത്ത് തല നഴ്സറികൾ തുടങ്ങിയ സ്ഥാപനങ്ങൾ/ ഏജൻസികൾ മുഖേനയാണ് പച്ചക്കറി വിത്ത്, തൈകൾ എന്നിവ ഉല്പാദിപ്പിച്ച് വിതരണത്തിന് തയ്യാറാക്കുന്നത്.

“ഓണത്തിന് ഒരു മുറം പച്ചക്കറി ‘ പദ്ധതിയുടെ ഭാഗമായി മേൽ പറഞ്ഞ പദ്ധതി ഘടകം വിജയകരമായി നടപ്പിലാക്കി ഓണ നാളുകളിൽ നമ്മുടെ വീട്ടുവളപ്പിൽ നിന്നു തന്നെ വിഷരഹിതമായ പച്ചക്കറി സമൃദ്ധമായി ഉല്പാദിപ്പിക്കുവാൻ സാധ്യമാക്കുവാനാണ് കൃഷിവകുപ്പ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.