10760 farm plans have been formed in the state

കർഷകൻ്റെ വിഭവസാധ്യത ശാസ്ത്രീയമായി ഉപയോഗപ്പെടുത്തി, കർഷകൻ്റെ വരുമാനം ഗണ്യമായി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 10760 ഫാം പ്ലാനുകൾ സംസ്ഥാനത്ത് രൂപികരിച്ചു. വ്യത്യസ്ത ഭൂപ്രകൃതിക്ക് അനുസരിച്ച് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയും കൃത്യമായ ആസൂത്രണത്തിലൂടെ വിവിധ വിളകൾ കൃഷി ചെയ്തുകൊണ്ട് മികച്ച വരുമാനം നേടാൻ കർഷകനെ പ്രാപ്തമാക്കുന്ന പദ്ധതിയാണ് ഫാം പ്ലാൻ. വടക്കാഞ്ചേരി ബ്ലോക്കിൽ മാത്രം 70 ഫാം പ്ലാനുകൾ രൂപീകരിച്ചു. 1080 ഫാം പ്ലാനുകൾ രൂപീകരിച്ച് മലപ്പുറം ജില്ലയാണ് ഒന്നാമത്. കേരൾഗ്രോ എന്ന ബ്രാൻഡിൽ കൃഷിവകുപ്പ് ഉൽപന്നങ്ങൾ ആമസോൺ, ഫ്ളിപ്കാർട്ട് എന്നീ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ വിപണനം നടത്തുന്ന പദ്ധതിക്കും ആരംഭമായി. ആദ്യ ഘട്ടത്തിൽ കൃഷിവകുപ്പിൻ്റെ ഫാമുകളുടെ ഉൽപ്പന്നങ്ങളാണ് വില്പനയ്ക്ക് തയ്യാറായിട്ടുള്ളത്. 100 ഉൽപ്പന്നങ്ങളാണ് വില്പനയ്ക്ക് ലക്ഷ്യമിട്ടതെങ്കിലും 131 ഉത്പ്പന്നങ്ങൾ വിപണനത്തിന് തയ്യാറായി. കർഷകർക്ക് പ്രയോജനം ലഭിക്കണമെന്നുണ്ടെങ്കിൽ കാർഷിക ഉൽപ്പന്നങ്ങൾ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി വിപണനം നടത്തണം. ഇതിനായി 11 വകുപ്പുകൾ സംയോജിപ്പിച്ച് മൂല്യവർദ്ധിത കാർഷികമിഷൻ രൂപീകരിച്ചു. കാർഷിക ഉൽപ്പന്നങ്ങളുടെ വിപണനത്തിന് ആകർഷകവും അന്താരാഷ്ട്ര നിലവാരമുള്ളതുമായ പാക്കിംഗ് ആവശ്യമാണ് കർഷകർക്കും, കർഷക ഗ്രൂപ്പുകൾക്കും പാക്കിംഗിന് ആവശ്യമായ പരിശീലനവും സഹായവും നൽകേണ്ടതുണ്ട്. ഇതിനായി മുംബൈ ആസ്ഥാനമായുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജുമായി ധാരണാപത്രം ഒപ്പിട്ടതായും അതിൻ്റെ ആദ്യഘട്ട പരിശീലനം ആരംഭിച്ചതായും അറിയിച്ചു. കേരളത്തിലെ കാർഷിക മേഖല വളർച്ചയുടെ പാതയിലാണെന്നും മുൻവർഷത്തെ അപേക്ഷിച്ച് 4.64% വളർച്ച കൈവരിക്കാൻ സാധിച്ചു.
കർഷകൻ അനുഭവിക്കുന്ന പ്രയാസങ്ങൾക്കും പ്രതിസന്ധികൾക്കും പരിഹാരം കാണാനുള്ള ഇടപെടൽ സംസ്ഥാന സർക്കാർ നടത്തുന്നുണ്ട്. അതിനൊരു ഉദാഹരണമാണ് വനമേഖലയോട് ചേർന്ന് കിടക്കുന്ന 51 മണ്ഡലങ്ങളിൽ നടത്തിയ വനസൗഹൃദ സദസ്സ്. വന്യമൃഗങ്ങളിൽ നിന്നും കർഷകരെയും കൃഷിയെയും എങ്ങനെ സംരക്ഷിക്കാം അതിനെക്കുറിച്ചുള്ള സമഗ്രമായ ചർച്ചയാണ് സൗഹൃദസദസ്സിൽ ഉണ്ടായത്. കാർഷികമേഖലയിലേക്ക് ആത്മവിശ്വാസത്തോടെ കടന്നുവരാനുള്ള സാഹചര്യമാണ് നിലവിലുള്ളത്.