Apply now for welfare benefits including Farmers Welfare Fund Pension

സംസ്ഥാനത്ത് കാർഷിക അനുബന്ധ പ്രവർത്തനങ്ങൾ കൊണ്ട് ഉപജീവനം നടത്തുന്ന എല്ലാ കർഷകരുടെയും ക്ഷേമവും ഉന്നമനവും ലക്ഷ്യമിട്ട് കർഷക ക്ഷേമനിധി പെൻഷൻ ഉൾപ്പെടെയുള്ള ക്ഷേമ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി ഇപ്പോൾ അപേക്ഷിക്കാം. 5 സെന്റിൽ കുറയാതെയും 15 ഏക്കറിൽ കവിയാതെയും വിസ്തീർണ്ണമുള്ള ഭൂമി കൈവശം വെച്ചിരിക്കുകയും, മൂന്ന് വർഷത്തെ കുറയാത്ത കാലയളവിൽ കൃഷി- കൃഷി അനുബന്ധ പ്രവർത്തനങ്ങൾ പ്രധാന ഉപജീവനമാർഗം ആയിരിക്കുകയും വാർഷിക വരുമാനം 5 ലക്ഷത്തിൽ കവിയാതെയുളള 18-നും 65 വയസ്സിനും ഇടയിൽ പ്രായമുള്ള ഏതൊരാൾക്കും അപേക്ഷിക്കാം. ഈ പദ്ധതിയുടെ പ്രതിമാസ അംശാദായം 100 രൂപയാണ്. അംഗമായി രജിസ്റ്റർ ചെയ്യുന്നതിനുള്ള അപേക്ഷകൾ കർഷകർ ക്ഷേമനിധി ബോർഡിന്റെ https://kfwfb.kerala.gov.in/ എന്ന പോർട്ടൽ വഴിയാണ് നൽകേണ്ടത്. പദ്ധതിയുടെ ഗുണഭോക്താവ് ആകുന്നതിന് പദ്ധതിയിൽ നിർദ്ദേശിക്കുന്ന പ്രകാരമുള്ള രേഖകളും (കർഷകന്റെ സത്യപ്രസ്താവന, ഫോട്ടോ, കാർഷിക അനുബന്ധ പ്രവർത്തനവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ സാക്ഷ്യപത്രം) വില്ലേജ് ഓഫീസറിൽ നിന്നും ലഭിക്കുന്ന അപേക്ഷകന്റെ വാർഷിക വരുമാന സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക്, ആധാർ കാർഡ് വയസ് തെളിയിക്കുന്ന രേഖ, ഭൂമിയുടെ കരം അടച്ച രസീതോ/ഭൂമി സംബന്ധിച്ച രേഖകളോ, എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അപ്ലോഡ് ചെയ്യേണ്ടതാണ്. രജിസ്ട്രേഷൻ ഫീ ആയി 100 രൂപ ഓൺ ലൈൻ ആയി അടയ്ക്കേണ്ടതാണ്.