Canara Bank is ready to give loans by accepting the DPRs of 31 agricultural enterprises prepared by the Department of Agriculture

കാർഷിക മേഖലയിലെ സംരംഭകത്വ പ്രോത്സാഹനത്തിനായി വൈഗ 2023 നോടനുബന്ധിച്ച് ഡി.പി.ആർ ക്ലിനിക് പ്രത്യേകമായി വിഭാവനം ചെയ്തു നടപ്പാക്കുകയാണ്. ഇത്തവണത്തെ വൈഗയുടെ ഏറ്റവും പ്രധാന ആകർഷണമാണ് ഡി.പി.ആർ. ക്ലിനിക്ക്. സംരംഭകർക്ക് വഴികാട്ടിയാകുക എന്ന ലക്ഷ്യത്തിൽ കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന ഡി.പി.ആർ ക്ലിനിക് തിരുവനന്തപുരം സമേതിയിൽ ഫെബ്രുവരി 15 മുതൽ 17 വരെയുള്ള തീയതികളിൽ മൂന്ന് ദിവസമായിട്ടാണ് നടത്തപ്പെട്ടത്. ഒരു സംരംഭത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ഒരു ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ട് അഥവാ ഡി.പി.ആർ. ഇതിൽ ആ സംരംഭത്തിന് ആവശ്യമായ എല്ലാ ഘടകങ്ങളും ഉൾക്കൊള്ളുന്നു. ഘടകങ്ങൾ എന്നാൽ സംരംഭത്തിന് ആവശ്യമായ ഭൗതിക സാഹചര്യം അസംസ്കൃത വസ്തുക്കളുടെ ലഭ്യത, യന്ത്രസാമഗ്രികൾ, സാങ്കേതികവിദ്യ, സാമ്പത്തിക സ്രോതസ്സ്, സാമ്പത്തിക വിശകലനം, ആ പ്രൊഡക്ഷൻ യൂണിറ്റിന്റെ കപ്പാസിറ്റി, തുടങ്ങി ആ സംരംഭത്തിന്റെ എല്ലാ മേഖലയും കോർത്തിണക്കിയാണ് ഒരു ഡി.പി.ആർ രൂപകൽപന ചെയ്യുന്നത്.

ഓൺലൈനായി രജിസ്റ്റർ ചെയ്ത 118 അപേക്ഷകളിൽ നിന്ന് ഇന്റർവ്യൂ നടത്തി 71 സാധ്യതാ സംരംഭങ്ങൾ തിരഞ്ഞെടുക്കുകയും. ഇതിൽ നിന്ന് 50 മാതൃകാ സംരംഭങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തു. ഇത്തരത്തിൽ തിരഞ്ഞെടുത്ത 50 മാതൃകാ സംരംഭങ്ങളായിരിക്കും ഡി.പി.ആർ ക്ലിനിക്കിൽ ഉൾപെടുത്തുക. വിദഗ്ദ്ധരുടെ ഒരു പാനലിനു മുന്നിൽ സംരംഭകരാകാൻ ആഗ്രഹിക്കുന്നയാൾ തന്റെ സ്വപ്നങ്ങളും അതിനു വേണ്ടി താൻ ചെയ്തിട്ടുള്ള തയ്യാറെടുപ്പുകളും അവതരിപ്പിക്കുന്നു. പാനലിൽ ശാസ്ത്രജ്ഞർ, സാമ്പത്തിക വിദഗ്ദ്ധർ, സാങ്കേതികവിദഗ്ദ്ധർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, അഗ്രികൾച്ചറൽ ഇൻഫ്രാസ്ട്രക്ച്ചറൽ ഫണ്ട് പദ്ധതിയിലെ ഉദ്യോഗസ്ഥർ, സ്റ്റേറ്റ് ഹോർട്ടികൾച്ചറൽ മിഷൻ, നബാർഡിന്റെ സബ്സിഡിയറി ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷൻ ആയ നാബ്കോൺ തുടങ്ങിയവർ ഉൾപ്പെടുന്നു. സംരംഭകന്റെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്നതിന് സഹായിക്കുന്നതും ബാങ്കുകൾക്ക് ഏറ്റെടുക്കാൻ കഴിയുന്നതുമായ കുറ്റമറ്റ ഒരു ഡി പി ആർ ആണ് സംരംഭകന് ഡി പി ആർ ക്ലിനിക്കിന്റെ ഇടപെടലോടെ ലഭിക്കുന്നത്. കൂടാതെ വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥർ ക്ലിനിക്കിന്റെ ഭാഗമായി ഒരു കുടക്കീഴിൽ സമന്വയിക്കുന്നതിനാൽ സംരംഭകന്റെ പ്രോജക്ട് ഇതര വകുപ്പുകൾ ഏറ്റെടുത്ത് വിജയിപ്പിക്കുന്നതിന്റെ സംയോജന സാധ്യതകളും ക്ലിനിക്കിൽ പരിഗണിക്കുന്നു.

ഡി.പി.ആർ ക്ലിനിക്കിന്റെ ഭാഗമായി 50 സംരംഭകരുടെ സംരംഭങ്ങൾക്കാണ് ഡി.പി.ആറുകൾ തയ്യാറാക്കി നൽകുന്നത്. സംരംഭകരിൽ നിന്ന് ശേഖരിക്കുന്ന ആശയങ്ങളെ വിദഗ്ദ്ധ സമിതി വിശകലനം ചെയ്ത് ഡി പി ആർ തയ്യാറാക്കുന്നതിനോടൊപ്പം സർക്കാർ പദ്ധതികളെ സമന്വയിപ്പിക്കുന്നതിനും അത് പ്രകാരമുള്ള പരമാവധി ആനുകൂല്യങ്ങൾ സംരംഭങ്ങൾക്ക് ലഭിക്കാനും ഡി.പി.ആർ ക്ലിനിക്കിലൂടെ സാധിക്കും. മാർച്ച് ഒന്നാം തീയതി ഡി.പി.ആറുകൾക്ക് അന്തിമ രൂപം നൽകുകയും തുടർന്ന് സംരംഭകർക്ക് ഡി.പി.ആറുകൾ കൈമാറുകയും ചെയ്യും. 20 കോടിയിലധികം രൂപയുടെ വിശദമായ പദ്ധതി രേഖകളാണ് തയ്യാറാകുന്നത്. ഇതുവരെ 31 ഡി പി ആറുകൾക്ക് സഹായം നൽകുന്നതിന് ലീഡ് ബാങ്ക് തത്വത്തിൽ തീരുമാനിച്ചിട്ടുണ്ട്.