Value Added Agriculture Mission Outlined

കൃഷിക്കാരുടെ വരുമാനം, കാര്‍ഷികോല്‍പാദന ക്ഷമത, ഉല്‍പ്പന്ന സംസ്കരണം, ഉത്പന്നങ്ങളുടെ വില, മൂല്യവര്‍ധിത പ്രവര്‍ത്തനങ്ങളില്‍ നിന്നും മറ്റ് അനുബന്ധ മേഖലയില്‍ നിന്നുമുള്ള വരുമാനങ്ങള്‍ എന്നിവയില്‍ വര്‍ദ്ധനവ് വരുത്തുന്നതിനായി മൂല്യവര്‍ദ്ധിത കൃഷി മിഷന്‍ പ്രവര്‍ത്തന മാര്‍ഗരേഖയോടെ രൂപീകൃതമായി. മുഖ്യമന്ത്രി ചെയര്‍പേഴ്സണായും കൃഷി മന്ത്രി,വ്യവസായ വകുപ്പ് മന്ത്രി എന്നിവര്‍ വൈസ് ചെയര്‍ പേഴ്സണ്‍മാരായും കാര്‍ഷികോല്പാദന കമ്മീഷണര്‍ കണ്‍വീനറുമായാണ് മിഷന്‍ രൂപീകൃതമായത്.

കാര്‍ഷികമേഖലയില്‍ ഉണ്ടായിട്ടുള്ള പ്രധാന നേട്ടങ്ങള്‍, നിലവിലുള്ള അനുഭവങ്ങള്‍, നയങ്ങള്‍, വിപണി, സാങ്കേതികവശങ്ങള്‍ എന്നിവ പരിഗണിച്ച് പ്രധാനമായും ഇടപെടേണ്ട മേഖലകള്‍ കണ്ടെത്തുന്നതിനും അതുവഴി മൂല്യവര്‍ധിത കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി ആവിഷ്കരിക്കുന്നതിനും കേന്ദ്രീകൃത സമീപനം രൂപീകരിക്കുന്നതിനുമായി നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ വര്‍ക്കിംഗ് പേപ്പറിന് മന്ത്രിസഭ ഉപസമിതി അംഗീകാരം നല്‍കിയതിനെ തുടര്‍ന്നാണ് മിഷന്‍ രൂപീകൃതമായിരിക്കുന്നത്. സമാഹരണ പ്രവര്‍ത്തനങ്ങള്‍, സ്റ്റാന്‍ഡേര്‍ഡൈസേഷന്‍, ഗുണനിലവാര നിയന്ത്രണം, സ്റ്റാന്‍ഡിങ്, ലേബലിംഗ് എന്നിവ ഉറപ്പുവരുത്തുന്ന മികച്ച ആഭ്യന്തര -വിദേശ വിപണിക്കു വേണ്ടിയുള്ള ആസൂത്രണങ്ങള്‍ എന്നിവ ഈ നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്. നൂതന യന്ത്രവല്‍ക്കരണം, ബഹിരാകാശ അധിഷ്ഠിത സാങ്കേതികവിദ്യകളുടെ ഉപയോഗം, ദ്രുതഗതിയിലുള്ള വിജ്ഞാന വ്യാപനം എന്നിവയും മിഷന്‍ നടത്തിപ്പിന്‍റെ നിര്‍ദ്ദേശത്തില്‍ ഉള്‍പ്പെടുന്നു. 2022 -23ലെ ബജറ്റില്‍ മിഷന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തിയിട്ടുള്ള തുക, നിര്‍ദിഷ്ട കേര പ്രോജക്റ്റ്, ആര്‍. കെ.ഐ, ആര്‍ ഐ ഡി എഫ് തുടങ്ങിയവയില്‍ നിന്നും മൂല്യവര്‍ദ്ധിത മിഷനുള്ള ഫണ്ട് കണ്ടെത്തും.

സര്‍ക്കാര്‍ അംഗീകരിച്ച വര്‍ക്കിംഗ് ലിസ്റ്റില്‍ ഓരോ ജില്ലയിലെയും ഉല്‍പ്പന്നങ്ങളും അവയില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും വിശദീകരിക്കുന്നുണ്ട്. വാഴപ്പഴം,നാളികേരം, കശുമാങ്ങ, കാപ്പി, തേയില, ചക്ക, മാങ്ങ,ചെറുധാന്യങ്ങള്‍, നെല്ല്, സുഗന്ധവ്യഞ്ജനങ്ങള്‍, ഔഷധസസ്യങ്ങള്‍, റബര്‍, കിഴങ്ങുവര്‍ഗ്ഗവിളകള്‍, വെറ്റില എന്നിവ ഇതില്‍ ഉള്‍പ്പെടും. ഉടന്‍ നടപ്പിലാക്കുന്ന
പദ്ധതി മൂല്യവര്‍ദ്ധിത കൃഷി മിഷന് കൂടുതല്‍ കരുത്തേകും. ഉത്പാദനക്ഷമത വര്‍ദ്ധനവ്
മൂല്യവര്‍ധിത മിഷന്‍റെ ഒരു പ്രധാന ഇടപെടല്‍ മേഖലയായിരിക്കും. ഒരു ജില്ല -ഒരു ഉത്പന്നം,ഒരു ജില്ല-ഒരു ആശയം, ഒരു കൃഷിഭവന്‍- ഒരു ഉത്പന്നം, ഗുണനിലവാരമുള്ള നടീല്‍വസ്തുക്കളുടെ വിതരണത്തിനായി നഴ്സറി ആക്ട്, തുടങ്ങിയ നയപരമായ തീരുമാനങ്ങളിലും മിഷന്‍ ഇടപെടല്‍ ഉണ്ടാകും. ഒപ്പംതന്നെ അടിസ്ഥാനസൗകര്യ വികസനം, സ്മാര്‍ട്ട് കൃഷിഭവന്‍ ആശയം, പഞ്ചായത്ത് തലത്തിലുള്ള കൃഷി കൂട്ടങ്ങളുടെ ശാക്തീകരണം, ഗ്രീന്‍ ലേബല്‍ ഫെസിലിറ്റേഷന്‍ സെന്‍ററുകള്‍ എന്നിവയും മിഷന്‍ ദൗത്യത്തിന്‍റെ ഭാഗമാവും.

കേരളത്തെ കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ ഫ്രൂട്ട് പ്ലേറ്റ് ആക്കി മാറ്റുക എന്ന ആശയം കൂടി മൂല്യവര്‍ധിത മിഷന്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. കാര്‍ഷിക ഉല്‍പ്പാദക സംഘങ്ങളുടെ സഹായത്തോടെ വിപണനം, കയറ്റുമതി എന്നിവയില്‍ നല്ലൊരു ഇടപെടല്‍ നടത്തുന്നതായിരിക്കും. സ്റ്റാര്‍ട്ട് അപ്പ് മിഷന്‍, കയറ്റുമതിക്കാര്‍, എന്നിവരുടെ കൂടി സഹായത്താല്‍ പ്രാദേശിക ഉത്പന്നങ്ങള്‍ക്ക് രാജ്യാന്തരതലത്തില്‍ വിപണി കണ്ടെത്തുകയാണ് ലക്‌ഷ്യം .