Paddy storage: Govt steps up

സീസണിലെ നെല്ലുസംഭരണം വിജയകരമായി പൂർത്തിയാക്കുന്നതിനായി സർക്കാർ തലത്തിൽ നടപടികൾ ഊർജ്ജിതമാക്കി.

33 പാഡി പ്രൊക്വയർമെന്റ് അസിസ്റ്റന്റുമാരെ നിയമിച്ച് കൃഷി ഡയറക്ടർ ഉത്തരവ് പുറത്തിറക്കി. നെല്ല് സംഭരണ പ്രവർത്തനങ്ങൾക്ക് ആവശ്യമുള്ള ഉദ്യോഗസ്ഥരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള നടപടികൾ നടക്കുന്നു. സംസ്ഥാനത്താകെ 79,125 കർഷകർ നെല്ലു സംഭരിക്കുന്നതിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആഗസ്റ്റ് ഒന്നുമുതലാണ് ഈ സീസണിലെ കർഷക രജിസ്‌ട്രേഷൻ തുടങ്ങിയത്.

തിരുവനന്തപുരം -692, കൊല്ലം-120, പത്തനംതിട്ട-3, ആലപ്പുഴ-8764, കോട്ടയം-4219, ഇടുക്കി-3, വയനാട്-6567, പാലക്കാട്-55169, എറണാകുളം-688, തൃശ്ശൂർ-2047, മലപ്പുറം-418, കണ്ണൂർ-311, കാസർഗോഡ്-124 എന്നിങ്ങനെയാണ് കർഷകരുടെ എണ്ണം.

കൊയ്ത് തുടങ്ങിയ പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ യഥാക്രമം 250, 350 ഏക്കറുകളിലെ 500, 700 ടൺ നെല്ല് സംഭരണത്തിന് തയ്യാറായിട്ടുണ്ട്. കൊയ്ത്ത് തുടരുകയാണ്. പാലക്കാട്, തൃശൂർ ജില്ലകളിൽ വിരിപ്പ് സീസണിൽ 85000, 60000 ഏക്കറുകളിൽ നിന്നും യഥാക്രമം 1.9 ലക്ഷവും 12000 ടണ്ണും വിളവ് പ്രതീക്ഷിക്കുന്നു.

പാലക്കാട് ജില്ലയിൽ ഒക്ടോബർ, നവംബർ മാസങ്ങളിലും തൃശൂർ ജില്ലയിൽ നവംബർ, ഡിസംബർ മാസങ്ങളിലും കൂടുതൽ നെല്ല് സംഭരണം നടക്കും. ആലപ്പുഴ, കോട്ടയം ജില്ലകളിൽ സെപ്റ്റംബർ അവസാന ആഴ്ച്ച കൊയ്ത് തുടങ്ങും. ഈ ജില്ലകളിൽ സെപ്റ്റംബർ മാസം യഥാക്രമം 370, 14 മെട്രിക് ടൺ നെല്ല് പ്രതീക്ഷിക്കുന്നു. വിരിപ്പ് സീസണിൽ ഈ ജില്ലകളിൽ നിന്നും യഥാക്രമം 40,000, 25,000 മെട്രിക് ടൺ നെല്ല് പ്രതീക്ഷിക്കുന്നു. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലാണ് ഈ മേഖലകളിൽ അധികമായി സംഭരണം നടക്കുന്നത്. മറ്റ് ജില്ലകളിൽ ഡിസംബറോടെ വലിയതോതിൽ സംഭരണം നടക്കും.