Govt gives permission to implement salary revision of farm workers

ഫാം തൊഴിലാളികളുടെ ശമ്പളപരിഷ്കരണം നടപ്പിലാക്കാൻ സർക്കാർ തീരുമാനം

കൃഷി -മൃഗസംരക്ഷണ -ക്ഷീരവികസന വകുപ്പുകളിലെ ഫാം തൊഴിലാളികളുടെ ശമ്പള പരിഷ്കരണം നടപ്പിലാക്കാൻ സർക്കാർ തീരുമാനം. 2021 സെപ്റ്റംബർ 2 ലെ 74/2021 നമ്പർ ഉത്തരവ് പ്രകാരം തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകൾ പരിഷ്കരിക്കുന്നതിനായി കൃഷിവകുപ്പ് അഡിഷണൽ സെക്രട്ടറി അധ്യക്ഷനായി ഒരു സമിതി രൂപീകരിക്കുകയും ഈ സമിതി സമയബന്ധിതമായി സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. സമിതി മുന്നോട്ടുവച്ച ശുപാർശമേൽ ധനകാര്യ വകുപ്പ് അനുകൂല തീരുമാനമെടുക്കുകയും ഇത് പ്രകാരം ഫാം തൊഴിലാളികളുടെ ശമ്പള സ്കെയിൽ 23000-50200 മുതൽ 26500-60700 വരെ (പഴയത് 16500-35700 മുതൽ 19000-43600) ആക്കി പുതുക്കി നിശ്ചയിക്കുന്നതിന് അനുമതി നൽകിയിരിക്കുകയുമാണ്. ശമ്പള പരിഷ്കരണത്തിന് 2019 ജൂലൈ ഒന്ന് മുതലുളള പ്രാബല്യം ലഭിക്കും. ഡി എ ഒഴികെയുള്ള പ്രതിമാസ അലവൻസുകളുടെ പ്രാബല്യതീയതി 2021 മാർച്ച് ഒന്നായിരിക്കും. ഇതോടൊപ്പം തന്നെ കാഷ്വൽ തൊഴിലാളികളുടെ വേതനവും പുതുക്കി നിശ്ചയിക്കുന്നതിന് തീരുമാനമായിട്ടുണ്ട്. 5 വർഷം വരെ സർവീസ് കാലാവധി ഉള്ളവർക്ക് 900 രൂപയും അഞ്ചു മുതൽ 15 വർഷം വരെയുള്ളവർക്ക് 920 രൂപയും 15 വർഷത്തിന് മുകളിലുള്ളവർക്ക് 930 രൂപയും ആയിരിക്കും വേതനം. കാഷ്വൽ തൊഴിലാളികൾക്ക് സർക്കാർ ജീവനക്കാർക്ക് കലാകാലങ്ങളിൽ പ്രഖ്യാപിക്കുന്ന ക്ഷാമബത്ത അതേ നിരക്കിലും രീതിയിലും നൽകുന്നതായിരിക്കും. കേരളത്തിലെ കൃഷി, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പുകളിലെ 2982 സ്ഥിര തൊഴിലാളികൾക്കും 1004 കാഷ്വൽ തൊഴിലാളികൾക്കും ശമ്പള പരിഷ്കരണത്തിന്റെ ആനുകൂല്യങ്ങൾ ലഭിക്കും.