കർഷകരാണ് ഏറ്റവും വലിയ സെലിബ്രിറ്റികൾ: മന്ത്രി പി.പ്രസാദ്
അന്നം തരുന്ന കർഷകരെയാണ് നമ്മൾ ആദരിക്കേണ്ടതെന്നും അവരാണ് ഏറ്റവും വലിയ സെലിബ്രിറ്റികളെന്നും കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. ആനാട് ഗ്രാമപഞ്ചായത്തിൽ കേരഗ്രാമം പദ്ധതിയുടെ ഒന്നാം വര്‍ഷിക ആഘോഷമായ ‘കേരോത്സവം-ഗ്രാമവിളബംരം’ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കർഷകന്റെ മനസ് നിറയുമ്പോൾ മാത്രമാണ് സമൂഹം പുരോഗതിയിലേക്ക് എത്തുന്നത്. കർഷകർ കൃഷിയിലേക്ക് ഇറങ്ങുന്നില്ല എന്ന് തീരുമാനിച്ചാൽ ലോകത്തിന്റെ മുക്കിലും മൂലയിലും അത് പ്രതിഫലിക്കും. സർവ്വ നാശമായിരിക്കും അതിന്റെ ഫലം എന്നും മന്ത്രി പറഞ്ഞു.
ഞങ്ങളും കൃഷിയിലേക്ക് എന്ന മുദ്രാവാക്യം എല്ലാവരും ഏറ്റെടുക്കണം. കൃഷി ചെയ്യാത്ത ഒരു വീട് പോലും ഉണ്ടാകരുത് എന്നതാണ് ലക്ഷ്യം. അങ്ങനെയാണെങ്കിൽ നമുക്ക് പച്ചക്കറിയിൽ സ്വയംപര്യാപ്തത നേടാനാകുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ കേരകൃഷി കാരണവന്മാരെ മന്ത്രി ആദരിച്ചു.
കേരളത്തെ മുന്നോട്ടു കൊണ്ടുപോകാൻ കാർഷികമേഖലയ്ക്ക് സർക്കാർ കൂടുതൽ ഊന്നൽ നൽകുന്നുണ്ടെന്നും 882 കോടി രൂപയാണ് കാർഷിക മേഖലയ്ക്കായി ബജറ്റിൽ നീക്കിവച്ചിരിക്കുന്നതെന്നും ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ഡി.കെ.മുരളി എം.എല്‍.എ പറഞ്ഞു. നൂതനമായ കൃഷി രീതികൾ അവലംബിക്കുന്നതിനും ചെറുപ്പക്കാരെ കൃഷിയിലേക്ക് കൊണ്ടുവരുന്നതിനും നിരവധി പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷൈലജ, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, പ്രിൻസിപ്പൽ കൃഷി ഓഫീസർ കെ. എം രാജു, കൃഷി വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടർ, ഡെപ്യൂട്ടി ഡയറക്ടര്‍മാരായ ബൈജു സൈമൺ, സി.എല്‍.മിനി, അസിസ്റ്റന്റ് ഡയറക്ടര്‍ ജോമി ജേക്കബ്, ജനപ്രതിനിധികൾ, സാമൂഹ്യ സാംസ്‌കാരിക പ്രതിനിധികൾ, കർഷകർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുങ്ങിയവര്‍ പങ്കെടുത്തു.