ഇടുക്കി, കോട്ടയം ജില്ലകളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു
ഇടുക്കി, കോട്ടയം ജില്ലകളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ വിവിധ പ്രദേശങ്ങൾ പീരുമേട് എം.എൽ.എ വാഴൂർ സോമൻ, പൂഞ്ഞാർ എം.എൽ.എ സെബാസ്റ്റ്യൻ കുളത്തിങ്കൽ എന്നിവരോടൊപ്പം സന്ദർശിച്ചു. കൃഷി വകുപ്പ് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.
കൃഷിനാശത്തിൻ്റെ കൃത്യമായ കണക്കെടുപ്പ് നടത്തുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
നാശനഷ്ടങ്ങൾ ഉണ്ടായ കർഷകർ കൃഷിനാശമുണ്ടായി 10 ദിവസത്തിനകം തന്നെ AIMS പോർട്ടലിൽ ഓൺലൈനായോ, അക്ഷയകേന്ദ്രങ്ങൾ ,കൃഷിഭവനുകൾ എന്നിവ മുഖേനയോ നഷ്ടം രേഖപ്പെടുത്തുകയും നഷ്ടപരിഹാരത്തിന് അപേക്ഷിക്കുകയും ചെയ്യേണ്ടതാണ്. അതിന് സാധിക്കാതെ പോയ കർഷകർക്ക് ഓൺലൈൻ രജിസ്ട്രേഷന് വീണ്ടും അവസരം നൽകും. അങ്ങനെയുള്ളവരെ സഹായിക്കുന്നതിന് കൃഷി ഉദ്യോഗസ്ഥർക്ക് പ്രത്യേകം നിർദ്ദേശം നൽകിയിട്ടുണ്ട്. സന്നദ്ധ – യുവജന സംഘടനകൾ ഇതിനായി പ്രത്യേകം ക്യാമ്പയിനുകൾ നടത്തി കർഷകരെ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
സാധ്യമായ സ്ഥലങ്ങളിലെല്ലാം, മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും കൃഷി ഭൂമിക്കുണ്ടായ കേടുപാടുകൾ തീർത്ത് അവയെ പൂർവ നിലയിൽ ആക്കുന്നതിന് അനുയോജ്യമായ പദ്ധതികൾ ആവിഷ്കരിക്കും. മണ്ണു സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ഇതിനുവേണ്ട പ്രവർത്തനങ്ങൾ ആലോചിച്ചു തീരുമാനിക്കും. തൊഴിലുറപ്പ് പദ്ധതിയെ ഈ പ്രവർത്തനങ്ങളുടെ ഭാഗമാക്കുന്നതിനുള്ള സാധ്യത സർക്കാർതലത്തിൽ ആലോചിച്ച് തീരുമാനിക്കും.
കോട്ടയം ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളായ കൂട്ടിക്കൽ, കാവാലി, പ്ലാപ്പള്ളി, ഇടയാർ, ഇളംകാട് എന്നിവയും ഇടുക്കിജില്ലയിലെ അമലഗിരി, നിർമലഗിരി, നാരകം പുഴ, പൂപഞ്ചി, കൊടികുത്തി എന്നിവിടങ്ങൾ സന്ദർശിച്ചു.
പശ്ചിമഘട്ടത്തെ സംരക്ഷിക്കുന്നതിന് അലംഭാവം പാടില്ല എന്നാണ് ഓരോ ദുരിതങ്ങളും നമ്മളെ പഠിപ്പിക്കുന്നത്. പശ്ചിമഘട്ട സംരക്ഷണം എന്നത് കേവലം മലകളുടേയും നീർച്ചാലുകളുടേയും സംരക്ഷണം മാത്രമല്ല നമ്മുടെ ജീവന്റെ സംരക്ഷണം കൂടിയാണത്.അനുഭവങ്ങളിൽ നിന്നും പാഠം ഉൾകൊണ്ട് നമ്മുടെ ഭൂമിയേയും ജീവിതങ്ങളേയും സംരക്ഷിക്കുന്നതിന് നമുക്ക് ഒരുമിച്ച് നിൽക്കാം.