അർത്തുങ്കൽ മൽസ്യ ബന്ധന തുറമുഖ നിർമ്മാണം വേഗത്തിലാക്കും
മന്ത്രിമാരുടെ സാന്നിധ്യത്തിൽ അവലോകന യോഗം ചേർന്നു
ആലപ്പുഴ : അർത്തുങ്കൽ മൽസ്യ ബന്ധന തുറമുഖ നിർമ്മാണം വേഗത്തിലാക്കുവാൻ കൃഷി മന്ത്രി പി പ്രസാദ് , ഫിഷറീസ് മന്ത്രി സജി ചെറിയാൻ എന്നിവരുടെ സാന്നിധ്യത്തിൽ ഫിഷറീസ് മന്ത്രിയുടെ ചേമ്പറിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു .
ഹാർബറിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കായി 100 കോടി രൂപയുടെ എസ്റ്റിമേറ്റ് എഫ് ഐ ഡി എഫ് പദ്ധതിയിൽ പെടുത്തി സർക്കാർ അംഗീകാരത്തിനായി സമർപ്പിച്ചിരുന്നു . പുലിമുട്ടുകൾ , വാർഫ് , ആക്ഷൻ ഹാൾ , ഇന്റേണൽ റോഡ് , പാർക്കിങ് ഏരിയ , കാവേർഡ് ലോഡിങ് ഏരിയ , ഡ്രെയിനേജ് തുടങ്ങിയവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത് . പദ്ധതി രൂപരേഖ സെൻട്രൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് കോസ്റ്റൽ എൻജിനീയറിങ് ഫോർ ഫിഷറിക്ക് കൈമാറിയിട്ടുണ്ട് . ഷെഡ്യുൾ നിരക്കിലെ വ്യത്യാസം മൂലം എസ്റ്റിമേറ്റ് തുക 134.32 കോടി യായി വർധിപ്പിച്ചിട്ടുണ്ട് . എഫ് ഐ ഡി എഫിന്റെ അംഗീകാരം ലഭ്യമായാൽ രണ്ട് വർഷം കൊണ്ട് പണി പൂർത്തിയാക്കാൻ കഴിയും . ഇതുമായി ബന്ധപ്പെട്ട് അധികൃതർ തുറമുഖം സന്ദർശിക്കും .
യോഗത്തിൽ വി ജോയ് എം എൽ എ , ഹാർബർ എൻജിനീയറിങ് ചീഫ് എൻജിനീയർ ജോമോൻ കെ ജോർജ്ജ് , അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ബി എസ് മായ തുടങ്ങിയവർ പങ്കെടുത്തു .