The development site is preparing to become a paddy field

വികസനത്താവളം നെല്ലറയാകാൻ ഒരുങ്ങുന്നു

ഭൂമാഫിയയുടെ ചൂഷണങ്ങൾക്കും വികസനവാദികളുടെ പ്രലോഭനങ്ങളിലും വഴങ്ങാതെ ആറന്മുള സമരഭൂമി പൂർണമായും കേരളത്തിന്റെ മറ്റൊരു നെല്ലറയാകാൻ ഒരുങ്ങുന്നു. ഒക്ടോബർ 27 നകം പദ്ധതിപ്രദേശത്ത് നെൽക്കൃഷി പുനരാരംഭിക്കുമെന്ന് കൃഷിമന്ത്രി പി.പ്രസാദ് അറിയിച്ചു. ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുടെ യോഗത്തിലാണ് ഇതിനു തീരുമാനമെടുത്തത്.

നെൽകൃഷി പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കൃഷിമന്ത്രി , സ്ഥലം എംഎൽഎയും ആരോഗ്യവകുപ്പ് മന്ത്രിയുമായ വീണ ജോർജ്, വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി, ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ എന്നിവരുടെ ഒരു സംയുക്ത യോഗം കഴിഞ്ഞ ദിവസം നിയമസഭയിൽ ചേരുകയുണ്ടായി. സാങ്കേതികമായിട്ടുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് യോഗം തീരുമാനമെടുത്തു. ചാലുകൾ ആഴംകൂട്ടി ജലസേചനം സുഗമമാക്കുന്നതിനും ബണ്ടുകൾ ബലപ്പെടുത്തുന്നതിനും മന്ത്രി റോഷി അഗസ്റ്റിൻ ഉടൻതന്നെ നിർദ്ദേശം നൽകുകയുണ്ടായി.

പാടശേഖരങ്ങൾക്ക് ആവശ്യമായ വൈദ്യുതി സോളാർ പദ്ധതിയിലൂടെ ഉത്പാദിപ്പിക്കുന്നതിനും അധിക വൈദ്യുതി കെഎസ്ഇബി -ക്ക് നൽകിക്കൊണ്ട് പാടശേഖര കമ്മറ്റിക്ക് വരുമാനം ഉണ്ടാക്കുവാനും കഴിയുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി അഭിപ്രായപ്പെട്ടു. അടുത്ത ഒരു വർഷത്തിനകം ആറന്മുളയിലെ മുഴുവൻ തരിശുനിലങ്ങളും കൃഷിയോഗ്യമാക്കുന്നതിനായി രൂപരേഖ തയ്യാറാക്കാൻ പ്രിൻസിപ്പൽ കൃഷി ഓഫീസർ കൺവീനറായും കൃഷി വകുപ്പ്, വൈദ്യുതി വകുപ്പ്, ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ അംഗങ്ങളായും ഒരു കമ്മിറ്റി രൂപീകരിക്കുന്നതിനും പഠന റിപ്പോർട്ട് 10 ദിവസത്തിനകം സമർപ്പിക്കുന്നതിനും കൃഷി മന്ത്രി ഉത്തരവിട്ടു.

ആറന്മുള വിമാനത്താവളത്തിനായി ഏറ്റെടുത്തിരുന്ന സ്ഥലത്ത് ഭാഗികമായി അഞ്ച് വർഷം മുൻപ് നെൽകൃഷി പുനരാരംഭിച്ചി രുന്നെങ്കിലും സാങ്കേതിക തടസ്സങ്ങൾ കാരണം പൂർണ്ണമായും സ്ഥലം കൃഷിയോഗ്യമാക്കാൻ കഴിഞ്ഞിരുന്നില്ല. പമ്പയുടെ സാംസ്കാരിക മടിത്തട്ട് ആയ ആറന്മുള വലിയ പാരമ്പര്യത്തിന്റെയും വിശ്വാസത്തിന്റെയും കൂടി ഇടമാണ്. പമ്പ ഇരുകരകളും കവിയുമ്പോൾ അധികജലം വലിച്ചെടുത്ത് അങ്ങ് കുട്ടനാടിനെ കാത്തതും ഒരുകാലത്ത് ഈ പാടശേഖരത്തിലെ കരുതൽ ആയിരുന്നു. എന്നാൽ മൂന്ന് പതിറ്റാണ്ട് മുമ്പ് വികസനത്തിന് പേരിൽ ചിലർ മുറവിളി കൂട്ടിയപ്പോൾ അതെല്ലാം ഓർമ്മകളാകുമെന്ന നിലയിലായി. എന്നാൽ നാട് ഒറ്റക്കെട്ടായി നിന്ന് ഇതിനെ പ്രതിരോധിക്കുകയും നീണ്ട സമരങ്ങൾക്കൊടുവിൽ ജനതയുടെ മണ്ണ്, മണ്ണായി തന്നെ തിരികെ ലഭിച്ചിരിക്കുകയുമാണ്. ഇനി ഒരേ മനസ്സോടെ വിത്ത് വിതയ്ക്കുന്നതിനായി കാത്തിരിക്കുകയാണ് ആറൻമുളയിലെ ജനത.