വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 4500 പച്ചക്കറി പോഷകത്തോട്ടങ്ങൾ: സംസ്ഥാന ഹോർട്ടികൾച്ചർ മിഷന്റെ കാമ്പയിൻ
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പച്ചക്കറി പോഷകത്തോട്ടങ്ങൾ സ്ഥാപിക്കുന്നതിനായി സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ പ്രത്യേക കാമ്പയിൻ ആരംഭിക്കുന്നു. സംസ്ഥാനത്തുടനീളം 14 ജില്ലകളിലായി 4500 പച്ചക്കറി പോഷകത്തോട്ട യൂണിറ്റുകൾ സ്ഥാപിക്കാനാണ് പദ്ധതിയുടെ ലക്ഷ്യം. ഓരോ ജില്ലയിലും കുറഞ്ഞത് 300 യൂണിറ്റുകൾ വീതം നടപ്പിലാക്കും.
വിദ്യാർത്ഥികളിൽ കൃഷിയോടുള്ള താൽപര്യം വളർത്തുന്നതിനും ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമൊപ്പം, കാമ്പസുകളിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗം ഉൾപ്പെടെയുള്ള അനാരോഗ്യ പ്രവണതകളിൽ നിന്ന് കുട്ടികളെ മാറ്റിനിർത്തുന്നതിനുള്ള സാമൂഹിക ഇടപെടലായുമാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രകൃതിയോടും കൃഷിയോടും കുട്ടികൾക്ക് കൂടുതൽ അടുപ്പം സൃഷ്ടിക്കുന്ന രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന പദ്ധതിയിലൂടെ അവർക്കിടയിൽ ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ വളർത്തുന്നതിനും സഹായകമാകുമെന്നാണ് വിലയിരുത്തൽ. സംസ്ഥാന കൃഷിവകുപ്പിന്റെ “പോഷക സമൃദ്ധി മിഷൻ” പദ്ധതിയുടെ ഭാഗമായി, ഹോർട്ടികൾച്ചർ മിഷൻ നടപ്പിലാക്കുന്ന “രാഷ്ട്രീയ കൃഷിവികാസ് യോജന – പച്ചക്കറി പോഷകത്തോട്ട പദ്ധതി”യിൽ ഉൾപ്പെടുത്തിയാണ് കാമ്പയിൻ നടപ്പാക്കുന്നത്. ഗ്രീൻ കേഡറ്റ് കോർപ്പ്സ് ഉൾപ്പെടെയുള്ള വിദ്യാർത്ഥി ക്ലബ്ബുകളുടെ നേതൃത്വത്തിൽ സന്നദ്ധ വിദ്യാർത്ഥി പങ്കാളിത്തത്തോടെയാകും പദ്ധതി നടപ്പാക്കുക.
കുറഞ്ഞത് 10 സെന്റ് കൃഷിയിടമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തുക. ഒരു സ്ഥാപനത്തിന് പരമാവധി 5 യൂണിറ്റുകൾ വരെ (50 സെന്റ്) അനുവദിക്കും. മാവ്, ചാമ്പ, പപ്പായ, പേര, നെല്ലി, സപ്പോട്ട, റംബൂട്ടാൻ, പാഷൻ ഫ്രൂട്ട്, നാരകം, വെസ്റ്റ് ഇൻഡ്യൻ ചെറി, ഇഞ്ചി തുടങ്ങിയ വിളകൾ പോഷകത്തോട്ടങ്ങളിൽ ഉൾപ്പെടുത്തും. ആവശ്യമായ വിത്തുകളും തൈകളും സൗജന്യമായി വിതരണം ചെയ്യും. വിദ്യാർത്ഥികൾക്കൊപ്പം പദ്ധതിക്ക് നേതൃത്വം നൽകാൻ കർമനിരതരായ അധ്യാപകരുടേയും മാനേജ്മെന്റ് പ്രതിനിധികളുടേ സേവനവും ഉപയോഗപ്പെടുത്തും.
പദ്ധതി നടപ്പാക്കുന്നതിനുള്ള ചെലവ് സംസ്ഥാന ഹോർട്ടികൾച്ചർ മിഷന്റെയും കൃഷിവകുപ്പിന്റെയും അനുബന്ധ പദ്ധതികളുടെയും സഹായത്തോടെ സംയോജിപ്പിച്ചാണ് നിർവഹിക്കുന്നത്. 2026 ഫെബ്രുവരി മുതലാണ് കാമ്പയിൻ ആരംഭിക്കാൻ ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ ഡയറക്ടർ അറിയിച്ചു. പദ്ധതി നടപ്പിലാക്കാൻ താല്പര്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി 30 ആണ്. കൂടുതൽ വിവരങ്ങൾക്ക് അതാത് ജില്ലയിലെ ഹോർട്ടികൾച്ചർ മിഷൻ ഓഫീസുമായോ സമീപത്തെ കൃഷി ഭവനുമായോ ബന്ധപ്പെടാവുന്നതാണ്.