Unified digital portal launched; projects worth Rs 100 crore available Micro-irrigation project will be made available to farmers smoothly

ഏകീകൃത ഡിജിറ്റൽ പോർട്ടൽ നിലവിൽ വന്നു; ലഭ്യമാകുന്നത് 100 കോടിയുടെ പദ്ധതികൾ
സൂഷ്മജലസേചന പദ്ധതി സുഗമമായി കർഷകർക്ക് ലഭ്യമാക്കും

സംസ്ഥാനത്തെ കർഷകർക്ക് അവരുടെ കൃഷിയിടങ്ങളിൽ മൈക്രോ ഇറിഗേഷൻ (സൂക്ഷ്മ ജലസേചനം) സംവിധാനം സ്ഥാപിക്കുന്നതിനുള്ള സാമ്പത്തിക സഹായത്തിന് ഓൺലൈൻ സംവിധാനം ഒരുക്കിയെന്നും കർഷകർക്ക് ഇനി വളരെ സുഗമമായി പദ്ധതിയുടെ ഭാഗമാകാൻ കഴിയുമെന്നും കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. കേന്ദ്ര–സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന ‘പെർ ഡ്രോപ്പ് മോർ ക്രോപ്പ്’ (PDMC) പദ്ധതിക്കായുള്ള പുതിയ വെബ് പോർട്ടലിന്റെ ഔദ്യോഗിക ഉദ്ഘാടനം ഗവൺമെന്റ് സെക്രട്ടേറിയറ്റ്, അനക്സ്സ് – II, നവ കൈരളി ഹാളിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കാലാവസ്ഥാ വ്യതിയാനവും ജലക്ഷാമവും രൂക്ഷമാകുന്ന സാഹചര്യത്തിൽ, പരമ്പരാഗത ജലസേചന രീതികൾക്ക് പകരമായി ജലം ലാഭകരവും കാര്യക്ഷമവുമായി ഉപയോഗിക്കാൻ കർഷകരെ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം മന്ത്രി പറഞ്ഞു. ഡ്രിപ്പ്, സ്പ്രിംഗ്ളർ തുടങ്ങിയ സംവിധാനങ്ങൾ വഴി 40-50% വെള്ളം ലാഭിക്കുന്നതിനോടൊപ്പം വിളവും, ഉൽപ്പന്നങ്ങളുടെ ഗുണമേന്മയും വർധിപ്പിക്കുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. സൂഷ്മ ജലസേചന പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം സ്മാർട്ട് കൃഷി രീതികൾ കൂടി നടപ്പിലാക്കുന്ന തരത്തിൽ പദ്ധതി കൂടുതൽ ഫലപ്രദമായി സംസ്ഥാനത്ത് നടപ്പിലാക്കാൻ കഴിയണം മന്ത്രി പറഞ്ഞു. ചടങ്ങിൽ പി.ഡി.എം.സി. പദ്ധതിയിലെ അപേക്ഷകനായ റോബിൻസൺ എന്ന മുതിർന്ന കർഷകന് മന്ത്രി ഓൺലൈൻ പോർട്ടൽ മുഖേനയുള്ള ആദ്യത്തെ സാക്ഷ്യപത്രം കൈമാറി. കർഷകർക്ക് സ്വന്തമായോ, അക്ഷയ കേന്ദ്രങ്ങൾ വഴിയോ https://pdmc.da.gov.in/KeralaMIS എന്ന വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്. നിലവിൽ അപേക്ഷ പരിഗണിക്കപ്പെടുന്നതിൽ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കുന്ന തരത്തിലാണ് പോർട്ടൽ സജ്ജീകരിച്ചിരിക്കുന്നത്. അപേക്ഷയ്ക്കായി ആധാർ കാർഡ്, ഭൂഉടമസ്ഥത തെളിയിക്കുന്ന രേഖകൾ, ബാങ്ക് വിവരങ്ങൾ എന്നിവയാണ് ആവശ്യമായ രേഖകൾ. ഈ വർഷം ഓൺലൈനിനൊപ്പം കൃഷി എഞ്ചിനീയറുടെ കാര്യാലയത്തിൽ ലഭ്യമാക്കിയിട്ടുള്ള നിശ്ചിത ഫോർമാറ്റിൽ ഓഫ്‌ലൈൻ അപേക്ഷകളും സ്വീകരിക്കുന്നതാണ്.  

പദ്ധതിയുടെ പ്രധാന സവിശേഷതകളും ആനുകൂല്യങ്ങളും

• സബ്സിഡി നിരക്ക്: ചെറുകിട, നാമമാത്ര കർഷകർക്ക് ചെലവിന്റെ 55 ശതമാനം, മറ്റ് കർഷകർക്ക് 45 ശതമാനം സബ്സിഡി ലഭിക്കും. FRA പട്ടികയിൽ ഉൾപ്പെട്ട കർഷകർക്ക് 90 ശതമാനം വരെ ആനുകൂല്യം ലഭ്യമാണ്.
• അധിക ആനുകൂല്യങ്ങൾ: തെങ്ങ് കൃഷി ചെയ്യുന്ന കർഷകർക്ക് 30 ശതമാനം അധിക സബ്സിഡി ലഭിക്കും. കൂടാതെ ബോർവെൽ, പമ്പ് സെറ്റ്, മഴവെള്ള സംഭരണി തുടങ്ങിയ ഘടകങ്ങൾക്കും സഹായം അനുവദിക്കും.
• ഡിജിറ്റൽ സുതാര്യത: അപേക്ഷ സമർപ്പിക്കുന്നതു മുതൽ സബ്സിഡി തുക ആധാർ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടിൽ എത്തുന്നതുവരെ ഉള്ള എല്ലാ ഘട്ടങ്ങളുടെയും വിവരങ്ങൾ പോർട്ടൽ മുഖേന തത്സമയം അറിയാൻ കഴിയും.
പദ്ധതി സംബന്ധിച്ച വിശദവിവരങ്ങൾക്കായി 1800-425-2512 എന്ന ടോൾ ഫ്രീ നമ്പറിൽ കർഷകർക്ക് ബന്ധപ്പെടാവുന്നതാണ്