The monthly income of one lakh farmers should reach one lakh rupees.

കോട്ടാങ്ങൽ സ്മാർട്ട്‌ കൃഷി ഭവൻ ഉദ്ഘാടനം നിർവഹിച്ചു

ഒരു ലക്ഷം കർഷകരുടെ പ്രതിമാസ വരുമാനം ഒരു ലക്ഷം രൂപയിലെത്തണം

സംസ്ഥാനത്തെ ഒരു ലക്ഷം കർഷകരുടെയെങ്കിലും പ്രതിമാസ വരുമാനം 2031 ഓടെ ഒരു ലക്ഷം രൂപയിലെത്തിക്കുന്നത് ഉറപ്പുവരുത്തുന്ന പദ്ധതികൾ ആസൂത്രണം ചെയ്യുമെന്ന് കൃഷി മന്ത്രി പി. പ്രസാദ്. കോട്ടാങ്ങൽ സ്മാർട്ട്‌ കൃഷി ഭവൻ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഉത്പാദനവും ഉത്പാദനക്ഷമതയും വർധിപ്പിക്കുന്നതിനോടൊപ്പം മികച്ച വിപണികൾ കണ്ടെത്താനും നമുക്ക് കഴിയണം മന്ത്രി പറഞ്ഞു.
കൃഷിഭവൻ സ്മാർട്ട് ആകുന്നത് കേവലം നല്ല കെട്ടിടം ഉണ്ടായതുകൊണ്ടോ അടിസ്ഥാന സൗകര്യങ്ങൾ വികസിച്ചത് കൊണ്ടോ അല്ല എന്നും കൃഷിഭവൻ എന്ന ആശയം അക്ഷരാർത്ഥത്തിൽ യാഥാർത്ഥ്യമാകുന്നത് കർഷകർക്ക് നൽകുന്ന സേവനങ്ങൾ സ്മാർട്ട് ആകുമ്പോഴാണെന്നും കൃഷി കൂട്ടിച്ചേർത്തു. കേവലം മീറ്റിങ്ങുകളിൽ പങ്കെടുക്കലുകളും റിപ്പോർട്ടുകൾ സമർപ്പിക്കലും ആയി കൃഷി ഉദ്യോഗസ്ഥരുടെ സേവനം പരിമിതപ്പെടാൻ പാടില്ല. സ്മാർട്ടായി ഓഫീസ് കാര്യങ്ങൾ പൂർത്തിയാക്കി കൂടുതൽ സമയം കൃഷിയിടങ്ങളിൽ ചെലവഴിക്കാൻ കൃഷി ഉദ്യോഗസ്ഥർക്ക് കഴിയണം. ഒരു കൃഷിഭവൻ ഒരു ഉൽപ്പന്നം എന്ന ആശയത്തിലൂടെ കേരളത്തിൽ ഏതാണ്ട് 4000 ത്തോളം ഉത്പന്നങ്ങൾ ഇതിനോടകം മൂല്യവർദ്ധിത മേഖലയിൽ എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. കേരള ഗ്രോ എന്ന ബ്രാൻഡും കൃഷിവകുപ്പ് കർഷകർക്കായി രൂപീകരിക്കുകയും കേരളത്തിൽ ഇതിനോടകം 15 കേരള ഗ്രോ ബ്രാൻഡ് ഷോപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. ഈ സംവിധാനങ്ങളുടെ സാധ്യതകൾ കർഷകർ പരമാവധി ഉപയോഗപെടുത്തണം മന്ത്രി കൂട്ടിച്ചേർത്തു. ആരോഗ്യ സംരക്ഷണത്തിന് ഉത്തമ ശീലമാണ് കൃഷി എന്ന് അഭിപ്രായപ്പെട്ട മന്ത്രി കോട്ടാങ്ങലിന്റ പരിസ്ഥിതിക സവിശേഷതകളെ അടിസ്ഥാനമാക്കി ഒരു വിള ഉത്പാദന പ്ലാൻ തയ്യാറാക്കുന്നതിന് കൃഷി ഉദ്യോഗസ്ഥരോടും ജനപ്രതിനിധികളോടും കർഷകരോടും ആഹ്വാനം ചെയ്തു. കാർഷിക അടിസ്ഥാന സൗകര്യ വികസന ഫണ്ട്‌ മുഖേന ലഭ്യമാകുന്ന പദ്ധതികളും ഉപയോഗപ്പെടുത്താൻ കർഷകർക്ക് കഴിയണം. കൃഷിയിട ആസൂത്രണത്തിലൂടെ മികച്ച വരുമാനം ലഭ്യമാകാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 10 വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ കാർഷിക പുരോഗതി കൈവരിച്ച വർഷം 2023-24 ആണെന്ന് സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പിന്റെ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കേരളത്തിന്റെ കാർഷിക വളർച്ച 4.65% ആയി ഉയർത്താനും ഈ കാലഘട്ടത്തിൽ കഴിഞ്ഞു. ഞങ്ങളെയും കൃഷിയിലേക്ക് എന്ന ബൃഹത് പദ്ധതിയിൽ ജനകീയ പങ്കാളിത്തം ഉറപ്പായതോടെ 23500 ലധികം കൃഷിക്കൂട്ടങ്ങൾ രൂപീകരിച്ചു. കൃഷിക്കൂട്ടങ്ങളിലൂടെ കാർഷിക ഉത്പന്നങ്ങൾ മൂല്യവർദ്ധനവ് നടത്തി വിപണിയിൽ എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കാർഷിക അടിസ്ഥാന സൗകര്യ വികസന ഫണ്ടിന്റെ സാധ്യതകളും കർഷകർ പ്രയോജനപ്പെടുത്തണം മന്ത്രി പറഞ്ഞു. വിദേശ വിപണികളിൽ ഉൽപ്പനങ്ങൾ ഗുണമേന്മ ചോരാതെ എത്തിക്കാൻ കോൾഡ് ചെയിൻ സംവിധാനം പോലുള്ള സൗകര്യം ഉറപ്പാക്കണം മന്ത്രി കൂട്ടിച്ചേർത്തു.